scorecardresearch
Latest News

ഉത്തരാഖണ്ഡില്‍ ഹിമപാതം: പത്ത് പേര്‍ മരിച്ചു,എട്ട് പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഉത്തരാഖണ്ഡിലെ ഗര്‍വാള്‍ ഹിമാലയത്തിലെ ഗംഗോത്രി ശ്രേണിയിലാണ് ഈ കൊടുമുടി സ്ഥിതി ചെയ്യുന്നത്.

Uttarakhand

ന്യൂഡല്‍ഹി:ഉത്തരാഖണ്ഡിലെ ദ്രൗപതി ദണ്ഡ-2 കൊടുമുടിയില്‍ ഹിമപാതത്തെ തുടര്‍ന്ന് പത്ത് പര്‍വതാരോഹകര്‍ മരിച്ചു. ഹിമപാതത്തില്‍ 29 പേരാണ് കുടുങ്ങിയത്, അതില്‍ എട്ട് പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ഉത്തരകാശിയിലെ നെഹ്റു മൗണ്ടനിയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലക സംഘമാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം അപകടത്തില്‍പ്പെട്ട എട്ട് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി എഎന്‍ഐ ഉദ്ധരിച്ച് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ പറഞ്ഞു. തെരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി ഐഎഎഫ് ഹെലികോപ്റ്ററുകള്‍ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തരാഖണ്ഡിലെ ഗര്‍വാള്‍ ഹിമാലയത്തിലെ ഗംഗോത്രി ശ്രേണിയിലാണ് ഈ കൊടുമുടി സ്ഥിതി ചെയ്യുന്നത്. ഹിമപാതത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ എന്‍ഐഎമ്മിന്റെ ടീമിനൊപ്പം ജില്ലാ ഭരണകൂടം, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, ആര്‍മി, ഐടിബിപി ഉദ്യോഗസ്ഥര്‍ എന്നീ സംഘങ്ങള്‍ ദ്രുതഗതിയിലുള്ള ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ട്വീറ്റ് ചെയ്തു.

സംഭവത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ദുഖം രേഖപ്പെടുത്തി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി സംസാരിച്ച രാജ്നാഥ് സിങ് സ്ഥിതിഗതികള്‍ വിലയിരുത്തി. ”രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ഐഎഎഫിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു, ”അദ്ദേഹം ട്വീറ്റ് ചെയ്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Uttarakhand avalanch danda draupadi peak rescue operations