ലക്‌നൗ: യുപിയില്‍ അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിജെപിക്കു കനത്ത തിരിച്ചടി നല്‍കി യോഗി ആദിത്യനാഥ് സര്‍ക്കാരിലെ പ്രമുഖ മന്ത്രി രാജിവച്ച് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യയാണു ബിജെപി വിട്ടത്.
ദലിതര്‍, പിന്നാക്കക്കാര്‍, കര്‍ഷകര്‍, തൊഴില്‍രഹിത യുവാക്കള്‍, ചെറുകിട, ഇടത്തരം വ്യവസായികള്‍ എന്നിവരോടുള്ള അവഗണനാ മനോഭാവം ചൂണ്ടിക്കാട്ടിയാണ് രാജി.
അനുയായികളുമായി കൂടിയാലോചിച്ച് മറ്റൊരു പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചതായും വരും ദിവസങ്ങളില്‍ ഡസന്‍ കണക്കിന് എംഎല്‍എമാര്‍ രാജിവയ്ക്കുമെന്നും മൗര്യ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
സ്വാമി പ്രസാദ് മൗര്യയെ പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്തുകൊണ്ട് അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന ചിത്രം എസ്‌പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ട്വിറ്ററില്‍ പങ്കുവച്ചു.
”സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടി പോരാടിയ ജനകീയ നേതാവ് സ്വാമി പ്രസാദ് മൗര്യ ജിക്കും എസ്‌പിയില്‍ അദ്ദേഹത്തോടൊപ്പം വന്ന മറ്റെല്ലാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ഊഷ്മളമായ സ്വാഗതവും ആശംസകളും! സാമൂഹിക നീതി വിപ്ലവം സംഭവിക്കും. 2022ല്‍ മാറ്റമുണ്ടാകും,” അഖിലേഷ് യാദവ് കുറിച്ചു.
അതേസമയം, തിടുക്കപ്പെട്ട് തീരുമാനമെടുക്കും മുന്‍പ് ചര്‍ച്ച നടത്താന്‍ സ്വാമി പ്രസാദ് മൗര്യയോട് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മൗര്യ ആവശ്യപ്പെട്ടു.
പദ്രൗണ മണ്ഡലത്തെ പ്രതിനിധീകരിച്ച സ്വാമി പ്രസാദ് മൗര്യ 2016ൽ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് ബഹുജന്‍ സമാജ് പാര്‍ട്ടി (ബി എസ് പി) വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ബിഎസ്‌പിയിലായിരിക്കെ നിയമസഭാ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം.
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി ഇന്ന് വന്‍ ജനസമ്പര്‍ക്ക പരിപാടി ആരംഭിച്ചതിനു പിന്നാലെയാണു മന്ത്രിയുടെ രാജി. പാര്‍ട്ടി പ്രവര്‍ത്തകര്‍ അഞ്ച് പേരടങ്ങുന്ന സംഘങ്ങളായി വീടുവീടാന്തരം കയറിയാണു പ്രചാരണം. സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ചെയ്ത കാര്യങ്ങ വോട്ടര്‍മാരെ അറിയിക്കാൻ വലിയ ടിവി സ്‌ക്രീനുകളുള്ള ‘എല്‍ഇഡി റാത്തുകള്‍’ 14 മുതല്‍ സ്ഥാപിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബിജെപി കോര്‍ കമ്മിറ്റി യോഗത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവര്‍ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തി.
ഉത്തർപ്രദേശിൽ ഏഴ് ഘട്ടമായാണ് ഇത്തവണ തിരഞ്ഞെടുപ്പ്. ഫെബ്രുവരി പത്തിനാണ് ആദ്യ ഘട്ടം. അവസാന ഘട്ടം മാർച്ച് ഏഴിനും. മാർച്ച് 10നാണു വോട്ടെണ്ണൽ.
Also Read:ഡല്‍ഹിയില്‍ സ്വകാര്യ ഓഫീസുകള്‍ അടച്ചിടും; വര്‍ക്ക് ഫ്രം ഹോം മാത്രം