/indian-express-malayalam/media/media_files/uploads/2017/02/supreme-courtsupreme-court-ap-759-480-1200.jpg)
ന്യൂഡൽഹി: ജമ്മു കശ്മീരിൽ സാധാരണ സ്ഥിതി പുനഃസ്ഥാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോടും ജമ്മു കശ്മീർ ഭരണകൂടത്തോടും സുപ്രീം കോടതി. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ് നൽകി. ദേശീയ താൽപര്യം പരിഗണിച്ചാകണം നടപടിയെന്നും കോടതി വ്യക്തമാക്കി.
‘കശ്മീർ ടൈംസ്’ എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധ ബാസിൻ നൽകിയ ഹർജി പരിഗണിച്ച ശേഷമാണ് കോടതി നടപടി. ജമ്മു-കശ്‌മീരിനു പ്രത്യേക സംസ്‌ഥാന പദവി നൽകുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കിയതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രദേശത്തെ ആശയവിനിമയ സംവിധാനങ്ങളെല്ലം നിശ്ചലമായിരിക്കുകയാണെന്നും പത്രം പ്രസിദ്ധീകരിക്കാൻ വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് അനുരാധ സുപ്രീം കോടതിയെ സമീപിച്ചത്. ഒരു മാസമായിട്ടും നിയന്ത്രണങ്ങളിൽ മാറ്റമില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
Read Also: ജമ്മു കശ്മീരിലെ നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നത് പാക്കിസ്ഥാന്റെ പെരുമാറ്റത്തെ ആശ്രയിച്ച്: അജിത് ഡോവൽ
കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് താഴ്‌വരയിലെ കാര്യങ്ങളിൽ ജമ്മു കശ്മീർ ഹൈക്കോടതിക്ക് തന്നെ തീരുമാനം എടുക്കാമെന്ന് വ്യക്തമാക്കി. ഒപ്പം ഹർജിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു.
അനുരാധയുടെ ഹർജിയെ എതിർത്ത കേന്ദ്ര സർക്കാർ, ജമ്മു കശ്മീരിൽ മാധ്യമങ്ങൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും മാധ്യമപ്രവർത്തകർക്ക് പാസുകൾ നൽകിയിട്ടുണ്ടെന്നും എല്ലായിടങ്ങളിലും സഞ്ചരിക്കാനും ഫോണുകളും ഇന്‍റർനെറ്റും ഉപയോഗിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ വാദിച്ചു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷം ഒരു വെടിവയ്‌പ് പോലും സംസ്ഥാനത്ത് നടന്നിട്ടില്ലെന്ന് കോടതിയിൽ കേന്ദ്രം അവകാശപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.