/indian-express-malayalam/media/media_files/uploads/2019/11/rafale-supreme-court.jpg)
ന്യൂഡല്‍ഹി: റഫാൽ ഇടപാടിൽ കേന്ദ്രസർക്കാരിന് ആശ്വാസം. റഫാൽ യുദ്ധവിമാന ഇടപാടിൽ അഴിമതി ആരോപിച്ച ഹർജികൾ തള്ളിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹർജികൾ സുപ്രീം കോടതി തളളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ എസ്.കെ.കൗൾ, കെ.എം.ജോസഫ് എന്നിവരായിരുന്നു ബഞ്ചിലെ മറ്റംഗങ്ങൾ.
കഴിഞ്ഞ ഡിസംബർ 14 നാണ് കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള സുപ്രീം കോടതി വിധി പുറത്തുവന്നത്. ഇടപാടിലും കരാറിലും സംശയമില്ലെന്ന് പറഞ്ഞ കോടതി റഫാൽ കേസ് പുനരന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് വിധിക്കുകയായിരുന്നു. റഫാൽ ജെറ്റിന്റെ ഗുണനിലവാരത്തിലും സംശയമില്ല. യുദ്ധവിമാനങ്ങൾ ആവശ്യമെന്ന കാര്യത്തിൽ സംശയമില്ലെന്നും സർക്കാർ നടപടികളിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി. വിലയെക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
തുടർന്നു കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൺ ഉൾപ്പടെയുള്ള ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഈ ഹർജികളിലാണ് സുപ്രീം കോടതി ഇന്നു വിധി പറഞ്ഞത്.
Read Also: റഫാൽ അഴിമതിയുടെ തുടക്കവും ഒടുക്കവും മോദി തന്നെ: രാഹുൽ ഗാന്ധി
ഇന്ത്യയും ഫ്രാൻസും തമ്മിൽ 2016 സെപ്റ്റംബറിലാണ് റഫാൽ യുദ്ധവിമാനക്കരാറിൽ ഒപ്പുവയ്ക്കുന്നത്. ഏകദേശം 59,000 കോടി രൂപയുടെ കരാർ വഴി 36 റഫാൽ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുക. ആധുനിക സാങ്കേതികവിദ്യയുപയോഗിച്ചു നിർമിച്ച റഫാൽ വിമാനങ്ങൾക്ക് അത്യാധുനിക മിസൈലുകൾ വഹിക്കാനാവും. വില കുറവിലൂടെ യുദ്ധവിമാനങ്ങൾ വാങ്ങാൻ കഴിഞ്ഞതിനാൽ കരാർ വിജയകരമെന്നാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം. എന്നാൽ ഇന്ത്യയെക്കാൾ കുറഞ്ഞ വിലയ്ക്ക് ഖത്തറിന് വിമാനങ്ങൾ ലഭ്യമായതോടെയാണ് കരാർ വിവാദമായത്.
2012 ൽ മൻമോഹൻ സിങ്ങിന്റെ ഭരണകാലത്ത് 126 യുദ്ധവിമാനങ്ങൾ ഫ്രാൻസിൽനിന്നും വാങ്ങാൻ തീരുമാനിച്ചിരുന്നു. ഇതിൽ മാറ്റം വരുത്തിയാണ് മോദി സർക്കാർ വൻ തുകയ്ക്ക് 36 വിമാനങ്ങൾ വാങ്ങൻ കരാർ ഒപ്പിട്ടത്. 2015 ഏപ്രിലില്‍ നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനവേളയിലാണ് വിമാനങ്ങള്‍ വാങ്ങാന്‍ ധാരണയായത്. കരാറിലൂടെ 12,000 കോ​ടി​യു​ടെ ന​ഷ്ടം രാ​ജ്യ​ത്തി​നു​ണ്ടാ​യെന്നാണ് കോൺഗ്രസ് ആരോപണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.