ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് (എഎപി) ദേശീയ പാര്‍ട്ടി പദവി നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ), ഓള്‍ ഇന്ത്യ ത്രിണമൂല്‍ കോണ്‍ഗ്രസ് (എഐടിസി), നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) എന്നീ പാര്‍ട്ടികള്‍ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായി.
എഎപിയുടെ ദേശീയ പാർട്ടി പദവി സംബന്ധിച്ച് ഏപ്രിൽ 13-നകം ഉചിതമായ ഉത്തരവുകൾ പുറപ്പെടുവിക്കാൻ കർണാടക ഹൈക്കോടതി കഴിഞ്ഞയാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിച്ചിരുന്നു.
2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം, എന്തുകൊണ്ടാണ് ദേശീയ പാർട്ടി പദവി റദ്ദാക്കാൻ പാടില്ലാത്തതെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2019 ജൂലൈയിൽ കമ്മിഷന്‍ മൂന്ന് പാർട്ടികൾക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.
നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ അംഗീകൃത സംസ്ഥാന പാർട്ടിയാണെങ്കിൽ മാത്രമെ ഒരു പാർട്ടി ദേശീയ പാർട്ടിയായി പരിഗണിക്കപ്പെടുകയുള്ളു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ കുറഞ്ഞത് നാല് സംസ്ഥാനങ്ങളില്‍ നിന്നും ആറ് ശതമാനത്തിലധികം വോട്ട് നേടണം. ലോക്‌സഭയില്‍ നാല് എംപിമാരെങ്കിലും ഉണ്ടായിരിക്കണം.