/indian-express-malayalam/media/media_files/uploads/2022/01/Brahmos-missile.jpg)
പൂണെ: ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ കടലില്‍നിന്നു കടലിലേക്കു വിക്ഷേപിക്കാവുന്ന പരിഷ്‌കരിച്ച പതിപ്പ് വിജയകരമായി പരീക്ഷിച്ചു. അടുത്തിടെ കമ്മിഷന്‍ ചെയ്ത തദ്ദേശീയ നിർമിത യുദ്ധക്കപ്പല്‍ ഐഎന്‍എസ് വിശാഖപട്ടണത്തില്‍നിന്ന് പടിഞ്ഞാറന്‍ തീരത്തായിരുന്നു വിക്ഷേപണം. മിസൈല്‍ കൃത്യമായി ലക്ഷ്യത്തില്‍ പതിച്ചു.
''ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ കൂടുതല്‍ മികച്ച കടലില്‍നിന്ന് കടലിലേക്കു വിക്ഷേപിക്കാവുന്ന പതിപ്പ് ഇന്ന് ഐഎന്‍എസ് വിശാഖപട്ടണത്തില്‍നിന്ന് പരീക്ഷിച്ചു,'' പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) ട്വീറ്റ് ചെയ്തു.
തദ്ദേശീയ നിര്‍മിതമായ ഏറ്റവും പുതിയ ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറായ ഐഎന്‍എസ് വിശാഖപട്ടണത്തില്‍നിന്നുള്ള പുതിയ ദൂരപരിധിയിലുള്ള ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ വിജയകരമായ പരീക്ഷണം ഇരട്ടനേട്ടത്തെ പ്രതിനിധീകരിക്കുന്നതായി നാവികസേന ട്വീറ്റ് ചെയ്തു.
Also Read: യുപിയില്‍ ബിജെപിക്ക് തിരിച്ചടി; മന്ത്രി രാജിവച്ച് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു
റഡാര്‍ ചക്രവാളത്തിനപ്പുറമുള്ള കടലില്‍നിന്നുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ബ്രഹ്‌മോസ് 2005 മുതലാണ് നാവികസേന മുന്‍നിര യുദ്ധക്കപ്പലുകളില്‍ വിന്യസിക്കാന്‍ തുടങ്ങിയത്. കടലില്‍നിന്ന് കടലിലേക്കും കടലില്‍നിന്നും കരയിലേക്കുമുള്ള പതിപ്പുകള്‍ പലതവണ വിജയകരമായി പരീക്ഷിച്ചിരുന്നു.
നാവികസേനയുടെ തദ്ദേശീയ നിര്‍മിത സ്റ്റെല്‍ത്ത് ഡിസ്‌ട്രോയര്‍ ഐഎന്‍എസ് ചെന്നൈയില്‍നിന്നും രജ്പുത് ക്ലാസ് ഡിസ്‌ട്രോയറായ ഐഎന്‍എസ് രണ്‍വിജയില്‍നിന്നും 2020 ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളില്‍ ബ്രഹ്‌മോസിന്റെ കടല്‍പ്പതിപ്പ് പരീക്ഷിച്ചു.
കപ്പലില്‍നിന്നുള്ള ബ്രഹ്‌മോസ് ഒറ്റ യൂണിറ്റായോ 2.5 സെക്കന്‍ഡ് ഇടവേളകളാല്‍ വേര്‍തിരിക്കുന്ന എട്ടു വരെയുള്ള സംഖ്യകളിലോ വിക്ഷേപിക്കാം. ആധുനിക മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുള്ള ഒരു കൂട്ടം ലക്ഷ്യങ്ങളെ ഭേദിയ്ക്കാന്‍ ഇവയ്ക്കു കഴിയും.
ഡിആര്‍ഡിഒ-റഷ്യയിലെ മഷിനോസ്ട്രോയേനിയ സംയുക്ത സംരംഭമായ ബ്രഹ്‌മോസ് എയ്റോസ്പേസാണ് മിസൈലിന്റെ നിര്‍മാതാക്കള്‍. ബ്രഹ്‌മപുത്ര, മോസ്‌ക്‌വ നദികളില്‍നിന്നാണ് കടംകൊണ്ടതാണ് ബ്രഹ്‌മോസ് എന്ന പേര്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.