scorecardresearch

സ്വവര്‍ഗാനുരാഗിയായ അഭിഭാഷകന്‍ സൗരഭ് കിര്‍പാലിനെ ജഡ്ജിയായി നിയമിക്കാനുള്ള ശിപാര്‍ശ ആവര്‍ത്തിച്ച് കൊളീജിയം

മുതിര്‍ന്ന അഭിഭാഷകന്‍ സൗരഭ് കിര്‍പാലിനെ ജഡ്ജിയായി നിയമിക്കാൻ ഡല്‍ഹി ഹൈക്കോടതി കൊളീജിയം 2017 ഒക്ടോബര്‍ 13-ന് ഏകകണ്ഠമായാു ശിപാർശ ചെയ്തത്

മുതിര്‍ന്ന അഭിഭാഷകന്‍ സൗരഭ് കിര്‍പാലിനെ ജഡ്ജിയായി നിയമിക്കാൻ ഡല്‍ഹി ഹൈക്കോടതി കൊളീജിയം 2017 ഒക്ടോബര്‍ 13-ന് ഏകകണ്ഠമായാു ശിപാർശ ചെയ്തത്

author-image
WebDesk
New Update
Saurabh Kirpal, Saurabh Kirpal SC, saurabh kirpal openly gay advocate, delhi high court judge

ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗിയായ മുതിര്‍ന്ന അഭിഭാഷകന്‍ സൗരഭ് കിര്‍പാലിനെ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നതിനുള്ള 2021 നവംബര്‍ 11-ലെ ശിപാര്‍ശ ആവര്‍ത്തിച്ച് സുപ്രീം കോടതി കൊളീജിയം. സ്വവര്‍ഗരതി രാജ്യത്ത് ക്രിമിനല്‍ കുറ്റമല്ലെങ്കിലും സ്വവര്‍ഗ വിവാഹത്തിന് ഇപ്പോഴും അംഗീകാരമില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം തള്ളിക്കെണ്ടാണു സുപ്രീം കോടതി നീക്കം. അഭിഭാഷകനായ സോമശേഖരൻ സുന്ദരേശനെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശിപാർശയും കൊളീജിയം ആവർത്തിച്ചു.

Advertisment

സൗരഭ് കിര്‍പാലിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നതിനുള്ള നിര്‍ദേശം അഞ്ച് വര്‍ഷത്തിലേറെയായി തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുകയാണെന്നും വേഗത്തില്‍ നടപടിയെടുക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ കൊളീജിയം ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവര്‍ കൂടി ഉള്‍പ്പെടുന്നതാണു കൊളീജിയം.

''ഈ പശ്ചാത്തലത്തില്‍, ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായി സൗരഭ് കിര്‍പാലിനെ നിയമിക്കാനുള്ള 2021 നവംബര്‍ 11 ലെ ശിപാര്‍ശ വീണ്ടും ആവര്‍ത്തിക്കാന്‍ കൊളീജിയം തീരുമാനിക്കുന്നു. അതില്‍ വേഗത്തില്‍ തീരുമാനമെടുക്കേണ്ടതുണ്ട്,'' സുപ്രീം കോടതി വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത പ്രസ്താവനയില്‍ പറയുന്നു.

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ബി എന്‍ കിര്‍പാലിന്റെ മകനാണു സൗരഭ് കിര്‍പാല്‍.

Advertisment

''ഡല്‍ഹി ഹൈക്കോടതി കൊളീജിയം 2017 ഒക്ടോബര്‍ 13-ന് ഏകകണ്ഠമായി നല്‍കിയ, 2021 നവംബര്‍ 11-നു സുപ്രീം കോടതി കൊളീജിയം അംഗീകരിച്ച ശിപാര്‍ശ ഫയലിലെ നിരീക്ഷണങ്ങളുടെ സാഹചര്യത്തില്‍ പുനഃപരിശോധനയ്ക്കായി 2022 നവംബര്‍ 25-നു ഞങ്ങള്‍ക്കു തിരിച്ചയച്ചു,''പ്രസ്താവനയില്‍ പറയുന്നു.

തന്റെ ലൈംഗിക ആഭിമുഖ്യത്തെക്കുറിച്ച് തുറന്നു പറഞ്ഞതിനു കിര്‍പാലിനെ കൊളീജിയം പ്രസ്താവന അഭിനന്ദിച്ചു.

