/indian-express-malayalam/media/media_files/uploads/2021/05/religious-and-political-events-among-factors-behind-covid-spike-in-india-498224-FI.jpg)
ന്യൂഡല്‍ഹി. ഇന്ത്യയിലെ രണ്ടാം തരംഗം വേഗത്തിലാക്കിയതിന് പിന്നില്‍ മത-രാഷ്ട്രിയ കൂട്ടായ്മകള്‍ ഉള്‍പ്പടെ നിരവധി ഘടകങ്ങള്‍ ഉണ്ടെന്ന് ലോകാരോഗ്യ സംഘടന. രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ഡബ്ല്യുഎച്ച്ഒയുടെ പ്രതികരണം. കോവിഡിന്റെ ബി.1.617 വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്ത്യയില്‍ ആണെന്നും ഡബ്ല്യുഎച്ച്ഒ ബുധനാഴ്ച പ്രസിദ്ധീകരിച്ച വാരാന്ത്യ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോവിഡ് മരണങ്ങളിലും സമൂഹ വ്യാപനത്തിലും പ്രസ്തുത വകഭേദത്തിന്റെ പങ്കിനെപ്പറ്റിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
"ലോകാരോഗ്യസംഘടന നടത്തിയ വിലയിരുത്തലില്‍, ഇന്ത്യയിൽ കോവിഡ് വൈറസിന്റെ പുനരുജ്ജീവനത്തിനും വ്യാപനത്തിനും കാരണമായേക്കാവുന്ന നിരവധി ഘടകങ്ങളുണ്ടെന്ന് കണ്ടെത്തി. അതിവേഗത്തില്‍ വ്യാപിക്കുന്ന കോവിഡ് വൈറസ് കൂടുതല്‍ പേരില്‍ റിപ്പോര്‍ട്ട് ചെയ്തത് കേസുകളുടെ എണ്ണം വര്‍ദ്ധിക്കാനും പടര്‍ച്ചയ്ക്കും കാരണമായി. മത-രാഷ്ട്രീയ ഒത്തുചേരലുകളും പരിപാടികളും ഇതിന്റെ ആഴം കൂട്ടി. പൊതുജനാരോഗ്യ സംരക്ഷണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വീഴചയുണ്ടായി," റിപ്പോര്‍ട്ടില്‍ പറയുന്നു.
Also Read: മലപ്പുറത്ത് പരിശോധിക്കുന്ന പത്തില്‍ നാല് പേര്‍ക്ക് രോഗം; ചികിത്സയില്‍ കഴിയുന്നവര്‍ അരലക്ഷത്തിലേക്ക്
2021 ഏപ്രില്‍ അവസാനത്തോടെയാണ് ബി.1.617.1, ബി.1.617.2 എന്നീ വകഭേദങ്ങള്‍ കണ്ടെത്തിയത്. ഇന്ത്യയില്‍ നിന്നുള്ള സാമ്പിളുകളില്‍ 21 ശതമാനവും ബി.1.617.1 വകഭേദത്തില്‍പ്പെട്ട വൈറസാണ്. ഏഴ് ശതമാനത്തോളം ബി.1.617.2 സാന്നിധ്യവും കണ്ടെത്തി. ഈ രണ്ട് തരം വൈറസുകളും ഇന്ത്യയിലെ മറ്റ് വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ വ്യാപിക്കാന്‍ ശേഷിയുള്ളവയാണ്. ഇന്ത്യക്ക് ശേഷം ബ്രിട്ടണിലാണ് വൈറസ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്തത്.
തെക്കും കിഴക്കന്‍ ഏഷ്യയിലെ 95 ശതമാനം കേസുകളും 93 ശതമാനം മരണവും സംഭവിക്കുന്നത് ഇന്ത്യയിലാണ്. ലോകത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ പകുതിയും ഇന്ത്യയുടെ സംഭാവനയാണ്. ആഗോള കണക്കില്‍ 30 ശതമാനം മരണവും സംഭവിക്കുന്നത് രാജ്യത്ത് തന്നെ. അയല്‍ രാജ്യങ്ങളിലേക്കും സമാനമായ രീതിയില്‍ രോഗം പടരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.