നോട്ട് നിരോധന “സ്വപ്‌നങ്ങളെ” മറികടന്ന് യാഥാർത്ഥ്യത്തിലേയ്‌ക്ക് വീണ്ടും പണമൊഴുകുന്നു. നോട്ട് നിരോധനകാലത്ത് പണ വിനിയോഗത്തിൽ കുറവുണ്ടാകുമെന്ന് കണക്കാക്കിയിരുന്നുവെങ്കിലും ആ​ ധാരണകളെ മറികടന്ന് കറൻസി തന്നെയാണ് ഇന്നും വിനിമയത്തിന് ഉപയോഗിക്കുന്ന പ്രധാന മാർഗമായി തുടരുന്നു. മാത്രമല്ല,​ പണം പിൻവലിക്കുന്നതിൽ വൻ വർധനയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തെ വ്യത്യസ്‌തമായ 66 ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്നായി 2.65 ലക്ഷം കോടി രൂപ ഏപ്രിൽ 2018 ൽ പിൻവലിച്ചതായി കണക്കുകൾ. ഇതേ കാലയളവിൽ മുൻവർഷത്തുണ്ടായിരുന്നതിനേക്കാൾ 22 ശതമാനം വർധനവാണിതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. നോട്ട് നിരോധനകാലത്തിന് മുമ്പുണ്ടായിരുന്ന ശരാശരി പിൻവലിക്കൽ 2.2 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ അതിനേക്കാൾ വലിയ വർധനവാണ് നോട്ട് നിരോധനത്തിന് ശേഷമുളള ഈ​ കണക്ക്. എടിഎമ്മുകളിലേയും പോയിന്റ് ഓഫ് സെയിലിന്റെയും (പിഒഎസ്) കണക്കുകൾ സംബന്ധിച്ച് മാസാടിസ്ഥാനത്തിലുളള രേഖയാണ് ആർബിഐ പുറത്തുവിട്ടത്.

ഏപ്രിൽ 2018 ലെ കണക്കുകൾ പ്രകാരം 76 കോടി ട്രാൻസാക്ഷനുകളിലൂടെ 2.65 ലക്ഷം കോടി രൂപയാണ് പിൻവലിച്ചത്. ഇത് കഴിഞ്ഞ വർഷം ഏപ്രിലിൽ 2.16 ലക്ഷം കോടിയായിരുന്നു. അതിന് അഞ്ച് മാസം മുമ്പാണ് 2016 നവംബർ എട്ടിന് രാത്രി ടെലിവിഷനിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. 500 രൂപയും ആയിരം രൂപയും നോട്ടുകളുടെ മൂല്യം അസാധുവാക്കിയായിരുന്നു ആ നിരോധനം. നിരോധനം പ്രഖ്യാപിക്കുന്നതിന് കാരണമായി കളളപ്പണം പിടിച്ചെടുക്കൽ, കശ്‌മീരിലെയുൾപ്പടെയുളള തീവ്രവാദം തടയൽ എന്നിവയിൽ തുടങ്ങി അവസാനം ഡിജിറ്റൽ ഇക്കോണമി വരെ അവകാശവാദങ്ങളും നിരത്തി. പണം ഒഴിവാക്കിയുളള​ വിനിമയങ്ങളാണ് ഇനി എന്നുളളതായിരുന്നു പിന്നീട് കേന്ദ്രസർക്കാരും അവരെ പിന്തുണയ്‌ക്കുന്നവരും ഉയർത്തിയിരുന്ന വാദമുഖങ്ങൾ.

