അവൻ എങ്ങനെ മരിച്ചുവെന്നതിൽ സംശയമില്ല, മന്ത്രിയുടെ മകന്റെ കാറിടിച്ച് തന്നെ: മാധ്യമപ്രവർത്തകന്റെ കുടുംബം

സംഭവങ്ങൾ വളച്ചൊടിക്കാൻ ചില മാധ്യമങ്ങൾ നടത്തുന്ന ശ്രമം കണ്ടു ഞെട്ടിപ്പോയെന്ന് കശ്യപിന്റെ സഹോദരൻ പവൻ പറഞ്ഞു

രാമൻ കശ്യപിന്റെ പിതാവ് രാം ദുലാരെ കശ്യപ്. (എക്സ്പ്രസ് ഫൊട്ടോ- വിശാൽ ശ്രീവാസ്തവ)

ലക്‌നൗ: ലഖിംപുർ ഖേരിയിൽ ഞായറാഴ്ച നടന്ന സംഘർഷത്തിൽ മാധ്യമപ്രവർത്തകനായ രാമൻ കശ്യപ് എങ്ങനെയാണ് മരിച്ചത് എന്നതിന്റെ വിശദാംശങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പരാതി നൽകിയിട്ടും സംഭവത്തിൽ കേസെടുത്തിട്ടില്ലെന്നും അദ്ദേഹത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും കുടുംബം പറയുന്നു.

എന്നാൽ, കശ്യപിന്റെ ശരീരത്തിലെ അടയാളങ്ങൾ അനുസരിച്ച്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷിന്റെ വാഹനവ്യൂഹം കർഷകർക്കിടയിലേക്ക് പാഞ്ഞുകയറിയപ്പോൾ കൊല്ലപ്പെട്ടത് തന്നെയാണെന്നാണ് കുടുംബം വിശ്വസിക്കുന്നത്. സംഭവത്തിൽ കൊല്ലപ്പെട്ട എട്ടു പേരിൽ നാല് പേർ കർഷകരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. മറ്റുള്ളവരിൽ ഒരാളാണ് 35-കാരനായ കശ്യപ്.

സംഭവങ്ങൾ വളച്ചൊടിക്കാൻ ചില മാധ്യമങ്ങൾ നടത്തുന്ന ശ്രമം കണ്ടു ഞെട്ടിപ്പോയെന്ന് കശ്യപിന്റെ സഹോദരൻ പവൻ പറഞ്ഞു. “വൈറലായ വീഡിയോയിൽ (പ്രതിഷേധക്കാർക്കിടയിലേക്ക് കാർ പാഞ്ഞുകയറുന്നതിന്റെ) എല്ലാം കാണാം. എന്റെ സഹോദരൻ എസ്‌യുവികൾ ഇടിച്ചതിനെ തുടർന്നാണ് മരിച്ചത്. ശരീരത്തിൽ കാർ ചക്രങ്ങളുടെ അടയാളങ്ങൾ ഉണ്ടായിരുന്നു. അത് എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമായി കാണാം. അവൻ എങ്ങനെ മരിച്ചു എന്നതിൽ സംശയമില്ല. മന്ത്രിയുടെ മകന്റെ കാറിടിച്ചതിനാലാണ്,” അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ തുടക്കം മുതൽ പറഞ്ഞത് ഒന്നുതന്നെയായിരുന്നു, ചില ചാനലുകൾ ഞങ്ങളുടെ പ്രസ്താവനകൾ എഡിറ്റ് ചെയ്യുകയും വളച്ചൊടിക്കുകയും ചെയ്തു.” പവൻ കൂട്ടിച്ചേർത്തു.

രാമൻ കശ്യപിന്റെ പിതാവ് കർഷകനായ റാം ദുലാരെ കശ്യപ് തിങ്കളാഴ്ച നിഘാസൻ പോലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകിയിരുന്നു, ആശിഷുമായി ബന്ധമുള്ള ഒരു കാർ ഇടിച്ചതിനെ തുടർന്ന് കശ്യപ് മരിച്ചുവെന്നും അദ്ദേഹത്തിനു നേരെ വെടിയുതിർക്കുകയും ചെയ്തുവെന്നും സംഭവത്തിന്റെ ദൃശ്യങ്ങളിൽ വെടിയൊച്ചകൾ കേൾക്കാമെന്നുമാണ് പരാതിയിൽ പറയുന്നത്.

പക്ഷെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തില്ല. എന്തുകൊണ്ടാണ് പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാതിരുന്നത് എന്ന് അന്വേഷിച്ചപ്പോൾ, പരാതി ടികുനിയ പോലീസ് സ്റ്റേഷനിലക്ക് കൈമാറിയെന്നും തുടർന്ന് നടപടികൾ അവിടെ സ്വീകരിക്കുമെന്നുമാണ് നിഘാസൻ എസ്എച്ഒ രാം ലഖാൻ പറഞ്ഞത്.

കശ്യപിന്റെ ശരീരത്തിൽ ടയറുകൾക്ക് അടിയിൽപ്പെട്ട് വലിച്ചിഴക്കപ്പെട്ടതിന്റെ അടയാളങ്ങളുണ്ടായിരുന്നു എന്നാണ് പിതാവ് പറയുന്നത്. “അവന്റെ ശരീരത്തിൽ ചില കല്ലുകൾ കുടുങ്ങിയിരുന്നു. തങ്ങൾ കർഷകരായതിനാൽ തുടക്കം മുതൽ അവരെ പിന്തുണച്ചിട്ടുണ്ട്, രാമൻ ആദ്യം കർഷകനായിരുന്നു പിന്നീടാണ് മാധ്യമപ്രവർത്തകനായത്,” അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച കർഷക പ്രക്ഷോഭം റിപ്പോർട്ട് ചെയ്യുന്നതിനായാണ് രാമൻ പോയത്. സംഘർഷത്തിനു ശേഷം മൊബൈലിൽ തുടർച്ചായി വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. അടുത്ത ദിവസം രാവിലെ അജ്ഞാത മൃതദേഹം കണ്ടെത്തി എന്ന് പൊലീസ് അറിയിച്ചപ്പോൾ പോയി രാമൻ ആണെന്ന് തിരിച്ചറിയുകയായിരുന്നുവെന്ന് പവൻ പറഞ്ഞു.

ബുധനാഴ്ച, പ്രാദേശിക എസ്ഡിഎം വഴി സർക്കാരിന്റെ 45 ലക്ഷം രൂപയുടെ ധനസഹായം കുടുംബത്തിന് കൈമാറി. കുട്ടികളെ വളർത്താൻ കശ്യപിന്റെ ഭാര്യക്ക് ഒരു ജോലി നൽകാൻ അവരോട് ആവശ്യപ്പെട്ടതായും പവൻ പറഞ്ഞു.

മാധ്യമപ്രവർത്തകരെ സംരക്ഷിക്കുന്നതിന് നിയമം കൊണ്ടുവരണമെന്നാണ് സഹോദരൻ ആഗ്രഹിച്ചിരുന്നത് എന്ന് പവൻ പറഞ്ഞു. എല്ലാത്തിനുമുപരി, സർക്കാർ നീതി കാണിക്കുമെന്നും മന്ത്രിയെയും മകനെയും മറ്റാരെയും പോലെ തന്നെ കൈകാര്യം ചെയ്യുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read: ലഖിംപുര്‍ ഖേരി: സുപ്രീം കോടതി സ്വമേധയാ കേസെടുത്തു, ഇന്ന് പരിഗണിക്കും

കുട്ടിക്കാലം മുതൽ സമൂഹത്തിനായി എന്തെങ്കിലും ചെയ്യാൻ കശ്യപ് ആഗ്രഹിച്ചിരുന്നു എന്ന് സുഹൃത്തും അയൽക്കാരനുമായ ഉമേഷ് പാണ്ഡെ പറയുന്നത്. “സ്വകര്യ സ്‌കൂളിൽ അധ്യാപകനായിരിക്കെ അവൻ പത്രപ്രവർത്തനത്തിലേക്ക് വന്നത് അങ്ങനെയാണ്. അഞ്ച് മാസം മുൻപാണ് സാധ്‌ന ടിവിയിൽ റിപ്പോർട്ടറായി രാമൻ കശ്യപ് ജോലിയിൽ പ്രവേശിച്ചത്. സാമൂഹിക പ്രശ്നങ്ങളാണ് കശ്യപ്‌ കൂടുതൽ റിപ്പോർട്ട് ചെയ്തിരുന്നത് എന്ന് പാണ്ഡെ പറഞ്ഞു.

“എന്റെ സഹോദരൻ റിപ്പോർട്ടിലൂടെ എപ്പോഴും സമൂഹത്തിന്റെ സത്യാവസ്ഥകൾ കാണിച്ചു. എപ്പോഴും സത്യത്തിനൊപ്പം നിൽക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. വീട്ടിൽ പോലും, അവൻ അങ്ങനെയായിരുന്നു.” പവൻ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Lakhimpur kheri violence journalist raman kashyap death

Next Story
ലഖിംപുര്‍ ഖേരി: സ്വമേധയാ കേസെടുത്തിട്ടില്ല, ആശയവിനിമയത്തിൽ ഉണ്ടായ പ്രശ്നമെന്ന് സുപ്രീംകോടതിAjay Mishra, Lakhimpur Kheri, Uttar Pradesh, farmers protest, Lakhimpur Kheri arrest, Lakhimpur Kheri Asish Mishra, latest news, malayalam news, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com