/indian-express-malayalam/media/media_files/uploads/2021/02/sonia-modi-fb.jpg)
കഴിഞ്ഞ 12 ദിവസമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. “ജനങ്ങളെ കൊള്ളയടിക്കുന്നതിൽ കുറഞ്ഞതൊന്നുമല്ല” പെട്രോൾ ഡീസൽ വിലവർദ്ധനവിലൂടെ നടക്കുന്നതെന്ന് അവർ പറഞ്ഞു. ജനങ്ങളുടെ ദുരിതത്തിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും സർക്കാർ ലാഭമുണ്ടാക്കുകയാണെന്നും സോണിയ ഗാന്ധിയുടെ കത്തിൽ പറയുന്നു.
“വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്ധന, ഗ്യാസ് വിലകളെക്കുറിച്ച് ഓരോ പൗരന്റെയും ദുഃഖവും ദുരിതവും” അറിയിക്കുന്നുവെന്ന് സോണിയാ ഗാന്ധിയുടെ കത്തിൽ പറയുന്നു.
“ഒരു വശത്ത്, ജോലി, വേതനം, ഗാർഹിക വരുമാനം എന്നിവ ആസൂത്രിതമായി ഇല്ലാതാകുന്നതിന് ഇന്ത്യ സാക്ഷ്യം വഹിക്കുന്നു. മധ്യവർഗവും നമ്മുടെ സമൂഹത്തിലെ പാർശ്വവൽകൃതരും സമരം ചെയ്യുന്നു. പണപ്പെരുപ്പവും മിക്കവാറും എല്ലാ അവശ്യവസ്തുക്കളുടെയും വിലയിലുണ്ടായ അഭൂതപൂർവമായ വർധനവുമാണ് ഈ വെല്ലുവിളികൾ വർദ്ധിപ്പിച്ചത്. ദുഃഖകരമെന്നു പറയട്ടെ, ഈ ദുരിതകരമായ സമയങ്ങളിൽ, ജനങ്ങളുടെ ദുരിതങ്ങളിൽനിന്നും കഷ്ടപ്പാടുകളിൽ നിന്നും ലാഭമുണ്ടാക്കുക എന്നതാണ് സർക്കാർ തിരഞ്ഞെടുത്തത്,” കത്തിൽ പറയുന്നു.
Read More: പല നഗരങ്ങളിലും പെട്രോൾ വില നൂറ് കടന്നു; കേരളത്തിലും പൊള്ളുന്നു
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില മിതമായി തുടരുമ്പോഴും ഇന്ധനവില കുതിച്ചുയരുന്നത് ആശ്ചര്യകരമാണെന്ന് സോണിയ ഗാന്ധി പറഞ്ഞു.
"അന്താരാഷ്ട്ര തലത്തിൽ അസംസ്കൃത എണ്ണയുടെ വില മിതമായി തുടരുമ്പോഴും ഇവിട വില വർദ്ധിച്ചിട്ടുണ്ടെന്നതാണ് മിക്ക പൗരന്മാരെയും അസ്വസ്ഥമാക്കുന്നത്. ചുരുക്കത്തിൽ, ക്രൂഡ് ഓയിൽ വില യുപിഎ ഭരണകാലത്തേതിന്റെ പകുതിയോളമാണ് ഇപ്പോൾ. അതിനാൽ, നിങ്ങളുടെ ഗവൺമെന്റിന്റെ ചെയ്യുന്നത് വില വർധിപ്പിക്കലാണ് (ഫെബ്രുവരി 20 വരെ തുടർച്ചയായി 12 ദിവസത്തേക്ക്). ഇത് ലാഭമുണ്ടാക്കുന്നതിനുള്ള ഒരു ലജ്ജാകരമായ പ്രവൃത്തിക്ക് സമാനമാണ്,” അവർ പറഞ്ഞു.
