scorecardresearch

ബൈക്കില്‍ ഓവര്‍ ടേക്ക് ചെയ്തതിന് ‘ഉയര്‍ന്ന ജാതിക്കാർ’ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു; ദളിത് യുവാവ് ജീവനൊടുക്കി

കര്‍ണാടക കോലാര്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരനാണു മരിച്ചത്. മുപ്പതിനാണു സംഭവം

ബൈക്കില്‍ ഓവര്‍ ടേക്ക് ചെയ്തതിന് ‘ഉയര്‍ന്ന ജാതിക്കാർ’ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു; ദളിത് യുവാവ് ജീവനൊടുക്കി
പ്രതീകാത്മക ചിത്രം

ബെംഗളുരു: മോട്ടോര്‍ സൈക്കിളില്‍ ഓവര്‍ടേക്ക് ചെയ്തതിന് ‘ഉന്നത ജാതി’ക്കാര്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച ദളിത് യുവാവ് ജീവനൊടുക്കി. കര്‍ണാടകയിലെ കോലാര്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരനായ മരിച്ച ഉദയ് കിരണാണു മരിച്ചത്. 30നാണു സംഭവം.

കോലാര്‍ ജില്ലയിലെ മുല്‍ബാഗല്‍ ടൗണിലെ ബേവഹള്ളി സ്വദേശിയാണു ഉദയ് കിരണ്‍ പട്ടികജാതി വിഭാഗമായ ആദി കര്‍ണാടക സമുദായത്തില്‍പ്പെട്ടയാളാണ്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

സംഭവത്തില്‍ വൊക്കലിഗ സമുദായക്കാരായ രാജു, ശിവരാജ്, ഗോപാല്‍ കൃഷ്ണപ്പ, മുനിവെങ്കടപ്പ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഇവര്‍ ഒളിവിലാണ്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തത്. വെങ്കിടേശപ്പയുടെ മകനായ ഉദയിനെ ഗ്രാമപഞ്ചായത്ത് അംഗമായ നാഗരാജുവാണ് വളര്‍ത്തിയത്.

പലചരക്ക് സാധനങ്ങള്‍ വാങ്ങാനായി, തന്റെ ഗ്രാമത്തില്‍നിന്നു മൂന്നു കിലോമീറ്റര്‍ അകലെയുള്ള ബൈരാക്കൂറിലേക്ക് ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്നു ഉദയ്. ഇതിനിടെ പ്രതികള്‍ ഓടിച്ച മൂന്ന് മോട്ടോര്‍ സൈക്കിളുകളില്‍ ഒന്നിനെ ഉദയ് മറികടന്നതു പ്രതികളെ ചൊടിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

”ബൈക്കുരുവലെത്തിയപ്പോള്‍, അവര്‍ ഉദയ്യുടെ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. മോട്ടോര്‍ സൈക്കിളും മൊബൈല്‍ ഫോണും പിടിച്ചുവാങ്ങുകയും ചെയ്തു. കുടുംബത്തിലെ മുതിര്‍ന്നവരെ കൂട്ടിക്കൊണ്ടുവരാന്‍ ആവശ്യപ്പെട്ട് ബൈക്ക് ബേവഹള്ളിക്കും ബൈരക്കുറിനുമിടയിലുള്ള പെത്തണ്ട്‌ലഹള്ളിയിലേക്കു കൊണ്ടുപോയി,” ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നാണു നംഗലി പൊലീസ് പറയുന്നത്.

തുടര്‍ന്ന് ഷെയര്‍ ഓട്ടോറിക്ഷയില്‍ പെത്തണ്ട്‌ലഹള്ളിയിലെത്തി ഉദയ്, ബൈക്കും ഫോണും തിരികെ നല്‍കാന്‍ പ്രതികളോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് അവര്‍ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു.

”സംഭവമറിഞ്ഞ് ഗ്രാമപഞ്ചായത്ത് അംഗം നാഗരാജു പെറ്റണ്ട്‌ലഹള്ളിയിലെത്തി ഉദയിനെ രാത്രി എട്ടരയോടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു. തുടര്‍ന്ന് ഉടന്‍ വരാമെന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവാവ് രാത്രി 10നു ശേഷവും തിരിച്ചെത്തിയില്ല. തുടര്‍ന്ന് കുടുംബം നടത്തിയ തിരച്ചിലില്‍ ഉദയിനെ മരിച്ചനിലയില്‍ കണ്ടെത്തി. ഒരു ഫാം ഹൗസിലെ മരത്തില്‍ തൂങ്ങിയനിലയിലായിരുന്നു മൃതദേഹം,” എഫ് ഐ ആറില്‍ പറയുന്നു.

നാഗരാജുവാണു പലചരക്ക് സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരാന്‍ ഉദയിനെ അയച്ചത്. പ്രതികള്‍ റോഡിലൂടെ അശ്രദ്ധമായി വാഹനമോടിക്കുകയായിരുന്നെന്നും ഉദയ് പലതവണ അവരെ മറികടക്കാന്‍ ശ്രമിച്ചെങ്കിലും പലപ്പോഴും കഴിഞ്ഞിരുന്നില്ലെന്നും നാഗരാജു ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

”ചിലപ്പോഴൊക്കെ ഉദയ് അവരെ മറികടന്നു. അത് അവരെ പ്രകോപിപ്പിച്ചു, അവന്റെ ബൈക്കും മൊബൈലും പിടിച്ചെടുത്തു. ഗ്രാമവാസികളുടെ മുന്നില്‍വച്ച് മര്‍ദിച്ചത് അവനു ശരിക്കും അപമാനമായി. പന്ത്രണ്ടാം ക്ലാസ് (രണ്ടാം പി യു സി) പൂര്‍ത്തിയാക്കിയ ഉദയ് കാര്‍ഷികജോലികള്‍ ചെയ്യുന്നുണ്ടായിരുന്നു. എന്റെ കുടുംബത്തിന്റെ നെടുംതൂണായിരുന്നു അവന്‍,” നാഗരാജു പറഞ്ഞു.

ആയിരം മൂന്നൂറോളം ജനസംഖ്യയുള്ള ബേവഹള്ളി പഞ്ചായത്തില്‍ ഭൂരിഭാഗവും വൊക്കലിഗ സമുദായത്തില്‍പ്പെട്ടവരാണെന്നും 30-35 വീടുകളാണു പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടേതായി ഉള്ളതെന്നു നാഗരാജു പറയുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Karnataka dalit man assault suicide