/indian-express-malayalam/media/media_files/uploads/2019/03/Supreme-Court-of-India.jpg)
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലിയിലെ സ്ഥാനക്കയറ്റത്തിനു സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി. സ്ഥാനക്കയറ്റത്തിന് സംവരണം ഒരു സംസ്ഥാനം അനുവദിച്ചില്ലെങ്കില്‍ നിര്‍ബന്ധിക്കാനാകില്ലെന്നും ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. ഇതുസംബന്ധിച്ച് കോടതിയുടെ മുന്‍ തീരുമാനങ്ങളെ ബഞ്ച് പരാമര്‍ശിച്ചു.
ഉത്തരാഖണ്ഡ് പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍) തസ്തികകളില്‍ സ്ഥാനക്കയറ്റത്തിനായി പട്ടികജാതി-വര്‍ഗക്കാര്‍ക്കു സംവരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഒരു കൂട്ടം അപ്പീലുകളിലാണു സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്.
സംവരണം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരല്ല. സംവരണം നല്‍കണമെന്നു സര്‍ക്കാരിനോട് നിര്‍ദേശിക്കാനാവില്ല. സര്‍ക്കാര്‍ സര്‍വീസില്‍ പ്രത്യേക വിഭാഗങ്ങള്‍ക്കു പ്രാതിനിധ്യമില്ലെന്ന കൃത്യമായ കണക്കുകള്‍ കാണാതെ സംവരണത്തിനു നിബന്ധന വയ്ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Read Also: സംസ്ഥാനത്ത് മെഡിക്കൽ വിജിലൻസ് സെൽ രൂപീകരിക്കും
ഭരണഘടനയുടെ 16 (4), 16 (4എ) എന്നീ അനുച്‌ഛേദങ്ങള്‍ വ്യവസ്ഥകള്‍ ബാധമാകുന്ന സ്വഭാവത്തിലുള്ളതാണ്. സംവരണം നല്‍കുന്നതു സംസ്ഥാന സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍ പെടുന്നകാര്യമാണ്. പൊതു തസ്തികകളില്‍ നിയമനത്തിനായി സംവരണം നല്‍കാന്‍ നിര്‍ദേശിക്കാനാവില്ല.
അതുപോലെ, സ്ഥാനക്കയറ്റങ്ങളില്‍ പട്ടികജാതി-വര്‍ഗക്കാര്‍ക്കും സംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാനം ബാധ്യസ്ഥരല്ല. ''എന്നാല്‍ വിവേചനാധികാരം പ്രയോഗിക്കാനും അത്തരം വ്യവസ്ഥകള്‍ നല്‍കാനും സംസ്ഥാനം ആഗ്രഹിക്കുന്നുവെങ്കില്‍, ആ വിഭാഗത്തിന്റെ പ്രാതിനിധ്യത്തിന്റെ അപര്യാപ്തത വ്യക്തമാക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്,'' ബഞ്ച് പറഞ്ഞു.
സ്ഥാനക്കയറ്റത്തില്‍ സംവരണം നല്‍കാനുള്ള തീരുമാനം എതിര്‍ക്കപ്പെടുകയാണെങ്കില്‍, ബന്ധപ്പെട്ട സംസ്ഥാനം ആവശ്യമായ വിവരങ്ങള്‍ കോടതിയുടെ മുന്‍പാകെ സമര്‍പ്പിക്കണം. ഭരണത്തിന്റെ പൊതുവായ കാര്യക്ഷമതയെ ബാധിക്കാതെ, പ്രത്യേക വിഭാഗത്തിലോ തസ്തികകളിലോ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിന്റെ അപര്യാപ്തത മൂലമാണ് ഇത്തരം സംവരണം അത്യാവശ്യമായി വന്നതെന്നു ബോധ്യപ്പെടണമെന്നും കോടതി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.