scorecardresearch

എല്ലാ വിഷയത്തിലും തോറ്റവർക്ക് അൽഫാം ഫ്രീ; എത്തിയത് 50 വിദ്യാർഥികൾ

ജൂലെെ 16 വെെകീട്ട് ആറ് മുതൽ ഒൻപത് വരെയാണ് ഓഫർ പ്രഖ്യാപിച്ചിരുന്നത്, പ്ലസ് ടുവിൽ ഫുൾ എ പ്ലസ് കിട്ടിയ 200 ഓളം വിദ്യാർഥികളെത്തി

എല്ലാ വിഷയത്തിലും തോറ്റവർക്ക് അൽഫാം ഫ്രീ; എത്തിയത് 50 വിദ്യാർഥികൾ

പരീക്ഷയിൽ തോറ്റവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തരുതെന്നാണ് മലപ്പുറം ജില്ലയിലെ ഒരു ഉപ്പയും മകനും പറയുന്നത്. ഒറ്റപ്പെടുത്തരുതെന്ന് മാത്രമല്ല അവരെ അൽഫാം നൽകി സന്തോഷിപ്പിക്കുകയും ചെയ്‌തു ഇവർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു പോസ്റ്ററുണ്ട്. ഈ പോസ്റ്റർ കണ്ട് അതിശയിച്ചവർ കുറച്ചൊന്നുമല്ല. മലപ്പുറം അരീക്കോട് കാവനൂരിലെ ഒരു കാറ്ററിങ് സ്ഥാപനമാണ് പരീക്ഷയിൽ തോറ്റവരെ വളരെ വ്യത്യസ്‌തമായ രീതിയിൽ ചേർത്തുപിടിച്ചത്.

‘പ്ലസ് ടു പാസായവരെ മരുപ്പച്ച ആദരിക്കുന്നു’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റർ സാമൂഹ്യമാധ്യങ്ങളിൽ പ്രചരിച്ചത്. പാസായവരെ ആദരിക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നതെങ്കിലും ഇതിലെ യഥാർഥ താരങ്ങൾ പ്ലസ് ‌ടുവിൽ എല്ലാ പരീക്ഷയിലും തോറ്റവരാണ്. അതിനുള്ള കാരണമിതാണ്; ‘പ്ലസ് ‌ടു പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് കിട്ടിയവർക്ക് 80 രൂപയ്ക്ക് മന്തി റൈസും അൽഫാമും, പ്ലസ് ടു പരീക്ഷ വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും 49 രൂപയ്ക്ക് ചിക്കൻ ബിരിയാണി, പ്ലസ് ടു പരീക്ഷയിൽ എല്ലാവിഷയത്തിലും തോറ്റവർക്ക് ഫുൾ അൽഫാം ഫ്രീ’ ഇതാണ് പോസ്റ്ററിൽ പറയുന്നത്.

Read Also: പുകമറയ്‌ക്ക് അൽപ്പായുസേയുള്ളൂ, യഥാർഥ്യം പുറത്തുവരും; ആത്മവിശ്വാസത്തോടെ പിണറായി

‘മരുപ്പച്ച’ എന്ന കാറ്ററിങ് സ്ഥാപനമാണ് പ്ലസ് ടു പരീക്ഷാഫലം വന്നതിനു പിന്നാലെ ഇങ്ങനെയൊരു ഓഫറുമായി രംഗത്തെത്തിയത്. സക്കീർ ഹുസൈനാണ് സ്ഥാപന ഉടമ. ജൂലെെ 15 നാണ് സംസ്ഥാനത്ത് പ്ലസ് ടു ഫലം പ്രഖ്യാപിച്ചത്. അന്ന് രാത്രി തന്നെ സക്കീർ ഹുസെെനും മകൻ മുഹമ്മദ് അസ്‌മിലും പ്ലസ് ടു വിജയികൾക്കും തോറ്റവർക്കും വേണ്ടി ഇങ്ങനെയൊരു പദ്ധതി ആവിഷ്‌കരിച്ചു. സിബിഎസ്‌ഇ പത്താം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് അസ്‌മിൽ. ‘തോറ്റവരെ പരിഗണിക്കാൻ ആരുമില്ലല്ലോ, അതുകൊണ്ട് നമുക്കൊരു വെറെെറ്റി പദ്ധതിയിട്ടാലോ ഉപ്പാ?’ എന്ന് മകൻ ചോദിച്ചതും സക്കീർ ഹുസെെൻ നൂറുവട്ടം സമ്മതമറിയിച്ചു. ഇങ്ങനെയൊരു ഐഡിയ മുന്നോട്ടുവച്ചപ്പോൾ ഉപ്പ വേഗം സമ്മതിച്ചതായി മുഹമ്മദ് അസ്‌മിൽ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

