/indian-express-malayalam/media/media_files/uploads/2022/07/Ranil-Wickremesinghe.jpg)
Sri Lanka Crisis: കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജനകീയ പ്രക്ഷോഭങ്ങൾ തുടരുന്ന ശ്രീലങ്കയിൽ ആക്ടിങ് പ്രസിഡന്റ് റനിൽ വിക്രമസിംഗെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഞായറാഴ്ച രാത്രി വൈകിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നിലവിലെ സാമൂഹിക അശാന്തിയും സാമ്പത്തിക പ്രതിസന്ധിയും മറികടക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും സാമൂഹിക സുരക്ഷയും പൊതുക്രമവും നിലനിർത്തുന്നതിനും അവശ്യ വസ്തുക്കൾ ജനങ്ങൾക്ക് എത്തിക്കുന്നതിനും ഇപ്പോൾ ഇത് അത്യാവശ്യമാണെന്ന് വിജ്ഞാപനത്തിൽ പ്രസിഡന്റ് പറഞ്ഞു.
ജനകീയ പ്രക്ഷോഭം ശക്തമായതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച രാജ്യം വിട്ട മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സ സാമ്പത്തിക പ്രതിസന്ധി തടയാൻ തനിക്ക് സാധ്യമായ എല്ലാം ചെയ്തതായി പറഞ്ഞിരുന്നു.
വെള്ളിയാഴ്ചയാണ് ഗോട്ടബയയുടെ രാജി പാർലമെന്റ് അംഗീകരിച്ചത്. ലക്ഷക്കണക്കിന് വരുന്ന പ്രക്ഷോഭകർ കൊളംബോ തെരുവിലിറങ്ങി പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും ഓഫീസുകളും പിടിച്ചടക്കിയതിന് പിന്നാലെയാണ് അദ്ദേഹം മാലദ്വീപിലേക്കും പിന്നീട് സിംഗപ്പൂരിലേക്കും കടന്നത്.
പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുന്നതിനായി ശ്രീലങ്കൻ പാർലമെന്റ് ശനിയാഴ്ച യോഗം ചേർന്നിരുന്നു. അതിനിടെ പ്രതിസന്ധിയിലായ രാജ്യത്തിന് അൽപം ആശ്വാസമായി ഇന്ധനവും എത്തി.
രാജപക്‌സയുടെ സഖ്യകക്ഷിയായ വിക്രമസിംഗെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരാർഥികളിൽ പ്രധാനിയാണ്. എന്നാൽ പ്രതിഷേധക്കാർ ഇദ്ദേഹം വരുന്നതിന് എതിരാണ്. അതുകൊണ്ട് തന്നെ, വിക്രമസിംഗെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ വീണ്ടും പ്രക്ഷോഭം ശക്തമാകാൻ സാധ്യതയുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.