/indian-express-malayalam/media/media_files/uploads/2019/08/Swami-Chinmayanad.jpg)
ന്യൂഡല്‍ഹി: സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കണം. സുപ്രീം കോടതിയാണ് യുപി പൊലീസിന് നിര്‍ദേശം നല്‍കിയത്. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ ആരോപണം ഉന്നയിച്ച 23 കാരിയായ നിയമവിദ്യാര്‍ഥിയെ കാണാനില്ലെന്ന് നേരത്തെ പരായിയുണ്ടായിരുന്നു. എന്നാല്‍, പെണ്‍കുട്ടിയെ രാജസ്ഥാനില്‍ നിന്ന് കണ്ടെത്തിയതായി യുപി പൊലീസ് കോടതിയെ അറിയിച്ചു.
പെണ്‍കുട്ടിയെ കണ്ടെത്തിയെങ്കില്‍ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. രണ്ടര മണിക്കൂറിനുള്ളില്‍ ഹാജരാക്കാമെന്ന് യുപി പൊലീസ് മറുപടി നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് ആര്‍.ഭാനുമതി അധ്യക്ഷയായ ബഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.
Read Also: പീഡനഭീഷണി നേരിടുന്ന സ്ത്രീകള്‍, കാണാതാകുന്ന കുട്ടികള്‍; കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നാലെ റാണ അയൂബ്
ഇന്ന് രാവിലെയാണ് പെണ്‍കുട്ടിയെ രാജസ്ഥാനില്‍ നിന്ന് കണ്ടെത്തിയ കാര്യം പൊലീസ് അറിയിച്ചത്. പെണ്‍കുട്ടി സുഹൃത്തിന് ഒപ്പമായിരുന്നുവെന്നും പൊലീസ് പറയുന്നു. ജയ്പൂരില്‍ നിന്ന് കഴിഞ്ഞ ദിവസം രണ്ട് പേരും ചേര്‍ന്ന് 1500 രൂപ എടിഎം വഴി പിന്‍വലിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.
സമൂഹ മാധ്യമത്തിലൂടെയായിരുന്നു നിയമ വിദ്യാര്‍ഥിനി മുന്‍ മന്ത്രി കൂടിയായ ചിന്മയാനന്ദിനെതിരെ ആരോപണം ഉന്നയിച്ചത്. ആരോപണം ഉന്നയിച്ച ശേഷം ഓഗസ്റ്റ് 24 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു.
കോളേജ് ഡയറക്‌ടർ കൂടിയായ സ്വാമി ചിന്മയാനന്ദ് തന്നെയും കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പോസ്റ്റ് ചെയ്ത വീഡിയോയിൽ ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സഹായം തേടിയാണ് യുവതി ഫെയ്സ്ബുക്കിൽ ലൈവ് വീഡിയോ ചെയ്തത്. എന്നാൽ ഫെയ്സ്ബുക്ക് പോസ്റ്റ് വന്നതിന്റെ പിറ്റേദിവസം മുതൽ യുവതിയെ കാണാനില്ലായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വീട്ടുകാർ പൊലീസിൽ പരാതി നൽകി. പെൺകുട്ടിക്കും തങ്ങൾക്കും സുരക്ഷാ ഭീഷണിയുണ്ടെന്ന് പെൺകുട്ടിയുടെ പിതാവും ആരോപിക്കുന്നു.
എന്നാൽ, ആരോപണങ്ങളെയെല്ലാം നിഷേധിക്കുന്ന നിലപാടാണ് സ്വാമി ചിന്മയാനന്ദിന്. തനിക്കെതിരെ വ്യാജ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്ന് ചിന്മയാനന്ദ് വാദിക്കുന്നു. യുപിയിലെ ബിജെപി സർക്കാരിനെ മോശമായി ചിത്രീകരിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും ചിന്മായനന്ദ് പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.