ന്യൂഡല്‍ഹി: പ്രഖ്യാപിത സ്വവര്‍ഗാനുരാഗിയായ അഭിഭാഷകനെ ഹൈക്കോടതി ജഡ്ജി നിയമനത്തിനു പരിഗണിക്കാന്‍ ആദ്യമായി ശിപാശ ചെയ്ത് സുപ്രീം കോടതി. മുതിര്‍ന്ന അഭിഭാഷന്‍ സൗരഭ് കിര്‍പാലിനെയാണു ഡല്‍ഹി ഹൈക്കോടതിയിലേക്കു ശിപാര്‍ശ ചെയ്തത്.
സുപ്രീം കോടതി നേരത്തെ സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കിയിരുന്നു. ഈ സുപ്രധാന കേസിലെ ഹരജിക്കാരില്‍ ഉള്‍പ്പെട്ട സുനില്‍ മെഹ്റയ്ക്കും നവതേജ് സിംഗ് ജോഹറിനും വേണ്ടി ഹാജരായ അഭിഭാഷകരുടെ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണു സൗരഭ് കിര്‍പാല്‍.
2002-ല്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച ഭൂപീന്ദര്‍ നാഥ് കിര്‍പാലിന്റെ മകനായ സൗരഭ് കിർപാൽ രണ്ട് പതിറ്റാണ്ടിലേറെയായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ്. ഓക്സ്ഫോര്‍ഡ്, കേംബ്രിഡ്ജ് സര്‍വകലാശാലകളിലായിരുന്നു അദ്ദേഹത്തിന്റെ നിയമവിദ്യാഭ്യാസം.
സൗരഭ് കിര്‍പാലിനെ ജഡ്ജിയായി നിയമിക്കാന്‍ ജസ്റ്റിസ് ഗീതാ മിത്തല്‍ അധ്യക്ഷയായുള്ള ഡല്‍ഹി ഹൈക്കോടതി കൊളീജിയം 2017 ഒക്ടോബറില്‍ ശിപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്ന് 2018-ല്‍ കിര്‍പാലിന്റെ പേര് ആദ്യമായി പരിഗണിച്ച് ഏകദേശം മൂന്നു വര്‍ഷത്തിനു ശേഷമാണ് സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശ. 2019 ജനുവരി, 2019 ഏപ്രില്‍, 2020 ഓഗസ്റ്റ് എന്നിങ്ങനെ മൂന്നു തവണ കിര്‍പാലിനെ ശിപാര്‍ശ ചെയ്യുന്നതു കൊളീജിയം മരവിപ്പിച്ചിരുന്നു.
Also Read: 20 വര്‍ഷത്തിനിടെ രാജ്യത്ത് 1,888 കസ്റ്റഡി മരണം; ശിക്ഷിക്കപ്പെട്ടത് 26 പൊലീസുകാര്‍ മാത്രം
കിര്‍പാലിനെ ശിപാര്‍ശ ചെയ്യുന്നതിലെ കാലതാമസം നിയമവൃത്തങ്ങളില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇത് അദ്ദേഹത്തിന്റെ ലൈംഗിക ആഭിമുഖ്യം മൂലമാണെന്ന് പലരുടെയും അനുമാനം. കിര്‍പാലിന്റെ പങ്കാളി യൂറോപ്പ് സ്വദേശിയായതിനാലും സ്വിസ് എംബസിയില്‍ ജോലി ചെയ്യുന്നതിനാലും നിയമനത്തെ സര്‍ക്കാര്‍ തുടര്‍ച്ചയായി എതിര്‍ത്തു.
”20 വര്‍ഷമായുള്ള എന്റെ പങ്കാളി വിദേശ വംശജനാണെന്നത് സുരക്ഷാ വെല്ലുവിളി സാധ്യതയുള്ളതാണെന്ന സംശയബുദ്ധിയോടെയുള്ള കാരണം മുഴുവനായി സത്യമല്ലെന്ന് ഒരാളെ കരുതാന്‍ ഇടയാക്കുന്നു. ജഡ്ജിയായി ഉയര്‍ത്താന്‍ എന്നെ പരിഗണിക്കാത്തതിനു കാരണം എന്റെ ലൈംഗികതയാണ് ഞാന്‍ വിശ്വസിക്കുന്നു,”എന്നാണ് ഇതേക്കുറിച്ച് ഏപ്രിലില്‍ ഒരു അഭിമുഖത്തില്‍ കിര്‍പാല്‍ പറഞ്ഞത്.
കിര്‍പാലിന്റെ പങ്കാളി മുമ്പ് സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ പ്രസ്താവിച്ചിരുന്നു.
Also Read: രാജ്യം സാമ്പത്തികമായി തിരിച്ചുവരവ് നടത്തുന്നതായി നിരവധി സൂചനകൾ: റിസർവ് ബാങ്ക് ഗവർണർ
ഈ വര്‍ഷം മാര്‍ച്ചിലാണ് സൗരഭ് കിര്‍പാലിനു മുതിര്‍ന്ന അഭിഭാഷക പദവി ലഭിച്ചത്. ഡല്‍ഹി ഹൈക്കോടതിയിലെ 31 ജഡ്ജിമാരും ഏകകണ്ഠമായാണ് ഈ തീരുമാനമെടുത്തത്. ജനീവയില്‍ ഐക്യരാഷ്ട്രസഭയില്‍ കിർപാൽ കുറച്ചുകാലം പ്രവര്‍ത്തിച്ചിരുന്നു.
‘സെക്‌സ് ആന്‍ഡ് ദി സുപ്രീം കോര്‍ട്ട്: ഹൗ ദി ലോ ഈസ് അപ്‌ഹോള്‍ഡിങ് ദി ഡിഗ്‌നിറ്റി ഓഫ് ഇന്ത്യന്‍ സിറ്റിസണ്‍’ എന്ന പുസ്തകത്തിന്റെ എഡിറ്ററും എഴുത്തുകാരനുമാണ് സൗരഭ് കിര്‍പാല്‍. ജസ്റ്റിസ് എം ബി ലോകൂര്‍, ജസ്റ്റിസ് ബി ഡി അഹ്‌മ്മദ്, ജസ്റ്റിസ് എ കെ സിക്രി, പ്രമുഖ അഭിഭാഷകരായ മുകുള്‍ റോത്തഗി, മാധവി ദിവാന്‍, മേനക ഗുരുസ്വാമി, അരുന്ധതി കട്‌ജു തുടങ്ങിയവര്‍ രചനകളുടെ ശേഖരമാണ് ഈ പുസ്തകം.