/indian-express-malayalam/media/media_files/uploads/2021/06/Supreme-Court-2-1.jpg)
ന്യൂഡൽഹി: ലഖിംപുര്‍ ഖേരി സംഭവത്തിൽ പ്രതികളെക്കുറിച്ചും അവരിൽ ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്നത് ഉള്‍പ്പെടെയുമുള്ള എഫ്‌ഐആറിന്റെ തല്‍സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി. നാലു കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടു പേര്‍ കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമെന്നു കോടതി പറഞ്ഞു.
''എട്ടു പേര്‍ മരിച്ചതായി ഞങ്ങള്‍ കേട്ടു, അവരില്‍ ചില കര്‍ഷകരും ഒരു പത്രപ്രവര്‍ത്തകനും മറ്റുള്ളവരുമുണ്ട്. നിങ്ങള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പ്രതികളാരാണെന്നും നിങ്ങള്‍ അവരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോയെന്നും ഞങ്ങള്‍ക്ക് അറിയണം. ഇവ ദയവായി തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുക,'' ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു.
കേസിന്റെ എല്ലാ വിശദാംശങ്ങളും സ്വീകരിച്ച നടപടികളും ഉള്‍ക്കൊള്ളുന്ന തല്‍സ്ഥിതി റിപ്പോര്‍ട്ട് ഒരു ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്നു യുപി സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗരിമ പ്രസാദ് കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് വാദം കേള്‍ക്കാനായി നാളത്തേക്കു ലിസ്റ്റ് ചെയ്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേൃത്വത്തില്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ലഖിംപൂര്‍ ഖേരി സംഭവവുമായി ബന്ധപ്പെട്ട് ബുധനാഴ്ചയാണു സുപ്രീം കോടതി രണ്ട് പൊതുതാല്‍പ്പര്യ ഹര്‍ജി രജിസ്റ്റര്‍ ചെയ്തത്. യുപി ആസ്ഥാനമായുള്ള രണ്ട് അഭിഭാഷകരായ ശിവ് കുമാര്‍ ത്രിപാഠിയും സി എസ് പാണ്ഡയും എഴുതിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. സ്വമേധയാ കേസെടുത്തതല്ലെന്നു സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.
അതേസമയം, കേസ് സുപ്രീംകോടതിയുടെ പരിഗണനക്ക് വരുന്നതിനു മുൻപായി കർഷകർ ഉൾപ്പടെ എട്ടു പേർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തിനായി ഉത്തർപ്രദേശ് സർക്കാർ ഏകാംഗ കമ്മിഷനെ നിയമിച്ചു. വിരമിച്ച മുൻ അലഹബാദ് ഹൈക്കോടതി ജഡ്ജി പ്രദീപ് കുമാര്‍ ശ്രിവാസ്തവയാണ് സംഭവം അന്വേഷിക്കുക. രണ്ടു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കാന്‍ അനുമതി തേടി സമീപിച്ച കര്‍ഷകസംഘടനയോട് ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നിട്ടില്ലാത്തതിനാല്‍ എന്തിനാണു പ്രതിഷേധിക്കുന്നതെന്നു സുപ്രീം കോടതി തിങ്കളാഴ്ച ചോദിച്ചിരുന്നു. ലഖിംപൂര്‍ ഖേരി പോലുള്ള സംഭവങ്ങള്‍ നടക്കുമ്പോള്‍ 'ആരും ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല' എന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരാമര്‍ശിക്കുകയും ചെയ്തു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകര്‍ക്കടയിലേക്കാണ് വാഹനവ്യൂഹം ഇടിച്ചുകയറിയത്. സംഭവത്തില്‍ നാലു കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേരാണ് മരിച്ചത്. വാഹനവ്യൂഹം കര്‍ഷകരുടെ പിന്നില്‍നിന്ന് ഇടിച്ചുകയറുന്ന വിഡിയോ പിന്നീട് പുറത്തുവന്നിരുന്നു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനങ്ങളിലൊന്ന്. ഇതില്‍ മന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര കാറിലുണ്ടായിരുന്നതായാണ് ആരോപണം. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിനാണു യുപി പൊലീസ് കേസെടുത്തിരിക്കുന്നതെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ മകന്‍ സംഭവസ്ഥലത്തുണ്ടായിരുന്നിലെന്നാണ് മന്ത്രി പറയുന്നത്. കര്‍ഷകര്‍ക്കിടയിലുള്ളവർ വടിയും കല്ലുമായി ആക്രമിച്ചതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ ഇടിച്ചുകയറുകയായിരുന്നുവെന്നും മന്ത്രിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.