ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. പല നഗരങ്ങളിലും പെട്രോൾ വില നൂറ് കടന്നു മുന്നോട്ട്. രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില നഗരങ്ങളിൽ പെട്രോൾ വില നൂറ് കടന്നു. തുടർച്ചയായ പതിമൂന്നാം ദിവസവും ഇന്ധനവില കൂട്ടി. ഡീസലിനും പെട്രോളിനും 39 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. സമീപകാലത്തെ ഏറ്റവും വലിയ വര്‍ധനയാണിത്. ഇന്ധനവില ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്.

കേരളത്തിലും ഇന്ധനവില കുതിക്കുകയാണ്. തിരുവനന്തപുരത്ത് ഡീസലിന് 87 രൂപ കടന്ന് 87 രൂപ ഒരു പൈസയായി. പെട്രോള്‍ 92രൂപ 46 പൈസയാണ് തിരുവനന്തപുരത്ത് വില. കൊച്ചിയില്‍ ഡീസലിന് 85 രൂപ 39 പൈസയും പെട്രോളിന് 90 രൂപ 74 പൈസയുമായി. ഈ മാസം ഡീസലിന് 4 രൂപ 30 പൈസയും പെട്രോളിന് 3 രൂപ 87 പൈസയുമാണ് കൂടിയത്.

Read Also: ആഴക്കടൽ മത്സ്യബന്ധനക്കരാർ വിവാദം: സർക്കാരിന് പുതിയ തലവേദനയാകുമോ ?

രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില 65 ഡോളറിലേക്ക് അടുക്കുകയാണ്. ഇന്ധനവില ഉയരുന്നത് അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരാനും കാരണമാകുന്നു. ഇന്ത്യയിലെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. നവംബർ 19 മുതലാണ് എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കാൻ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

ഇന്ത്യയില്‍ എണ്ണവില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത വിലയെ അടിസ്ഥാനമാക്കിയാണ്. അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും ഇതില്‍ നിര്‍ണായകമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നാല്‍ എണ്ണ വില കുറയ്ക്കാന്‍ വഴിയൊരുക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook