/indian-express-malayalam/media/media_files/uploads/2022/11/The-Kashmir-Files-1200by667.jpeg)
ന്യൂഡല്‍ഹി: ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ 'ദി കാശ്മീര്‍ ഫയല്‍സ്' ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച ജൂറി തലവന്‍ നദവ് ലാപിഡിനെ കുറ്റപ്പെടുത്തി ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ നൗര്‍ ഗിലോണ്‍. ''ഇന്ത്യന്‍ സംസ്‌കാരം അനുസരിച്ച് അതിഥി ദൈവത്തെപ്പോലെയാണെന്ന് പറയുന്നു. ഐഎഫ്എഫ്ഐ വിധികര്‍ത്താക്കളുടെ സമിതി അധ്യക്ഷനാകാനുള്ള ഇന്ത്യയുടെ ക്ഷണവും അവര്‍ നിങ്ങളില്‍ നല്‍കിയ വിശ്വാസവും ആദരവും നിങ്ങള്‍ ഏറ്റവും മോശമായ രീതിയില്‍ ദുരുപയോഗം ചെയ്തു,'' ലാപിഡിന് എഴുതിയ തുറന്ന കത്ത് നൗര്‍ ഗിലോണ്‍ ട്വിറ്ററില്‍ പങ്കിട്ടു.
ഞാന്‍ ഒരു ചലച്ചിത്ര വിദഗ്ദ്ധനല്ല, പക്ഷേ ചരിത്ര സംഭവങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കുന്നതിനുമുമ്പ് സംസാരിക്കുന്നത് വിവേകശൂന്യവും ധാര്‍ഷ്ട്യവുമാണെന്ന് തനിക്കറിയാമെന്നനു ഗിലോണ്‍ കൂട്ടിച്ചേര്‍ത്തു. '' ഇന്ത്യയിലെയും ഇസ്രായേലിലെയും ജനങ്ങളും രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം വളരെ ശക്തമാണ്, നിങ്ങള്‍ വരുത്തിയ നാശത്തെ അവര്‍ അതിജീവിക്കും,'' ഗിലോണ്‍ പറഞ്ഞു.
''ഒരു മനുഷ്യനെന്ന നിലയില്‍ എനിക്ക് ലജ്ജ തോന്നുന്നു, നമ്മുടെ ആതിഥേയരുടെ ഔദാര്യത്തിനും സൗഹൃദത്തിനും നമ്മള്‍ പ്രതിഫലമായി നല്‍കിയ മോശമായ രീതിക്ക് അവരോട് ക്ഷമ ചോദിക്കാന്‍ ആഗ്രഹിക്കുന്നു,'' അദ്ദേഹം പറഞ്ഞു.
53ാമത് രാജ്യാന്തര ചലചിത്ര മേളയുടെ സമാപന സമ്മേളനത്തിലാണ് 'ദി കാശ്മീര്‍ ഫയല്‍സി' നെതിരെയുള്ള ലാപിഡിന്റെ പരസ്യവിമര്‍ശനം. ചിത്രം അപരിഷ്‌കൃതവുമായ സിനിമയാണെന്നാണ് അദ്ദേഹം വിമര്‍ശിച്ചത്. ഇത്തരമൊരു അഭിമാനകരമായ ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തില്‍ ഈ ചിത്രം കണ്ടതില്‍ താന്‍ ഞെട്ടിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'' ഞങ്ങളെല്ലാവരും അസ്വസ്ഥരാണ്. ഇത്തരമൊരു അഭിമാനകരമായ ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിന് അനുചിതമായതു പോലെ ഞങ്ങള്‍ക്ക് തോന്നി. 15 സിനിമകളാണ് മത്സര വിഭാഗത്തിലുണ്ടായിരുന്നത്. അതില്‍ 14 സിനിമകളും മികച്ചതും ചലച്ചിത്ര മൂല്യം നിറഞ്ഞതുമായിരുന്നു. അതൊക്കെ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചു. എന്നാല്‍ പതിനഞ്ചാമത്തെ സിനിമ കണ്ട് ഞങ്ങള്‍ എല്ലാവരും ഞെട്ടി,'' അദ്ദേഹം പറഞ്ഞു.
വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത് മാര്‍ച്ചില്‍ പുറത്തിറങ്ങിയ ദി കാശ്മീര്‍ ഫയല്‍സ്, 1990 കളില്‍ താഴ്വരയില്‍ നടന്ന കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെയും കൊലയെയും അടിസ്ഥാനമാക്കിയുള്ളതാണ്. നിരവധി കേന്ദ്രമന്ത്രിമാര്‍ ചിത്രത്തെ പുകഴ്ത്തുകയും ബിജെപി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിൽ ചിത്രത്തിന് നികുതി ഒഴിവാക്കുകയും ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us