ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ രഹസ്യ വിചാരണ ആവശ്യപ്പെട്ട് തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ .ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഗോവ സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ ബോംബൈ ഹൈക്കോടതിയില്‍ രഹസ്യവാദം കേള്‍ക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
2013 നവംബറില്‍ ഗോവയില്‍ ലിഫ്റ്റില്‍ വച്ച് സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു തേജ്പാലിനെതിരെയുള്ള കേസ്. 2021 മേയ് 21 ന് രഹസ്യ വിചാരണയ്ക്കുശേഷം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ക്ഷമ ജോഷി എല്ലാ കുറ്റങ്ങളില്‍ നിന്നും തേജ്പാലിനെ കുറ്റവിമുക്തനാക്കി. തേജ്പാലിനെ കുറ്റവിമുക്തനാക്കിയതിന് എതിരെ ഗോവ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
തേജ്പാലിന്റെ ഹര്‍ജിയിൽ വാദം കേട്ട സിജെഐ ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്.നരസിംഹ എന്നിവരടങ്ങിയ ബെഞ്ച്, സിആര്‍പിസി സെക്ഷന്‍ 327 ന്റെ ലക്ഷ്യം ഇരയുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയാണെന്നും പറഞ്ഞു.
ബലാത്സംഗ കേസില്‍ കുറ്റാരോപിതന് രഹസ്യ വിചാരണയെന്ന ആവശ്യം ഉന്നയിക്കാന്‍ അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതിജീവിത നേരിടുന്ന മാനസിക ശാരീരിക വെല്ലുവിളികള്‍ കുറ്റാരോപിതന് നേരിടുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.