എടിഎമ്മിൽ നിന്നുളള പണം പിൻവലിക്കലിന്റെ വർധനയ്ക്കൊപ്പമല്ലെങ്കിലും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുളള പോയിന്റ് ഓഫ് സെയിലിലും (പിഒഎസ്)വർധനയുണ്ടായിട്ടുണ്ട്. ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുളള പിഒഎസ് നിരക്ക് 27 കോടി വിനിമയങ്ങളിൽ നിന്നും 38,000 കോടി രൂപയായിരുന്നത് ഈ ഏപ്രലിൽ 33 കോടി വിനിമയങ്ങളിൽ നിന്നും 45,500 കോടി രൂപയായി വർധിച്ചു. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുളള പിഒഎസ് ഇടപാടുകൾ പത്ത് കോടി വിനിമയങ്ങളിൽ നിന്നും 33, 142 കോടി രൂപയായിരുന്നത് 13 കോടി വിനിമയങ്ങളിൽ നിന്നും 44, 834 കോടി രൂപയായും മാറി. ഇത് പണം പിൻവലിക്കുന്ന അളവിനെ അപേക്ഷിച്ച് കുറവാണെങ്കിലും ഈ മേഖലയിലെ വളർച്ചയാണ്.

നേരത്തെ റിസർവ് ബാങ്ക് പുറത്തുവിട്ട രേഖകൾ പ്രകാരം പണത്തിന്റെ വിനിമയത്തിൽ റെക്കോർഡ് വർധനവുണ്ടായതായി വ്യക്തമാക്കുന്നുണ്ട്. നോട്ട് നിരോധനകാലത്ത് ഏറ്റവും കുറഞ്ഞിരുന്നുവെങ്കിൽ പൊതുവിടങ്ങളിലുളള പണത്തിന്റെ അളവ് അന്നുളളതിന്റെ രണ്ടിരട്ടിയിലേറെയാണെന്നാണ് റിസർവ് ബാങ്കിന്റെ ഡാറ്റ വ്യക്തമാക്കുന്നത്. നോട്ട് നിരോധനത്തിന്ശേഷമുളള കാലത്ത് 7.8 ലക്ഷം കോടി രൂപയായിരുന്നത് ഇന്ന് 18.5 ലക്ഷം കോടി രൂപയായി ഉയർന്നിരിക്കുന്നുവെന്നാണ് ഈ കണക്ക് പറയുന്നത്. സർക്കുലേഷനിലുളള കറൻസിയുടെ അളവിലാണ് ഈ വർധന. കൈവശം ഉളള​ പണത്തിന്റെ അളവിലും നോട്ട് നിരോധനകാലത്തെക്കാൾ വർധനയാണ് റിസർവ് ബാങ്കിന്റെ ഡാറ്റ കാണിക്കുന്നത്. 2016 നവംബറിൽ ജനങ്ങളുടെ കൈവശം ഉണ്ടായിരുന്ന പണം (സിഡബ്ലിയുപി) 17 ലക്ഷം കോടി രൂപയുടെ പണമായിരുന്നുവെങ്കിൽ​ ഏപ്രിൽ അവസാനത്തോടെ ഏഴ് ശതമാനം ഉയർന്ന് 18.25 ലക്ഷം കോടി രൂപയായി എന്നും കണക്കുകൾ ​പറയുന്നു.

കറൻസി തന്നെയാണ് ഏഷ്യയിലെ ധനവിനിമയ മാർഗമായി ഇന്നും മുൻപന്തിയിൽ നിൽക്കുന്നതെന്ന് കഴിഞ്ഞ വർഷം നടന്ന പേ പാലിന്റെ പഠനം പറയുന്നുണ്ട്. ഇന്റർനെറ്റിന്റെ വളർച്ചയും സ്‌മാർട്ട് ഫോണുകളുടെ പ്രാചരവും ശക്തമാണെങ്കിലും ഇതാണ് സ്ഥിതിയെന്ന് ആ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഡിജിറ്റൽ അല്ലെങ്കിൽ കറൻസി രഹിത സമ്പദ് വ്യവസ്ഥയേക്കാൾ കറൻസി ഉപയോഗിക്കാനാണ് ഇന്ത്യയിലെ 57ശതമാനവും മുൻഗണന നൽകുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