ന്യൂഡൽഹി: കശ്മീരിലെ നേതാക്കളേയും പൗരന്മാരേയും വ്യാപകമായി തടങ്കലില്‍ വച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ആശങ്ക പ്രകടിപ്പിക്കുകയും, മനുഷ്യാവകാശങ്ങളെ ബഹുമാനിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആഹ്വാനം ചെയ്യുകയും ചെയ്തതിന്റെ പിന്നാലെ, കശ്മീര്‍ വിഷയത്തില്‍ പ്രതികരണവുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. കശ്മീരിലെ ഇനിയുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നത് പാക്കിസ്ഥാന്‍ എങ്ങനെ പെരുമാറുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കുമെന്ന് അജിത് ഡോവല്‍ പറഞ്ഞു.
‘എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അത് പാക്കിസ്ഥാന്‍ എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. പ്രകോപനങ്ങളും അശാന്തിയും സൃഷ്ടിക്കുന്ന തരത്തില്‍ പാക്കിസ്ഥാനില്‍ നിന്നും ഭീഷണി ഉയരുന്ന സാഹചര്യമാണ്,’ നാഷണൽ സെക്യൂരിറ്റി ഏജൻസി (എന്‍എസ്എ) പറഞ്ഞു.
Read More: കശ്മീര്‍: 2500 പേരെ കസ്റ്റഡിയിലെടുത്തിരുന്നുവെന്ന് അജിത് ഡോവല്‍
ഓഗസ്റ്റ് 5 ന്, ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രം റദ്ദാക്കിയതിന് ശേഷം മാധ്യമങ്ങളുമായുള്ള ആദ്യ ആശയവിനിമയത്തില്‍, ക്രമസമാധാനവും പ്രദേശവാസികളുടെ സുരക്ഷയുമാണ് സര്‍ക്കാരിന്റെ മുന്‍ഗണനാ വിഷയമെന്ന് ഡോവല്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന പത്രസമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ട ഒരു ഡസനോളം പത്രപ്രവർത്തകരിൽ പകുതിയും വിദേശ മാധ്യമങ്ങളിൽ നിന്നുള്ളവരായിരുന്നു.
ജമ്മു കശ്മീരിലെ മൂന്ന് മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ നിരവധി രാഷ്ട്രീയക്കാരെ തടങ്കലിൽ വച്ചതിനെ കുറിച്ചുളള ചോദ്യങ്ങൾക്ക് മറുപടിയായി ഡോവൽ പറഞ്ഞത്, അത് പ്രതിരോധ മാർഗമായാണ്, ആരുടെ പേരിലും ക്രിമിനൽ കുറ്റം ചുമത്തിയിട്ടില്ല എന്നായിരുന്നു. “ഈ ഘട്ടത്തിൽ, വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാൻ രാഷ്ട്രീയക്കാരെ അനുവദിക്കാൻ ഞങ്ങൾക്ക് കഴിയില്ല,” അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സാഹചര്യം തീവ്രവാദികൾക്ക് ഉപയോഗിക്കാൻ കഴിയും, അവരെ എപ്പോൾ മോചിപ്പിക്കണമെന്നും സാഹചര്യങ്ങൾ എപ്പോൾ അനുകൂലമാണെന്നും തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. ”
പതിറ്റാണ്ടുകളായി ജമ്മു കശ്മീരിലെ രാഷ്ട്രീയക്കാർക്ക് ജനങ്ങളോട് ഉത്തരവാദിത്തമില്ലെന്നും നിലവിൽ ഗ്രാമ നേതാക്കളും സർപഞ്ചുകളും ജനപ്രീതി നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രത്തിന്റെ എല്ലാ നടപടികളും “ന്യായയുക്തമാണ്” എന്ന് ഡോവൽ പറഞ്ഞു. സംസ്ഥാന പദവി നീക്കംചെയ്യൽ, പ്രതിരോധ തടങ്കലിൽ വയ്ക്കൽ തുടങ്ങിയ പ്രശ്നങ്ങൾ നിയമപരമായി നേരിടേണ്ടി വരുമെന്ന് സൂചന നൽകി. “ചെയ്യുന്നത് എല്ലാം ന്യായയുക്തമാണ്, ചിലർ ഇതിനകം ചെയ്തതുപോലെ, ആളുകൾക്ക് ഈ നടപടികളെ കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയും. അവർക്ക് പരാതിപ്പെടാനും പരിഹാരം നേടാൻ ശ്രമിക്കാനും കഴിയും. ഞങ്ങൾ കാര്യങ്ങൾ കോടതിയിൽ വിശദീകരിക്കും,” അദ്ദേഹം പറഞ്ഞു.