/indian-express-malayalam/media/media_files/uploads/2023/04/Sachin-Pilot.jpg)
ന്യൂഡൽഹി: രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ നിരാഹാര സമരത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി കോൺഗ്രസ് ഹൈക്കമാൻഡ്. സച്ചിന്‍ പൈലറ്റിന്റെ സമരം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും പാര്‍ട്ടി താത്പര്യത്തിന് എതിരുമാണെന്നാണ് ഹൈക്കമാൻഡ് വ്യക്തമാക്കിയത്. അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി എടുത്തേക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ഹൈക്കമാൻഡിന്റെ മുന്നറിയിപ്പ്.
''സച്ചിൻ പൈലറ്റിന്റെ ഉപവാസം പാർട്ടി താൽപര്യങ്ങൾക്ക് വിരുദ്ധവും പാർട്ടി വിരുദ്ധ പ്രവർത്തനവുമാണ്. സ്വന്തം സർക്കാരുമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ മാധ്യമങ്ങളിലും പൊതുസമൂഹത്തിലും ചർച്ച ചെയ്യുന്നതിനു പകരം പാർട്ടി വേദികളിൽ ചർച്ച ചെയ്യാം,'' രാജസ്ഥാന്റെ ചുമതലയുള്ള എഐസിസിസി പ്രതിനിധി സുഖ്‌വീന്ദര്‍ സിങ് രണ്‍ധാവ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
“കഴിഞ്ഞ അഞ്ച് മാസമായി ഞാൻ എഐസിസി ചുമതലയുള്ള ആളാണ്, പൈലറ്റ് ഈ വിഷയം എന്നോട് ചർച്ച ചെയ്തിട്ടില്ല. ഞാൻ അദ്ദേഹവുമായി എപ്പോഴും സംസാരിക്കാറുണ്ട്, അദ്ദേഹം കോൺഗ്രസ് പാർട്ടിക്ക് അനിഷേധ്യനായ നേതാവായതിനാൽ പ്രശ്നങ്ങൾ രമ്യപൂർവ്വം പരിഹരിക്കാൻ ഞാൻ ഇപ്പോഴും അഭ്യർത്ഥിക്കുന്നു.'' രൺധാവ പറഞ്ഞു.
രാഹുലിന്റെ അയോഗ്യതയിൽ പാർട്ടി പ്രതിഷേധം കടുപ്പിക്കുകയാണ്. ഞങ്ങൾ എല്ലാ ദിവസവും പത്രസമ്മേളനം നടത്തുന്നു, പ്രവർത്തകരെ അണിനിരത്തുന്നു. ഇപ്പോൾമ നിരാഹാര സമരത്തിനുള്ള ശരിയായ സമയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൈലറ്റുമായി ഫോണിൽ സംസാരിച്ച രൺധാവ ഞായറാഴ്ചത്തെ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഡൽഹിയിൽ വരാൻ ആവശ്യപ്പെട്ടതായി ഹൈക്കമാൻഡ് വൃത്തങ്ങൾ പറഞ്ഞു. പൈലറ്റിനെയും ഗെഹ്‌ലോട്ടിനെയും കാണാൻ ജയ്പൂരിലേക്ക് പോകാനാണ് രൺധാവ ആദ്യം തീരുമാനിച്ചതെങ്കിലും, പിന്നീട് ഈ തീരുമാനം മാറ്റി പൈലറ്റിനെ ഡൽഹിയിലേക്ക് വിളിക്കുകയായിരുന്നു.
ഞായറാഴ്ച വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇന്ന് ഒരു ദിവസത്തെ ഉപവാസ സമരം പൈലറ്റ് പ്രഖ്യാപിച്ചത്. വസുന്ധര രാജയുടെ നേതൃത്വത്തിലുള്ള മുന്‍ ബിജെപി സര്‍ക്കാരിന്റെ അഴിമതിയാരോപണങ്ങളില്‍ അന്വേഷണമാവശ്യപ്പെട്ടാണ് അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിനെതിരെ സച്ചിന്‍ പൈലറ്റ് നിരാഹാര സമരം പ്രഖ്യാപിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.