ജൂലെെ 16 വെെകീട്ട് ആറ് മുതൽ ഒൻപത് വരെയാണ് ഓഫർ പ്രഖ്യാപിച്ചിരുന്നത്. മുൻകൂട്ടി വിളിച്ചു പറയാൻ പോസ്റ്ററിനൊപ്പം ഫോൺ നമ്പറും നൽകിയിരുന്നു. ജൂലെെ 16 വരെ തങ്ങൾക്ക് പലയിടത്തു നിന്നായി ഫോൺ കോളുകളും മെസേജുകളും ലഭിച്ചതായി മുഹമ്മദ് അസ്‌മിൽ പറയുന്നു. ഏകദേശം 500 വിദ്യാർഥികളെയാണ് പ്രതീക്ഷിച്ചിരുന്നത്. കാവനൂരിലെ ‘മരുപ്പച്ച’ ഹോട്ടലിൽവച്ചാണ് ഭക്ഷണം വിതരണം ചെയ്‌തത്. പ്ലസ് ടുവിൽ ഫുൾ എ പ്ലസ് കിട്ടിയ 200 ഓളം വിദ്യാർഥികളെത്തി. എല്ലാ വിഷയങ്ങളിലും തോറ്റ 50 വിദ്യാർഥികളാണ് എത്തിയത്. പ്ലസ് ടു പാസായവരും ഏകദേശം 50 നു മുകളിൽ ഉണ്ടായിരുന്നു. മുന്നൂറിലേറെ പേർക്ക് ഓഫർ പ്രകാരം ഭക്ഷണം നൽകി. മലപ്പുറം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി ആളുകളെത്തി. 15 കിലോമീറ്റർ ദൂരം സഞ്ചരിച്ചുവരെ വിദ്യാർഥികളെത്തിയെന്നും മുഹമ്മദ് അസ്‌മിൽ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. ഓഫർ പ്രഖ്യാപിച്ച ദിവസം സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റർ കണ്ട് കൊല്ലം ജില്ലയിൽ നിന്നു ഒരു മെസേജ് വന്നതായും മുഹമ്മദ് അസ്‌മിൽ പറഞ്ഞു.

“മഞ്ചേരി, പൂക്കോട്ടൂർ എന്നിവിടങ്ങളിൽ നിന്നെല്ലാം വിദ്യാർഥികളെത്തി. ഞങ്ങളുടെ ഹോട്ടലിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അപ്പുറമുള്ള സ്ഥലത്തുനിന്നാണ് പലരും എത്തിയത്. വരുമ്പോൾ റിസൽട്ടിന്റെ പ്രൂഫ് കൊണ്ടുവരണമെന്ന് പറഞ്ഞിരുന്നു. എല്ലാവരും പ്രൂഫും കൊണ്ട് തന്നെയാണ് എത്തിയത്. കുട്ടികൾ ഫൊട്ടോ എടുക്കാൻ സമ്മതിച്ചിരുന്നു. എന്നാൽ, അവരുടെ സ്വകാര്യത പരിഗണിച്ച് വേണ്ടെന്നുവച്ചു. ഇന്ന് രാവിലെ പോലും ഒരു ഫോൺ കോൾ വന്നു. വയനാട് ജില്ലയിലെ ഒരു കുട്ടിയാണ് വിളിച്ചത്. തമാശയ്‌ക്ക് വിളിച്ചതാകും,” മുഹമ്മദ് അസ്‌മിൽ പറഞ്ഞു.

Read Also: കുസൃതി കാട്ടി കുഞ്ഞുമറിയം, പടം പിടിച്ച് മമ്മൂട്ടി; വൈറലാവുന്ന ചിത്രങ്ങൾ

നേരത്തെ, പത്താം ക്ലാസിൽ തോറ്റ വിദ്യാർഥികൾക്കു വേണ്ടിയും ഇങ്ങനെയൊരു ഓഫർ നൽകിയിരുന്നു. അന്ന് 50 വിദ്യാർഥികളാണ് എത്തിയതെന്നും മുഹമ്മദ് അസ്‌മിൽ പറഞ്ഞു.

കഴിഞ്ഞ 15 വർഷമായി കാറ്ററിങ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ‘മരുപ്പച്ച’. സ്വന്തമായി ഒരു ഹോട്ടലുമുണ്ട്. ഏകദേശം അമ്പതോളം ജീവനക്കാർ പണിയെടുക്കുന്നുണ്ട് ഇവിടെ. എന്നാൽ, കോവിഡും ലോക്ക്ഡൗണും കാരണം കാറ്ററിങ് മേഖല വളരെ പ്രയാസപ്പെടുകയാണ്. 300 പേരിൽ കുറവുള്ള പരിപാടികൾ ബുക്ക് ചെയ്യുന്നത് നഷ്‌ടമാണ്. നിയന്ത്രണങ്ങളുള്ളതിനാൽ ഇപ്പോൾ വലിയ പരിപാടികൾ നടക്കുന്നുമില്ല. പാചകക്കാർക്കും ജോലിക്കാർക്കും ശമ്പളം കൊടുക്കേണ്ടതിനാൽ വ്യത്യസ്‌തമായ ഓഫറുകളെല്ലാം നൽകിയാണ് ബിസിനസ് മുന്നോട്ടുകൊണ്ടുപോകുന്നതെന്നും സക്കീർ ഹുസെെൻ പറയുന്നു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Restaurant offers free alfahm and biriyani for plus two failed students

Best of Express