/indian-express-malayalam/media/media_files/uploads/2021/09/Farmers-protest.jpg)
ന്യൂഡൽഹി: കർഷക സമരത്തിന് കാരണമായ കാർഷിക നിയമത്തെ കുറിച്ചുള്ള സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പുറത്തുവിടാൻ ആവശ്യപ്പെട്ട് സമിതി അംഗം. റിപ്പോർട്ട് പൊതുസഞ്ചയത്തിൽ പ്രസിദ്ധീകരിച്ച് കേന്ദ്രത്തിന് കൈമാറാൻ അംഗം ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു.
സെപ്റ്റംബർ ഒന്നിന് ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ ഷേത്കാരി സംഘടനാ പ്രസിഡന്റ് അനിൽ ജെ.ഘൻവാത്, സമിതിയുടെ റിപ്പോർട്ടിൽ "കർഷകരുടെ എല്ലാ ആശങ്കകളെയും അഭിസംബോധന ചെയ്തിട്ടുണ്ടെന്നും അതിന്റെ ശുപാർശകൾ നിലവിലുള്ള കർഷക പ്രക്ഷോഭം പരിഹരിക്കാൻ വഴിയൊരുക്കുമെന്നും പറഞ്ഞു.
"കർഷക സമൂഹത്തെ പ്രതിനിധീകരിക്കുന്ന കമ്മിറ്റിയിലെ ഒരു അംഗമെന്ന നിലയിൽ, കർഷകർ ഉന്നയിച്ച പ്രശ്നം ഇതുവരെ പരിഹരിക്കപ്പെടാത്തതും പ്രക്ഷോഭം തുടരുന്നതും എന്നെ വേദനിപ്പിക്കുന്നു. ബഹുമാനപ്പെട്ട സുപ്രീം കോടതി ഈ റിപ്പോർട്ടിന് ശ്രദ്ധ നൽകിയിട്ടില്ലെന്ന് എനിക്ക് തോന്നുന്നു," എം കത്തിൽ പറഞ്ഞു.
"കർഷകരുടെ സംതൃപ്തിക്കും സമാധാനപരമായ പരിഹാരത്തിനുമായി അതിലെ ശുപാർശകൾ നടപ്പിലാക്കുന്നതിന് റിപ്പോർട്ട് എത്രയും വേഗം പുറത്തുവിടണമെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതിയോട് ഞാൻ താഴ്മയോടെ അപേക്ഷിക്കുന്നു," അദ്ദേഹം പറഞ്ഞു.
ഈ വർഷം ജനുവരി 12 ന് സുപ്രീം കോടതി "മൂന്ന് കാർഷിക നിയമങ്ങളും നടപ്പിലാക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുകയും നിയമങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ടു നൽകാൻ ഒരു കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു", സമിതിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ രണ്ട് മാസത്തെ സമയമാണ് അനുവദിച്ചിരുന്നതെന്നും ഘൻവാത് പറഞ്ഞു.
"2021 മാർച്ച് 19ന്, നിശ്ചിത സമയത്തിനു മുമ്പായി സമിതി ധാരാളം കർഷകരുമായും നിരവധി പങ്കാളികളുമായും കൂടിയാലോചിച്ച ശേഷം റിപ്പോർട്ട് സമർപ്പിച്ചു. കർഷകർക്ക് പരമാവധി ആനുകൂല്യങ്ങൾ ലഭിക്കുകയെന്ന ലക്ഷ്യത്തോടെ കമ്മിറ്റി എല്ലാ പങ്കാളികളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്" കത്തിൽ പറഞ്ഞു.
"പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് ഞാൻ എന്റെ ഹൃദയത്തിൽ നിന്ന് ആഗ്രഹിക്കുന്നു… ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ക്രമസമാധാനത്തെയും ബാധിക്കുന്ന ഒരു പ്രശ്നമാണ്. അതിനാൽ, സുപ്രീം കോടതി ഈ വിഷയം എത്രയും വേഗം കേൾക്കണം, അതുവഴി വിഷയം ചർച്ച ചെയ്യാനും ഇരുവിഭാഗത്തിനും വാദങ്ങൾ ഉന്നയിക്കാനും കഴിയും.," ചൊവ്വാഴ്ച ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കവെ ഘൻവാത് പറഞ്ഞു.
"കഴിഞ്ഞ ഒൻപത് മാസമായി കർഷകർ നിയമങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ നടക്കുകയാണ്. ഞങ്ങൾ റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ച് മാസമായി. എന്നിട്ടും ഇത് പരസ്യമാക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഞങ്ങളുടെ കൂടിയാലോചനകൾ സമഗ്രമായിരുന്നു, ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ അടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഞങ്ങൾക്ക് തോന്നുന്നു," അദ്ദേഹം പറഞ്ഞു.
