/indian-express-malayalam/media/media_files/uploads/2018/10/atm.jpg)
ഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ എറ്റിഎമ്മുകളിൽ നിന്ന് പ്രതിദിനം പിൻവലിക്കാവുന്ന തുകയുടെ പരിധി കുറച്ചു. ഇനിമുതൽ പ്രതിദിനം 20,000 രൂപ മാത്രമേ പിൻവലിക്കാനാകു, നേരത്തെ ഇത് 40,000 രൂപയായിരുന്നു.
എറ്റിഎം വ്യാജ ഇടപാടുകൾ വർദ്ധിക്കുന്നതും, ഡിജിറ്റൽ-ക്യാഷ്‍ലെസ്സ് ഇടപാടുകളെ പ്രോത്സഹിപ്പിക്കുന്നതിനുമാണ് പ്രതിദിനം പിൻവലിക്കാവുന്ന തുകയുടെ പരിധി കുറച്ചതെന്ന് എസ്ബിഐ അധികൃതർ അറിയിച്ചു. 'ക്ലാസിക്,' 'മാസ്ട്രോ' ഡെബിറ്റ് കാർഡുകളിൽ ഇനി മുതൽ 20,000 രൂപ മാത്രമേ പ്രതിദിനം പിൻവലിക്കാനാകൂ.
ഡിജിറ്റൽ ഇടപാടുകൾ കൂടുതലായും പ്രോത്സഹിപ്പിക്കുന്നുണ്ടെങ്കിലും ആളുകൾക്കിടയിൽ കൂടുതലായും പണം ഉപയോഗിച്ചുള്ള ഇടപാടുകളാണ് നടക്കുന്നത്. നോട്ട് നിരോധനത്തിന് മുമ്പും പിമ്പും സ്ഥിതി വ്യത്യസ്ഥമല്ല.
നോട്ട് നിരോധനകാലത്ത് പണ വിനിയോഗത്തിൽ കുറവുണ്ടാകുമെന്ന് കണക്കാക്കിയിരുന്നുവെങ്കിലും ആ ധാരണകളെ മറികടന്ന് കറൻസി തന്നെയാണ് ഇന്നും വിനിമയത്തിന് ഉപയോഗിക്കുന്ന പ്രധാന മാർഗ്ഗമായി തുടരുന്നത്. മാത്രമല്ല, പണം പിൻവലിക്കുന്നതിൽ വൻ വർധനയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.നോട്ട് നിരോധനകാലത്തിന് മുമ്പുണ്ടായിരുന്ന ശരാശരി പിൻവലിക്കൽ 2.2 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ അതിനേക്കാൾ വലിയ വർധനവാണ് നോട്ട് നിരോധനത്തിന് ശേഷമുളള ഈ കണക്കുകൾ.
Read More:"നോട്ടിന് മേലെ പരുന്തുമില്ല", നോട്ട് നിരോധനത്തെ അസാധുവാക്കി പണമൊഴുകുന്നു
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ എറ്റിഎം കൗണ്ടറുകളിൽ നിന്നും നിരവധി തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒളിക്യാമറകൾ ഉപയോഗിച്ചും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചും വിവരങ്ങൾ ചോർത്തി വലിയ തുകകൾ എറ്റിഎം കൗണ്ടറുകളിൽ നിന്ന് തട്ടിയെടുക്കുന്നത് പതിവായിരുന്നു. പ്രതിദിനം പിൻവലിക്കാവുന്ന തുകയുടെ പരിധി കുറക്കുന്നത് വഴി തട്ടിപ്പുകളും കുറയുമെന്ന് കരുതപ്പെടുന്നു.
പണം പിൻവലിക്കുന്നവരിൽ ഭൂരിഭാഗവും പ്രതിദിനം 20,000 രൂപയിൽ താഴെ മാത്രം പിൻവലിക്കുന്നവരാണ്. അത്കൊണ്ട് തന്നെ എല്ലാവർക്കും സ്നീകാര്യമായ തുകയാണിതെന്നും, ഇതുവഴി തട്ടിപ്പുകൾ കുറക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്നും എസ്ബിഐ മാനേജിങ് ഡയറക്ടർ പി.കെ ഗുപ്തയെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ പണം ആവശ്യമുള്ളവർക്ക് മറ്റ് പ്ലാറ്റ്ഫോമുകളിലുള്ള കാർഡുകൾ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.