/indian-express-malayalam/media/media_files/uploads/2022/02/russia-ukraine-crisis-vladimir-putin-volodymyr-zelenskyy-updates-621350-FI.jpg)
യുക്രൈനിന്റെ കിഴക്കന്‍ മേഖലയായ ലുഹാന്‍സ്ക് കീഴടക്കിയതായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ലുഹാന്‍സ്ക് മേഖലയില്‍ പ്രതിരോധം തുടര്‍ന്ന യുക്രൈന്‍ സൈന്യം പിന്‍വാങ്ങിയതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ലുഹാന്‍സ്കിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു വ്യക്തമാക്കിയിരുന്നു. ലുഹാൻസ്കില്‍ യുക്രൈനിയന്‍ സേനയുടെ അവസാന ശക്തികേന്ദ്രമായ ലിസിചാൻസ്ക് നഗരം റഷ്യൻ സൈന്യം കീഴടക്കിയെന്നും "ഓപ്പറേഷൻ" പൂർത്തിയായെന്നുമാണ് ഷൊയ്ഗു പറഞ്ഞത്.
ലുഹാന്‍സ്കിലെ പോരാട്ടത്തില്‍ വിജയം നേടിയ സൈന്യം വിശ്രമിക്കണമെന്നും പോരാട്ടവീര്യം കാത്തുസൂക്ഷിക്കണമെന്നുമായിരുന്നു പുടിന്റെ പ്രതികരണം. ലിസിചാൻസ്കിൽ നിന്ന് സൈന്യം പിൻവാങ്ങിയതായി യുക്രൈന്‍ സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു പുടിന്റെ പ്രഖ്യാപനമുണ്ടായത്.
റഷ്യന്‍ സൈന്യത്താല്‍ വളയപ്പെടാതിരിക്കാന്‍ യുക്രൈന്‍ സേന നഗരത്തിൽ നിന്ന് പിൻവാങ്ങിയെന്നായിരുന്നു ലുഹാൻസ്ക് ഗവർണർ സെർഹി ഹൈദായി പ്രതികരിച്ചത്. ലിസിചാൻസ്കില്‍ തുടരുന്നതില്‍ അപകടമുണ്ടായിരുന്നെന്നാണ് ഹൈദായി അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞത്. സൈനികര്‍ക്ക് ഏതാനം ആഴ്ചകള്‍ കൂടി പിടിച്ചു നില്‍ക്കാമിയിരുന്നെന്നും പക്ഷെ വലിയ വില നല്‍കേണ്ടി വരുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രൈനിയന്‍ ശക്തി കേന്ദ്രങ്ങളായ സ്ലോവിയന്‍സ്ക്, ക്രമാറ്റോര്‍സ്ക് എന്നിവിടങ്ങളില്‍ റഷ്യ ഷെല്ലാക്രമണം ശക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ സ്ലോവിയൻസ്കിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒന്‍പത് വയസുള്ള കുട്ടിയുള്ളപ്പടെ ആര്‍ പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരുക്കേറ്റതായും പ്രദേശിക ഭരണാധികാരികള്‍ പറയുന്നത്.
അഞ്ചാം മാസത്തിലെത്തിയ യുദ്ധത്തില്‍ ഡോണ്‍ബാസ് കീഴടക്കുക എന്നതാണ് പ്രധാന ലക്ഷ്യമായി പുടിന്‍ കാണുന്നത്. 2014 ല്‍ ക്രിമിയ യുക്രൈനില്‍ നിന്ന് സ്വതന്ത്രമായതിന് ശേഷം ഡോണ്‍ബാസിലെ വിഘടനവാദികള്‍ യുക്രൈന്‍ സൈന്യവുമായി ഏറ്റുമുട്ടുകയാണ്. യുക്രൈന്‍ അധിനിവേശത്തിന് ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് റഷ്യ സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കുകളെ ഔദ്യോഗമായി അംഗീകരിച്ചത്.
യുദ്ധത്തിന്റെ തുടക്കത്തിൽ യുക്രൈനിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള കീവിനേയും മറ്റ് പ്രദേശങ്ങളെയും പിടിച്ചെടുക്കുന്നതിൽ പരാജയപ്പെട്ടതിനാൽ, റഷ്യ ഡോൺബാസ് മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ശക്തമായ ഷെല്ലാക്രമണമായിരുന്നു പ്രസ്തുത മേഖലകളില്‍ റഷ്യ നടത്തിയത്.
Also Read: സര്‍വീസ് ചാര്‍ജ് പിടിച്ചുവാങ്ങരുത്; ഹോട്ടലുകളോട് കേന്ദ്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.