ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിളിച്ചു ചേർത്ത അടിയന്തര സിറ്റിങ്ങിൽ തനിക്കെതിരെ ചില ഓൺലൈൻ മാധ്യമങ്ങൾ നൽകിയ ലൈംഗിക ആരോപണ റിപ്പോർട്ടുകളിൽ കടുത്ത അതൃപ്തി അറിയിച്ചു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ തകർക്കാനുളള ശ്രമമാണിതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
സുപ്രീം കോടതിയിലെ മുൻ ജീവനക്കാരി ചീഫ് ജസ്റ്റിനെതിരെ ഉയർത്തിയ ആരോപണങ്ങൾ ചില ഓൺലൈൻ വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് ഇന്നു രാവിലെ 10.39 ന് അടിയന്തര സിറ്റിങ് ചേർന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ പ്രത്യേക ബെഞ്ചിൽ ജസ്റ്റിസുമാരായ അരുൺ മിശ്ര, സഞ്ജീവ് ഖന്ന എന്നിവരും ഉണ്ടായിരുന്നു. ഇത് അവിശ്വസനീയമാണെന്നും ആരോപണങ്ങൾ നിഷേധിച്ച് അത്രയും തരം താഴാൻ താൻ താൽപര്യപ്പെടുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഈ വിഷയം കോടതി ഗൗരവമായി എടുക്കണമെന്ന് ആവശ്യപ്പെട്ടു
ഇത്തരം ആരോപണം ഉയർത്തി ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ പ്രവർത്തനരഹിതമാക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും ജുഡീഷ്യറി വലിയ ഭീഷണി നേരിടുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അടുത്ത ആഴ്ച പ്രധാനപ്പെട്ട കേസുകൾ കോടതിയുടെ പരിഗണയ്ക്ക് വരുന്നു. അതിനാലാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു.
20 വർഷത്തെ സേവനത്തിന് ചീഫ് ജസ്റ്റിസിന് കിട്ടിയ പാരിതോഷികമാണോ ഇതെന്നും അദ്ദേഹം ചോദിച്ചു. 20 വർഷമായിട്ടും 6,80,000 രൂപ മാത്രമാണ് എന്റെ അക്കൗണ്ടിലുളളത്. ആർക്കുവേണമെങ്കിലും ബാലൻസ് പരിശോധിക്കാം. എന്റെ ശിപായിക്കുപോലും ഇതിലധികം പണം ഉണ്ടാകും. വിരമിക്കുന്നതുവരെ തന്റെ ഡ്യൂട്ടിയിൽനിന്നും മാറി നിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read: ‘പൊതുതാൽപര്യമുളള’ പ്രധാന വിഷയം പരിഗണിക്കാൻ സുപ്രീം കോടതിയിൽ അടിയന്തര സിറ്റിങ്
ഇതിനു മുൻപ് ഇത്തരത്തിൽ രണ്ടു ആരോപണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ പറഞ്ഞു. വിരമിച്ച ജസ്റ്റിസ് സ്വതന്ത്ര കുമാറിനെതിരെയും മറ്റൊന്ന് മുതിർന്ന അഭിഭാഷകൻ അഭിലാഷ് മനു സിങ്‌വിക്കെതിരെയും ആയിരുന്നു. രണ്ടു കേസിലും ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നുവെന്ന് വേണുഗോപാൽ പറഞ്ഞു.
”ലൈംഗിക കേസുകളിൽ ഇരയുടെയും ആരോപിതനായ വ്യക്തിയുടെയും പേര് വെളിപ്പെടുത്തരുതെന്ന് നിയമം അനുശാസിക്കുന്നുണ്ട്. പക്ഷേ ഇപ്പോഴത്തെ സംഭവത്തിൽ പേരടക്കമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്” വേണുഗോപാൽ പറഞ്ഞു.
”അടിയന്തര സിറ്റിങ് ചേർന്നതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. കാര്യങ്ങൾ വളരെ ദൂരം പോയതിനാലാണ് അസാധാരണമായ ഇത്തരമൊരു നടപടി സ്വീകരിച്ചത്. ജുഡീഷ്യറി ഒരിക്കലും ബലിയാടാകാൻ പാടില്ല,” ചീഫ് ജസ്റ്റിസ് പറഞ്ഞു. യുവതിക്കെതിരായ ചില ക്രിമിനൽ കേസുകളിലെ ജാമ്യ ഹർജി പരിഗണിക്കുന്ന തീയതിക്ക് തന്നെയാണ് ആരോപണങ്ങളും ഉയർന്നിരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
എന്തും ചെയ്യാൻ മടിയില്ലാത്ത വ്യക്തിയിൽ നിന്നാണ് ആരോപണം ഉയർന്നിരിക്കുന്നതെന്ന് മേത്ത പറഞ്ഞു. ഇത്തരം വ്യക്തികളിൽനിന്നും ജഡ്ജിമാർക്കെതിരെ വരുന്ന ആരോപണങ്ങളിലൂടെ സ്വതന്ത്രമായി പ്രവർത്തിക്കാൻ ജുഡീഷ്യറിക്ക് കഴിയാതെ വരുമെന്നും ജുഡീഷ്യറിയിലുളള ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കുമെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു.
ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ ജുഡീഷ്യറിയുടെ സ്വതന്ത്ര്യത്തെ ബാധിക്കരുതെന്ന് മാധ്യമങ്ങൾ ഉറപ്പുവരുത്തണമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. ”ഉത്തരവാദിത്തത്തോടെയുളള പ്രവർത്തനമാണ് മാധ്യമങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്. എന്താണ് പ്രസിദ്ധീകരിക്കേണ്ടതെന്നും എന്താണ് പ്രസിദ്ധീകരിക്കാതിരിക്കേണ്ടെന്നും മാധ്യമങ്ങൾ തീരുമാനിക്കണം. അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങൾ റെപ്യൂട്ടേഷനെ തകർക്കുകയും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയും ചെയ്യും. അതിനാൽ ഈ അവസരത്തിൽ ഇത്തരം വസ്തുതകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന തീരുമാനം മാധ്യമങ്ങൾക്ക് വിട്ടുകൊടുക്കുന്നു,” ബെഞ്ച് വ്യക്തമാക്കി.
ലീഫ്ലെറ്റ്, ദി വയർ, കാരവൻ, സ്കോൾ ഡോട് ഇൻ അടക്കം നാലു മീഡിയ ഹൗസുകളിൽനിന്നും ഇ-മെയിൽ ലഭിച്ചുവെന്നും 24 മണിക്കൂറിനകം മറുപടി ആവശ്യപ്പെട്ടുവെന്നും സുപ്രീം കോടതി സെക്രട്ടറി ജനറലിന്റെ ഓഫീസ് വ്യക്തമാക്കി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന മറുപടിയാണ് കോടതി നൽകിയത്.
ഓൺലൈൻ മാധ്യമങ്ങളായ കാരവൻ, ലീഫ്ലെറ്റ്, സ്കോൾ, വയർ ആരോപണത്തിലെ തന്റെ പ്രതികരണം തേടി ബന്ധപ്പെട്ടുവെന്നും 12 മണിക്കൂറാണ് മറുപടി നൽകാൻ തനിക്ക് സമയം അനുവദിച്ചതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ആരോപണങ്ങൾ നിഷേധിച്ചു കൊണ്ടുളള മറുപടി സെക്രട്ടറി ജനറൽ നൽകിയെന്നും അദ്ദേഹം പറഞ്ഞു.