അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിർമാണം ഓഗസ്റ്റ് ആദ്യവാരത്തിൽ ആരംഭിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗകര്യംകൂടി കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനം. ക്ഷേത്രത്തിനു തറക്കല്ലിടാൻ പ്രധാനമന്ത്രി എത്തണമെന്നാണ് രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ആഗ്രഹിക്കുന്നത്.
തറക്കല്ലിടാൻ ഓഗസ്റ്റ് മൂന്ന്, അഞ്ച് എന്നീ തിയതികളാണ് ക്ഷേത്ര ട്രസ്റ്റ് മുന്നോട്ടുവച്ചിരിക്കുന്നത്. ക്ഷേത്ര നിർമാണ കാര്യങ്ങൾ ചർച്ച ചെയ്യാനായി അയോധ്യയിൽ ഇന്നു (ശനി) ചേർന്ന ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് യോഗത്തിലാണ് ഭൂമിപൂജ ഓഗസ്റ്റ് ആദ്യവാരത്തിൽ നടത്താൻ തീരുമാനിച്ചത്.
Read Also: കേന്ദ്ര സർക്കാരിന്റെ ഭീരുത്വത്തിന് ഇന്ത്യ വലിയ വില കൊടുക്കേണ്ടി വരും; രാഹുൽ ഗാന്ധി
പ്രധാനമന്ത്രിയുടെ സൗകര്യാർഥം ക്ഷേത്ര ശിലാസ്ഥാപനത്തിനായി ഓഗസ്റ്റ് മൂന്ന്, അഞ്ച് എന്നിവയിൽ ഏതെങ്കിലും ഒരു തിയതി തിരഞ്ഞെടുക്കാൻ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അന്നുമുതല്‍ ക്ഷേത്ര നിർമാണം ആരംഭിക്കുമെന്നും ട്രസ്റ്റ് വക്‌താവ് മഹന്ത് കമൽ നായൻ ദാസ് പറഞ്ഞു.
ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനുളള പദ്ധതി താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. ഇന്ത്യ-ചൈന അതിർത്തിയിലെ സ്ഥിതി ഗൗരവമുളളതാണെന്നും രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനമെന്നും രാം മന്ദിർ ട്രസ്റ്റ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചിരുന്നു. ജൂലെെ രണ്ടിന് ഭൂമിപൂജ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
"മൂന്ന് മൂതൽ മൂന്നര വർഷം വരെ സമയമെടുത്ത് ക്ഷേത്ര നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്. മഴക്കാലത്തിന് ശേഷം രാജ്യത്തെ നാല് ലക്ഷം പ്രദേശങ്ങളിലെ പത്ത് കോടിയോളം കുടുംബങ്ങളിൽനിന്ന് ക്ഷേത്ര നിർമാണത്തിനുള്ള സാമ്പത്തിക സഹായം സ്വീകരിക്കുന്ന കാര്യം ചർച്ച ചെയ്‌തു" ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപത് റായ് പറഞ്ഞു.
Read Also: എല്ലാ വിഷയത്തിലും തോറ്റവർക്ക് അൽഫാം ഫ്രീ; ജില്ലയ്‌ക്കപ്പുറത്തു നിന്നും ഫോൺ വിളികൾ
അതേസമയം, അയോധ്യയിൽ ശ്രീരാമന്റെ ജന്മസ്ഥലത്ത് നിർമിക്കേണ്ട ക്ഷേത്രത്തിന്റെ പ്രാധാന്യം ‘രാഷ്ട്ര മന്ദിര’ത്തിന് തുല്യമായിരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പറഞ്ഞിട്ടുണ്ട്. “രാം മന്ദിർ മറ്റൊരു ക്ഷേത്രം മാത്രമായിരിക്കില്ല. ശ്രീരാമന്റെ ജന്മസ്ഥലത്ത് നിർമിക്കുന്ന ദേശീയ ക്ഷേത്രമാണിത്. അത് ഇന്ത്യയുടെ ആത്മാവായിരിക്കും. ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും കരുത്ത് ഈ ക്ഷേത്രം ലോകത്തിന് കാണിച്ചു കൊടുക്കും,” ആദിത്യനാഥ് പറഞ്ഞു.