''സൗരഭ് കിര്‍പാലിന്റെ പേര് നിര്‍ദേശിച്ചുകൊണ്ട് 2021 നവംബര്‍ 11-നു ഈ കോടതിയുടെ കൊളീജിയം നടത്തിയ ശിപാര്‍ശയില്‍ രണ്ട് എതിര്‍പ്പുകളുണ്ടെന്നു 2019 ഏപ്രില്‍ 11, 2021 മാര്‍ച്ച് 18 തീയതികളിലെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ (റോ) കത്തുകളില്‍നിന്നു തോന്നുന്നു. ഒന്ന്, സൗരഭ് കിര്‍പാലിന്റെ പങ്കാളി ഒരു സ്വിസ് പൗരനാണ്. രണ്ട്, അയാളൊരു അഗാധ ബന്ധത്തിലാണ്, തന്റെ ലൈംഗിക ആഭിമുഖ്യത്തെക്കുറിച്ച് തുറന്നുപറയുന്നു,'' സുപ്രീം കോടതി പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യത്ത് സ്വവര്‍ഗരതി കുറ്റകരമല്ലെങ്കിലും ഇന്ത്യയില്‍ ക്രോഡീകരിച്ച വ്യവസ്ഥപരമായ നിയമത്തിലോ ക്രോഡീകരിക്കാത്ത വ്യക്തിനിയമത്തിലോ ഇപ്പോഴും സ്വവര്‍ഗവിവാഹം അംഗീകരിക്കപ്പെടാതെ തുടരുന്നുവെന്ന കേന്ദ്ര നിയമമന്ത്രിയുടെ 2021 ഏപ്രില്‍ ഒന്നിലെ കത്ത് പസ്താവനയില്‍ ഉദ്ധരിച്ചിട്ടുണ്ട്.

സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ തീവ്രമായ ഇടപെടലും വൈകാരികമായ താല്‍പ്പര്യവും പക്ഷപാതത്തിന്റെയും മുന്‍വിധിയുടെയും സാധ്യത തള്ളിക്കളയുന്നതല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

ദേശീയസുരക്ഷയെ ബാധിക്കുന്ന കാര്യത്തില്‍ കിര്‍പാലിന്റെ പങ്കാളിയുടെ വ്യക്തിഗത പെരുമാറ്റത്തെ സംബന്ധിച്ച് റൊയുടെ രണ്ട് ആശയവിനിമയങ്ങളും ഒരു ആശങ്കയും പ്രതിഫലിപ്പിക്കുന്നില്ലെന്ന് കൊളീജിയം പറഞ്ഞു.

''ഭരണഘടനാ ഓഫീസുകളിലെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇപ്പോഴുള്ളതും മുന്‍പുണ്ടായിരുന്നതുമായ നിരവധി ആളുകള്‍ക്ക് വിദേശ പൗരന്മാാരായ പങ്കാളികളുണ്ട്. അതിനാല്‍, പങ്കാളി വിദേശപൗരനാണെന്നതു കാരണം സൗരഭ് കിര്‍പാലിന്റെ നിയമനത്തിനു തത്വത്തില്‍ എതിര്‍പ്പില്ല,''പ്രസ്താവന പറയുന്നു.

ലൈംഗിക ആഭിമുഖ്യത്തെ അടിസ്ഥാനമാക്കി സ്വന്തം അന്തസും വ്യക്തിത്വവും നിലനിര്‍ത്താന്‍ ഓരോ വ്യക്തിക്കും അര്‍ഹതയുള്ള ഭരണഘടനാപരമായ നിലപാട് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ തീരുമാനങ്ങള്‍ സ്ഥാപിച്ചുവെന്നത് ശ്രദ്ധിക്കേണ്ടതുണ്ടെന്ന് കൊളീജിയം പറഞ്ഞു.

ഭരണഘടനയുടെ അനുച്‌ഛേദം 19 (1) (എ) പ്രകാരം എല്ലാ പൗരന്മാര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനും അവകാശമുണ്ടെന്നു ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അഭിഭാഷകനായ സോമശേഖരന്‍ സുന്ദരേശനെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശിപാര്‍ശ കൊളീജിയം ആവര്‍ത്തിച്ചത്.

''ഭരണഘടനയുടെ അനുച്‌ഛേദം 19 (1) (എ) പ്രകാരം എല്ലാ പൗരന്മാര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനും അവകാശമുണ്ട്. ജഡ്ജിസ്ഥാനത്തിനായി നിര്‍ദേശിക്കപ്പെടുന്ന വ്യക്തി കാര്യക്ഷമതയും യോഗ്യതയും സത്യസന്ധതയുമുള്ള വ്യക്തിയാണെങ്കില്‍, അദ്ദേഹം കാഴ്ചപ്പാട് പ്രകടിപ്പിക്കുന്നതുകൊണ്ട് ഭരണഘടനാപരമായ പദവി വഹിക്കുന്നതില്‍നിന്നു തടയുന്നില്ല,'' ജനുവരി 18 നു നടന്ന യോഗത്തിനു ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയം വ്യക്തമാക്കി.

കോടതിയുടെ പരിഗണനാ വിഷയമായ നിരവധി കാര്യങ്ങളില്‍ സോമശേഖരന്‍ സുന്ദരേശന്‍ തന്റെ കാഴ്ചപ്പാടുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിയെന്നതാണ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുന്നതിന് ഇടയാക്കിയതെന്നു കൊളീജിയം പറഞ്ഞു.

Gay Judge Supreme Court Collegium Delhi High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: