/indian-express-malayalam/media/media_files/uploads/2021/05/Ramdev-1.jpg)
പതഞ്ജലി ഉടമയായ ബാബ രാംദേവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു. പ്രധാനമന്ത്രിക്ക് എഴുതിയ കത്തിലാണ് ഐ എം എ ഈ ആവശ്യം ഉന്നയിച്ചത്.
കോവിഡ് വാക്സിനേഷൻ സംബന്ധിച്ച തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നും കോവിഡ് -19 ചികിത്സയ്ക്കായുള്ള സർക്കാർ പ്രോട്ടോക്കോളിനെതിരെ പ്രവർത്തിച്ചുവെന്നുമാണ് രാംദേവിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണം എന്ന ആവശ്യത്തിന് കാരണമായി ഐ എം എ പറയുന്നത്.
മോഡേൺ മെഡിസിനും മോഡേൺ മെഡിസൻ ഡോക്ടർമാർക്കും എതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് രാംദേവിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാനും ഐ എം എ തീരുമാനിച്ചു.15 ദിവസത്തിനകം മാപ്പ് പറയണമെന്നാണ് ആവശ്യപ്പെട്ട് നോട്ടീസ് അയക്കുകയും ചെയ്തു. മാപ്പ് പറയാത്ത പക്ഷം, രാംദേവ് 1000 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെടുമെന്ന് അവർ പറഞ്ഞു.
"പ്രതിരോധ കുത്തിവയ്പ്പിലൂടെ നമ്മുടെ ആളുകളെയും രാജ്യത്തെയും കടുത്ത അണുബാധയുടെ ദുരന്തത്തിൽ നിന്ന് രക്ഷിക്കുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്" എന്ന് പ്രധാനമന്ത്രി മോദിക്ക് അയച്ച കത്തിൽ ഐ എം എ പറയുന്നു. " എന്നാൽ, രണ്ട് ഡോസ് വാക്സിനേഷൻ എടുത്തിട്ടും 10,000 ഡോക്ടർമാർ മരിച്ചുവെന്നും മോഡേൺ മെഡിസിൻ മരുന്ന് മൂലം ലക്ഷക്കണക്കിന് ആളുകൾ മരിച്ചുവെന്നും പതഞ്ജലി ഉൽപ്പന്നങ്ങളുടെ ഉടമ രാംദേവ് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു എന്നും ഇത് വേദനാജനകമായ കാര്യമാണ്,”എന്നും കത്തിൽ പറയുന്നു.
വാക്സിനേഷന്റെ രണ്ട് ഡോസുകളും ലഭിച്ചവരിൽ 0.06 ശതമാനം പേർക്ക് മാത്രമേ കൊറോണ വൈറസ് ബാധിച്ചുള്ളൂവെന്നും വാക്സിനേഷൻ എടുത്ത ആളുകൾക്ക് ശ്വാസകോശത്തിൽ കടുത്ത അണുബാധയുണ്ടാകനുള്ള സാധ്യത അത്യപൂർവ്വമാണെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഐ എം എ വ്യക്തമാക്കുന്നു.
Read Also: അധികാരത്തിലിരിക്കുന്ന വിവരമില്ലാത്ത വർഗീയവാദികൾ ലക്ഷദ്വീപിനെ നശിപ്പിക്കുന്നു: രാഹുൽ ഗാന്ധി
ഇന്ന് വരെയുള്ള കണക്ക് പരിശോധിച്ചാൽ കോവിഡ് വ്യാപനത്തിലെ ആദ്യ തരംഗത്തിൽ 753 ഡോക്ടർമാരും രണ്ടാം തരംഗത്തിൽ 513 ഡോക്ടർമാരും മരണമടഞ്ഞുവെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി. ആദ്യ തരംഗത്തിൽ മരിച്ച ഡോക്ടർമാർക്ക് ആർക്കും വാക്സിൻ സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല. രണ്ടാമത്തെ തരംഗത്തിൽ മരിച്ച ഭൂരിപക്ഷം പേർക്കും വിവിധ കാരണങ്ങളാൽ വാക്സിൻ എടുക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നുവെന്നും ഐ എം എ പറയുന്നു.
കോവിഡിന് മരുന്ന് കണ്ടുപിടിച്ചുവെന്ന് കഴിഞ്ഞ വർഷം ജൂണിൽ പതഞ്ജലി അവകാശപ്പെട്ടുവെങ്കിലും ചോദ്യങ്ങൾ ഉയർന്നതോടെ ഒരാഴ്ചയ്ക്കുള്ളിൽ ആ അവകാശവാദം പിൻവലിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.