ന്യൂഡല്‍ഹി: കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്ന കേന്ദ്രവാദത്തെ തള്ളി എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ റാണാ അയൂബ്. കശ്മീരില്‍ നിന്നും മടങ്ങിയെത്തിന് ശേഷമുള്ള ട്വീറ്റിലൂടെയായിരുന്നു റാണ അയൂബിന്റെ പ്രതികരണം.

”കശ്മീരില്‍ നിന്നും ഇപ്പോള്‍ മടങ്ങിയെത്തിയതേയുള്ളൂ. അര്‍ധ രാത്രിയുള്ള റെയ്ഡില്‍ പന്ത്രണ്ട് വയസുള്ള കുട്ടികളെ വരെ അറസ്റ്റ് ചെയ്യുന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു. ആണ്‍കുട്ടികള്‍ക്ക് ഇലക്ട്രിക് ഷോക്ക് നല്‍കുന്നു. കുടുംബങ്ങള്‍ക്ക് അവരെ കുറിച്ച് യാതൊരു അറിവുമില്ല. ഇതാണ് നിങ്ങള്‍ പറയുന്ന ‘സാധാരണനില’. ഇതുവരെ കണ്ടതില്‍ ഏറ്റവും മോശം അവസ്ഥയാണ് താഴ്‌വരയിലുള്ളത്” എന്നായിരുന്നു റാണ അയൂബിന്റെ ട്വീറ്റ്.

പിന്നാലെ കശ്മീരില്‍ നിന്നുമുള്ള വീഡിയോയും റാണ ട്വീറ്റ് ചെയ്തു. സുരക്ഷാ സേന പിടിച്ചു കൊണ്ടു പോയ മൊമിന്‍ എന്ന 18 കാരന്റെ അമ്മയായ ഫെഹ്മീദയുടെ വീഡിയോയാണ് റാണ പോസ്റ്റ് ചെയ്തത്.

തന്റെ മകനെ 20 ദിവസമായി കാണാനില്ലെന്നും യാതൊരു വിവരവുമില്ലെന്ന് അവര്‍ വീഡിയോയില്‍ പറയുന്നു. മക്കളുള്ളവര്‍ക്ക് മാത്രമേ തന്റെ വേദന മനസിലാവുകയുള്ളൂവെന്നും അവര്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook