/indian-express-malayalam/media/media_files/uploads/2018/10/justice-ranjan-gogoi-copy.jpg)
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരായ ആരോപണത്തില്‍ ഗൂഢാലോചന അന്വേഷിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഗൂഢാലോചന ആരോപിച്ച അഭിഭാഷകനായ ഉത്സവ് ബെയിന്‍സിനോട് കൂടുതല്‍ വിവരങ്ങളടങ്ങിയ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി മൂന്നംഗ ബഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
ഗൂഢാലോചന ആരോപിച്ച് അഭിഭാഷകനായ ഉത്സവ് ബെയിന്‍സ് ഇന്ന് രാവിലെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസിനെതിരെ വ്യാജ കേസ് ഉണ്ടാക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. ഗൂഢാലോചന ആരോപണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി. ഉത്സവ് ബെയിന്‍സ് ആരോപിച്ച ഗൂഢാലോചനയാണ് സുപ്രീം കോടതി പരിഗണിക്കുന്നതെന്നും അതിന് ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണവുമായി ബന്ധമില്ലെന്നും മൂന്നംഗ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.വിഷയത്തിന്റെ വേരിലേക്കിറങ്ങി അന്വേഷണം നടത്തും. സത്യം പുറത്തുകൊണ്ടുവരും. അത് കോടതിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന കാര്യമാണെന്നും കോടതി പറഞ്ഞു.കേസിൽ മുൻവിധികളോടെ അന്വേഷണം പാടില്ലെന്ന് അഡ്വക്കറ്റ് ഇന്ദിര ജയ്സിങ് വാദത്തിനിടെ പറഞ്ഞു.
ചീഫ് ജസ്റ്റിസിനെതിരായ പരാതിയില്‍ സിബിഐ, ഐബി, ഡല്‍ഹി പൊലീസ് മേധാവികളെ സുപ്രീം കോടതി നേരത്തെ വിളിച്ചുവരുത്തിയിരുന്നു.ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണ പരാതിയില്‍ ഗൂഢാലോചനയുണ്ടെന്ന് ഒരു അഭിഭാഷകന്‍ അറിയിച്ചതിനു പിന്നാലെയാണ് കോടതിയുടെ നടപടി. ഉച്ചയ്ക്ക് 12.30 നാണ് സിബിഐ, ഐബി മേധാവികളെ സുപ്രീം കോടതി വിളിച്ചുവരുത്തിയത്. അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് ആര്‍.എഫ്.നരിമാന്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരാണ് ബഞ്ചിലെ മറ്റ് അഭിഭാഷകര്‍.
Read More: ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണ പരാതി മൂന്നംഗ സമിതി അന്വേഷിക്കും
അഭിഭാഷകനായ ഉത്സവ് ബെയിന്‍സാണ് ചീഫ് ജസ്റ്റിസിനെതിരെ വ്യാജ കേസ് നല്‍കാന്‍ തന്നെ സമീപിച്ചു എന്ന ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ഇതിനു പിന്നാലെ കോടതി നടപടികളിലേക്ക് കടന്നു. ഇത് സത്യമാണെങ്കില്‍, ഗുരുതരമായ വിഷയമാണിതെന്ന് കോടതിയും പറഞ്ഞു. അഭിഭാഷകന്‍ ഉത്സവിന്റെ വെളിപ്പെടുത്തല്‍ ചീഫ് ജസ്റ്റിസിനെതിരായ അന്വേഷണത്തെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതിയുടെ സുതാര്യമായ നടത്തിപ്പിനെ ഇത് ബാധിക്കുമെന്നും മറ്റ് ഭാഗങ്ങളില്‍ നിന്ന് കോടതി നിയന്ത്രിക്കപ്പെടുന്നത് അപകടകരമാണെന്നും ബഞ്ചിലെ അഭിഭാഷകനായ ജസ്റ്റിസ് മിശ്ര വ്യക്തമാക്കി.
Read More: ജുഡീഷ്യറി വലിയ ഭീഷണി നേരിടുന്നു: ആരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ്
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരെ വ്യാജ കേസുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പണം അടക്കം തനിക്ക് വാഗ്‌ദാനം ചെയ്യപ്പെട്ടതായി അഭിഭാഷകനായ ഉത്സവ് ബെയിന്‍ കഴിഞ്ഞ ദിവസം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. വിവാദവുമായി ബന്ധപ്പെട്ട് കോടതയില്‍ നിന്ന് പുറത്താക്കപ്പെട്ട രണ്ട് ജോലിക്കാരുടെ പേരുള്ളതും വളരെ ഗൗരവമായാണ് സുപ്രീം കോടതി കാണുന്നത്. ഉത്സവിന്റെ സത്യവാങ്മൂലത്തില്‍ ഗുരുതര വിഷയങ്ങളുണ്ടെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി. സ്വതന്ത്രമായി വിധികള്‍ പുറപ്പെടുവിക്കുന്നതാണ് ചീഫ് ജസ്റ്റിസിനെതിരെ ഇത്രയും വ്യാജ ആരോപണങ്ങള്‍ കെട്ടിച്ചമക്കാനുള്ള കാരണമെന്നും അരുണ്‍ മിശ്ര വാദത്തിനിടയില്‍ ചൂണ്ടിക്കാട്ടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us