/indian-express-malayalam/media/media_files/uploads/2022/10/supreme-court-3-1-1-2.jpeg)
സുപ്രീം കോടതി
ന്യൂഡല്‍ഹി: ഔദ്യോഗിക യോഗത്തിന് പകരം രേഖാമൂലമുള്ള കുറിപ്പിലൂടെ നാല് പുതിയ ജഡ്ജിമാരെ സുപ്രീം കോടതിയിലേക്ക് ശുപാർശ ചെയ്യാനുള്ള നിര്‍ദേശത്തെ അഞ്ചംഗ കൊളീജിയത്തിൽ രണ്ട് പേർ എതിർത്തതായി റിപ്പോര്‍ട്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു യു ലളിത് വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണിത്. നിലപാട് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് വീണ്ടും കത്തയച്ചതായാണ് വിവരം.
എന്നിരുന്നാലും നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് പകരം കത്തിലൂടെ കൊളീജിയം മീറ്റിങ് നടത്തുന്ന നടപടി കേട്ടുകേള്‍വിയില്ലാത്തതാണെന്നും അതില്‍ കക്ഷിയാകാന്‍ കഴിയില്ലെന്നുമുള്ള തീരുമാനത്തില്‍ രണ്ട് ജഡ്ജിമാരും ഉറച്ചു നില്‍ക്കുകയാണ്. ഇതിന് പിന്നിലെ കാരണങ്ങള്‍ വിശദീകരിച്ച് രണ്ട് ജഡ്ജിമാരും ചീഫ് ജസ്റ്റിസിന് ഒക്ടോബര്‍ ഒന്നിന് പ്രത്യേക കത്ത് നല്‍കിയതായും ഉന്നത വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ സാധിച്ചിട്ടുണ്ട്.
കൊളീജിയത്തിന്റെ തലവനായ ചീഫ് ജസ്റ്റിസ്, പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് രവി ശങ്കർ ഝാ, പാട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാർ, മുതിർന്ന അഭിഭാഷകൻ കെ വി വിശ്വനാഥൻ എന്നിവരുടെ സ്ഥാനക്കയറ്റത്തിന് സമ്മതം തേടി ഒക്‌ടോബർ ഒന്നിന് മറ്റ് നാല് അംഗങ്ങളായ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എസ് കെ കൗൾ, എസ് അബ്ദുൾ നസീർ, കെ എം ജോസഫ് എന്നിവർക്ക് കത്തെഴുതിയിരുന്നു.
സെപ്തംബര്‍ 30-ന് നിശ്ചയിച്ചിരുന്ന കൊളീജിയം മീറ്റിങ് നടക്കാതിരുന്നതിനാലാണ് ചീഫ് ജസ്റ്റിസ് കത്തയച്ചത്.
നവംബര്‍ എട്ടിനാണ് ചീഫ് ജസ്റ്റിസ് വിരമിക്കുന്നത്. തുടര്‍ന്ന് വരുന്ന രീതിയനുസരിച്ച് വിരമിക്കുന്നതിന് ഒരു മാസം മുന്‍പ് പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യുന്നതിനായി സര്‍ക്കാര്‍ ചീഫ് ജസ്റ്റിസിന് കത്തയക്കും. ഇത് പരിഗണിക്കുമ്പോള്‍ ചീഫ് ജസ്റ്റിസിന്റെ മുന്‍പിലിനി കുറച്ച് സമയം മാത്രമാണ് ബാക്കിയുള്ളത്.
ഒരു പുതിയ പേര് ശുപാർശ ചെയ്തുകഴിഞ്ഞാൽ, നിലവിലുള്ള ചീഫ് ജസ്റ്റിസ് സാധാരണയായി ജഡ്ജിമാരുടെ നിയമനത്തിൽ തീരുമാനമെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും അത് പുതിയ ചീഫ് ജസ്റ്റിസിന് വിടുകയും ചെയ്യും.
ചീഫ് ജസ്റ്റിസ് ഒക്ടോബര്‍ ഒന്നിനയച്ച കത്തില്‍ ഒരു കോളീജിയം അഗം എതിര്‍പ്പുന്നയിച്ചില്ല. എന്നാല്‍ രണ്ട് പേര്‍ പ്രക്രിയയില്‍ പിഴവുള്ളതായി ചൂണ്ടിക്കാണിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.