ജനങ്ങളുടെ ചെലവിൽ “ചിന്താശൂന്യവും വിവേകശൂന്യവുമായ നടപടികളെ” സർക്കാർ ന്യായീകരിക്കുന്നുവെന്ന് ആരോപിച്ച അവർ “നിങ്ങളുടെ സർക്കാർ കഴിഞ്ഞ ആറര വർഷത്തിനിടെ ഡീസലിനുള്ള എക്സൈസ് തീരുവ 820 ശതമാനവും പെട്രോളിന് 258 ശതമാനവും വർദ്ധിപ്പിക്കുകയും 21 ലക്ഷം കോടി രൂപ സമാഹരിക്കുകയും ചെയ്തു,” എന്നും പറഞ്ഞു.
Read More: കർഷക സമരം: പഞ്ചാബിലും ഹരിയാനയിലും ജിയോ ഉപഭോക്താക്കളുടെ എണ്ണം കുത്തനെ കുറഞ്ഞു
കഴിഞ്ഞ വർഷം ആഗോള ക്രൂഡ് ഓയിൽ വില ബാരലിന് 20 ഡോളറായി ഇടിഞ്ഞപ്പോഴും ഇന്ധന വില കുറയ്ക്കാൻ വിസമ്മതിച്ചത് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ക്രൂരതയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു.
"ക്രൂഡ് ഓയിൽ വില കുറയുന്നത് ആനുപാതികമായി അന്തിമ ഉപഭോക്താക്കൾക്ക് ഗുണം ചെയ്യുമെന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് നിയന്ത്രണം ഒഴിവാക്കുന്നതും മാറ്റം വരുത്താവുന്ന വില നിർണയവും മുന്നോട്ട് വച്ചത്. നിങ്ങളുടെ സർക്കാർ അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെടുന്നുവെന്നത് സാധാരണക്കാർക്ക് ന്യായമായ അവകാശം നിഷേധിക്കാനുള്ള ബോധപൂർവവുമായ തീരുമാനത്തെ സൂചിപ്പിക്കുന്നു,”അവർ പറഞ്ഞു.
പെട്രോളിനും ഡീസലിനും അമിത എക്സൈസ് തീരുവ ചുമത്തുന്നതിൽ സർക്കാർ അമിത താൽപര്യം കാണിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ഒരു ലിറ്റർ പെട്രോളിന് 33 രൂപയും ഡീസലിന് 32 രൂപയുമെന്ന തരത്തിൽ ഇന്ധനങ്ങളുടെ അടിസ്ഥാന വിലയേക്കാൾ കൂടുതലാണ് തീരുവ ഈടാക്കുന്നതെന്ന് വാദിച്ച അവർ “സാമ്പത്തിക കെടുകാര്യസ്ഥത മറച്ചുവെക്കുന്നതിനായി കൊള്ളയടിക്കുന്നതിൽ കുറവൊന്നുമല്ല ഈ നടപടി എന്നും പറഞ്ഞു.
Read More: പഞ്ചാബ് തിരഞ്ഞെടുപ്പ്: കർഷക പ്രക്ഷോഭത്തിൽ മുങ്ങി ബിജെപിയും അകാലി ദളും, തൂത്തുവാരി കോൺഗ്രസ്
“പ്രതിപക്ഷത്തെ പ്രധാന പാർട്ടി എന്ന നിലയിൽ,‘ രാജ്യ ധർമ്മം ’പിന്തുടരാനും എക്സൈസ് തീരുവ ഭാഗികമായി പിൻവലിച്ച് ഇന്ധന വില കുറയ്ക്കാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ജനങ്ങളുടെ ഭാരം ലഘൂകരിക്കാനാണ് സർക്കാരുകളെ തെരഞ്ഞെടുക്കുന്നത്, കുറഞ്ഞത് അവരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കരുത്,” കത്തിൽ സോണിയ പറഞ്ഞു.
ഏതാണ്ട് ഏഴു വർഷമായി ഇന്ത്യ ഭരിക്കുന്ന മോദി സർക്കാർ സ്വന്തം ഭരണകൂടത്തിന്റെ സാമ്പത്തിക കെടുകാര്യസ്ഥതകൾക്ക് മുൻ ഭരണകൂടങ്ങളെ കുറ്റപ്പെടുത്തുന്നത് തുടരുകയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.