ന്യൂഡല്‍ഹി: ഹോട്ടലുകളോ റെസ്റ്റോറന്റുകളോ സ്വന്തം ഇഷ്ടത്തിനു സര്‍വീസ് ചാര്‍ജ് ചേര്‍ക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി സി പി എ) മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.
അന്യായമായ വ്യാപാര രീതികളും ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനവും തടയാന്‍ ലക്ഷ്യമിട്ടാണു കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത ഉപഭോക്തൃ നിരീക്ഷണ വിഭാഗമായ സി സി പി എ ഈ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണു ദേശീയ ഉപഭോക്തൃ ഹെല്‍പ്പ് ലൈനില്‍ (എന്‍ സി എച്ച്) രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
”ഹോട്ടലുകളോ റെസ്റ്റോറന്റുകളോ ഭക്ഷണ ബില്ലില്‍ തുകയോടൊപ്പം സര്‍വിസ് ചാര്‍ജ് ഉള്‍പ്പെടുത്തരുതെന്നു സി സി പി എ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളില്‍വ്യവസ്ഥ ചെയ്യുന്നു,” ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
”സര്‍വിസ് ചാര്‍ജ് നല്‍കാന്‍ ഉപഭോക്താവിനെ ഒരു ഹോട്ടലും റെസ്റ്റോറന്റും നിര്‍ബന്ധിക്കരുത്. സര്‍വിസ് ചാര്‍ജ് ഇഷ്ടമുണ്ടെങ്കില്‍ സ്വമേധയാ മാത്രം നല്‍കേണ്ടതും വിവേചനാധികാരത്തിലുള്ളതുമാണെന്നഒ ഉപഭോക്താവിനെ വ്യക്തമായി അറിയിക്കണം” പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പ്രവേശനത്തിനോ സേവനങ്ങള്‍ നല്‍കുന്നതിനോ ഉപഭോക്താക്കള്‍ക്കു യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തരുത്. ഭക്ഷണ ബില്ലിനൊപ്പം സര്‍വീസ് ചാര്‍ജ് ചേര്‍ത്ത് മൊത്തം തുകയ്ക്ക് ജി എസ് ടി ഈടാക്കരുത്,”പ്രസ്താവനയില്‍ പറയുന്നു.
മാര്‍ഗനിര്‍ദേശങ്ങളുസരിച്ച്, സര്‍വീസ് ചാര്‍ജ് ബില്‍ തുകയില്‍നിന്ന് നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട ഹോട്ടലുകളോടും റസ്റ്റോറന്റുകളോടും ഉപഭോക്താക്കള്‍ക്ക് ആവശ്യപ്പെടാം. കൂടാതെ, നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈനില്‍ (എന്‍ സി എച്ച്) 1915 എന്ന നമ്പറില്‍ വിളിച്ചോ എന്‍ സി എച്ച് മൊബൈല്‍ ആപ്പ് വഴിയോ ഉപഭോക്താവിനു പരാതി നല്‍കാം.
അന്യായമായ വ്യാപാര സമ്പ്രദായത്തിനെതിരെ ഉപഭോക്താവിന് ഉപഭോക്തൃ കമ്മിഷനിലും പരാതി നല്‍കാം. ഉപഭോക്താക്കള്‍ക്ക് ഇ-ദാഖില്‍ പോര്‍ട്ടലായ ഇ-ദാഖില്‍ ഡോട്ട് എന്‍ഐസി ഡോട്ട് ഇന്നില്‍ ഇലക്ട്രോണിക്കായി പരാതികള്‍ ഫയല്‍ ചെയ്യാമെന്നുപ്രസ്താവനയില്‍ പറയുന്നു.