/indian-express-malayalam/media/media_files/uploads/2022/12/Leopard.jpg)
പ്രതീകാത്മക ചിത്രം
ബെംഗളുരു: മൈസൂര്‍ ജില്ലയിലെ ടി നരസിപുര താലൂക്കില്‍ ഇരുപത്തിയൊന്നുകാരിയെ കൊലപ്പെടുത്തിയ പുള്ളിപ്പുലിയെ വെടിവയ്ക്കാന്‍ ഉത്തരവ്. കര്‍ണാടക വനംവകുപ്പ് മൈസൂരു സര്‍ക്കിള്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മാലതി പ്രിയ ഉത്തരവ് പുറപ്പെടുവിച്ചത്.
ടി നരസിപുരയിലെ സര്‍ക്കാര്‍ ഫസ്റ്റ് ഗ്രേഡ് കോളജ് വിദ്യാര്‍ഥിനി മേഘനയാണു പുലിയുടെ ആക്രമണത്തില്‍ മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറിനും ഏഴിനുമിടയിലായിരുന്നു സംഭവം.
കരിമ്പിന്‍ തോട്ടത്തിനു സമീപത്താണു മേഘനയുടെ വീട്. ഇവിടെനിന്നു കൃഷിയിടത്തിലെ ഷെഡിലേക്കു പോയ സമയത്താണു പുള്ളിപ്പുലി ആക്രമിച്ചത്. മേഘനയെ പുലി 200 മീറ്ററോളം വലിച്ചുകൊണ്ടുകൊണ്ടുപോയി. നിലവിളി കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിയെത്തിയൊണു യുവതിയെ പുലിയുടെ പിടിയില്‍നിന്നു മോചിപ്പിച്ചത്. സാരമായി പരുക്കേറ്റ യുവതിയെ നരസിപുര പബ്ലിക് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ആശുപത്രിക്കു പുറത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ പുലിയെ പിടികൂടണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. ടി നരസിപൂര്‍ എം എല്‍ എ അശ്വിന്‍ കുമാര്‍ സ്ഥലത്തെത്തി നാട്ടുകാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തി ജനങ്ങളുമായി സംസാരിച്ചു.
പുലിയെ കണ്ടെത്തുന്നതിനും വെടിവയ്ക്കുന്നതിനുമായി 15 സംഘങ്ങള്‍ക്കു രൂപം നല്‍കിയതായും ചുമതല നിര്‍വഹിക്കുന്നതിലെ വീഴ്ചയുടെ പേരില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ നിര്‍ബന്ധിത അവധിയില്‍ വിട്ടതായും ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മാലതി പ്രിയ പറഞ്ഞു.
''മരിച്ച യുവതിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ എക്സ്ഗ്രേഷ്യയായി നല്‍കും. കുടുംബത്തിന് അഞ്ചു വര്‍ഷം വരെ മാസം 2000 രൂപ പെന്‍ഷനും കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും വനം വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിയും നല്‍കും'' അവര്‍ കൂട്ടിച്ചേര്‍ത്തു.
രണ്ടു മാസത്തിനിടെ ബെംഗളുരുവിലെയും മൈസുരുവിലെയും ജനവാസ കേന്ദ്രങ്ങളില്‍ പുള്ളിപ്പുലി ഇറങ്ങിയ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ബെംഗളുരു സൗത്തിലെ കെങ്കേരിക്കു സമീപം കൊടിപാളയയില്‍ പുള്ളിപ്പുലി കൊന്നതായി സംശയിക്കുന്ന പുള്ളിമാനിന്റെ ജഡം വ്യാഴാഴ്ച കണ്ടെത്തിയിരുന്നു.
നവംബര്‍ 19ന് തുറഹള്ളി വനമേഖലയ്ക്കു സമീപം ഇതേ പുലി പശുക്കിടാവിനെ കൊന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നവംബര്‍ ആദ്യം മൈസുരുവില്‍ ബൈക്ക് യാത്രികനെ പുലി ആക്രമിച്ചിരുന്നു.
ഈ വര്‍ഷമാദ്യം യെലഹങ്കയിലെ റെയില്‍ വീല്‍ ഫാക്ടറിയിലെ സിസിടിവി ക്യാമറയില്‍ പുള്ളിപ്പുലി കുടുങ്ങിയിരുന്നു. 2021ല്‍ ബേഗൂരിലെ ഒരു അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ പുള്ളിപ്പുലിയെ കണ്ടിരുന്നു. 2019ല്‍ യെലഹങ്കയിലെ ഐ ടി സി ഫാക്ടറി കാമ്പസില്‍ പുള്ളിപ്പുലിയെ കണ്ടിരുന്നു. ഇതിനെ പിടികൂടി ബന്നാര്‍ഘട്ട ദേശീയ പാര്‍ക്കില്‍ വിടുകയായിരുന്നു. 2016ല്‍ വൈറ്റ്ഫീല്‍ഡിലെ സ്‌കൂള്‍ കാമ്പസില്‍ കയറിയ പുള്ളിപ്പുലി ആറുപേരെ ആക്രമിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.