"രാജ്യത്തിന് ശരിയെന്ന് തോന്നുന്നത് സുപ്രീം കോടതി ഉത്തരവിടണം, അല്ലെങ്കിൽ സർക്കാർ ഏത് നടപടിയെടുക്കണമെന്നും തീരുമാനിക്കണം. അത് (റിപ്പോർട്ട്) അനക്കമില്ലാതെ വെക്കുന്നതിൽ അർത്ഥമില്ല, കർഷകർ ഇങ്ങനെ മഴ നനയുന്നത് കാണുന്നത് വേദനാജനകമാണ്. അതുകൊണ്ടാണ് ഈ അപേക്ഷ. ഇത് ഇങ്ങനെ തന്നെ തുടരുകയാണെങ്കിൽ, നിരവധി വർഷങ്ങൾ കടന്നുപോയേക്കാം" അദ്ദേഹം കൂട്ടിച്ചേർത്തു.
Also read: കർണാൽ കിസാൻ മഹാ പഞ്ചായത്ത്: ചർച്ച പരാജയം; മിനി സെക്രട്ടറിയേറ്റ് മാർച്ചുമായി കർഷകർ
മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണം എന്ന ആവശ്യവുമായി കഴിഞ്ഞ വർഷം നവംബർ മുതൽ കർഷകർ ഡൽഹി അതിർത്തിയിൽ പ്രക്ഷോഭം നടത്തുകയാണ്. കർഷക സംഘടനകളും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ചകൾ യാതൊരു ഫലവും കാണുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ജനുവരിയിൽ സുപ്രീം കോടതി വിദഗ്ധർ അടങ്ങുന്ന ഒരു സമിതിയെ നിശ്ചയിച്ചത്.
ഘൻവാത്തിനെ കൂടാതെ, കാർഷിക സാമ്പത്തിക വിദഗ്ധൻ അശോക് ഗുലാത്തി, കാർഷിക സാമ്പത്തിക ശാസ്ത്രജ്ഞനും ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡോ. പ്രമോദ് കുമാർ ജോഷി എന്നിവരായിരുന്നു സമിതിയിലെ മറ്റു അംഗങ്ങൾ.
ഭാരതീയ കിസാൻ യൂണിയന്റെ ദേശീയ പ്രസിഡന്റായ ഭൂപീന്ദർ സിംഗ് മാനും സമിതിയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം സ്വയം പിന്മാറിയിരുന്നു.
ഘാൻവാത്തിന്റെ കത്തിൽ അഭിപ്രായം ആരാഞ്ഞ് ഗുലാത്തിയെ സമീപിച്ചപ്പോൾ, റിപ്പോർട്ട് എപ്പോൾ പ്രസിദ്ധീകരിക്കണമെന്നത് സുപ്രീം കോടതിയുടെ അവകാശമാണെന്നായിരുന്നു പ്രതികരണം.
ബഹുമാനപ്പെട്ട സുപ്രീംകോടതിയാണ് സമിതി രൂപീകരിച്ചത്. ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ച്, ഞങ്ങൾക്ക് നൽകിയ സമയത്തിനുള്ളിൽ ഞങ്ങൾ റിപ്പോർട്ട് സമർപ്പിച്ചു, കർഷകരുടെ താൽപ്പര്യത്തിനു വേണ്ടത്ര പ്രാധാന്യം നൽകിക്കൊണ്ടാണ് അത്, ”അദ്ദേഹം പറഞ്ഞു.
"അത് എങ്ങനെ ഉപയോഗപ്പെടുത്തണം, എപ്പോൾ, എങ്ങനെ അത് കർഷകരുമായും സർക്കാരുമായും പങ്കിടണം എന്ന് തീരുമാനിക്കുന്നത് സുപ്രീം കോടതിയുടെ ബഹുമാനപ്പെട്ട ബെഞ്ചാണ്. അത് പരസ്യമാക്കുന്നത് അവരുടെ അവകാശമാണ്. ഇത് അവരുടെ മികച്ച തീരുമാനത്തിനായി വിടുന്നു," ഗുലാത്തി പറഞ്ഞു. "സമിതിയിലെ കർഷക പ്രതിനിധിയായ ശ്രീ അനിൽ ഘൻവാതിന്റെ വികാരങ്ങളെ ഞാൻ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു," എന്നും അദ്ദേഹം പറഞ്ഞു.
"ഭൂരിഭാഗം കർഷകരും നിയമങ്ങൾ വായിച്ചിട്ടില്ല, പക്ഷേ നേതാക്കളാൽ മുതലെടുക്കുന്നു," ഹരിയാനയിലെ കർണാലിൽ കർഷകർക്ക് നേരെ ഉണ്ടായ ലാത്തിച്ചാർജ് ആണോ അദ്ദേഹത്തെ കത്തെഴുതാൻ പ്രേരിപ്പിച്ചത് എന്ന് ചോദിച്ചതിനു മറുപടിയായി ഘൻവാത് പറഞ്ഞു.
കത്ത് എഴുതുന്നതിനുമുമ്പ് ഗുലാത്തിയോടും ജോഷിയോടും കൂടിയാലോചിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകി. "അവർ പ്രൊഫഷണൽ ആളുകളാണ്, അതിനാൽ റിപ്പോർട്ട് പരസ്യമാക്കുന്നതിൽ അവർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല," അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.