/indian-express-malayalam/media/media_files/uploads/2021/07/manmohan.jpg)
പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ കോൺഗ്രസിന് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് മുതിർന്ന പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിങ്. ബിജെപിയുടെ “വിഭജന നയങ്ങൾ”ക്കെതിരെ മുന്നറിയിപ്പ് നൽകുകയാണെന്നും കേന്ദ്രസർക്കാർ "പഞ്ചാബിനെയും പഞ്ചാബികളെയും അപകീർത്തിപ്പെടുത്തുകയാണ്," എന്നും മൻമോഹൻ പറഞ്ഞു.
പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെയും സംസ്ഥാനത്തെ ജനങ്ങളെയും അപകീർത്തിപ്പെടുത്താനാണ് കേന്ദ്രം ശ്രമിച്ചതെന്ന് പഞ്ചാബി ഭാഷയിലുള്ള വീഡിയോ സന്ദേശത്തിൽ സിങ് പറഞ്ഞു.
"അതുപോലെ, കർഷക പ്രക്ഷോഭത്തിനിടെ അവർ പഞ്ചാബിനെയും പഞ്ചാബികളെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു. ധീരതയ്ക്കും ദേശസ്‌നേഹത്തിനും ലോകമെമ്പാടും സല്യൂട്ട് ചെയ്യുന്ന പഞ്ചാബികളെ കുറിച്ച് എന്താണ് പറ/യുന്നത്. ഒരു യഥാർത്ഥ ഇന്ത്യക്കാരൻ എന്ന നിലയിൽ, പഞ്ചാബിൽ ജനിച്ച ആളെന്ന നിലയിൽ, ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങളിൽ എനിക്ക് സങ്കടമുണ്ട്.," സിങ് പറഞ്ഞു.
വികസനം, കൃഷി, തൊഴിലില്ലായ്മ എന്നിവ പഞ്ചാബ് നേരിടുന്ന വെല്ലുവിളികളാണെന്ന് പറഞ്ഞ അദ്ദേഹം, കോൺഗ്രസിന് മാത്രമേ ഈ പ്രശ്നങ്ങൾക്ക് പരിഹാരം നൽകാൻ കഴിയൂ എന്നും അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ ഒരു ദിവസം ശേഷിക്കെ, എഎപി, എസ്എഡി, ബിജെപി നേതൃത്വത്തിലുള്ള സഖ്യം എന്നിവയുമായി കടുത്ത, ബഹുകോണ പോരാട്ടത്തിലാണ് കോൺഗ്രസ്. ഫെബ്രുവരി 20ന് വോട്ടെടുപ്പ് ദിനത്തിന് മുമ്പായി സാഹചര്യങ്ങൾ എല്ലാം അനുകൂലമാക്കാൻ പാർട്ടി ശ്രമിക്കുന്നു. 2017ലെ തിരഞ്ഞെടുപ്പിൽ 117ൽ 77 സീറ്റുകളുടെ വ്യക്തമായ ജനവിധിയോടെയാണ് പാർട്ടി വിജയിച്ചത്.
"ഏഴര വർഷത്തെ ഭരണത്തിന് ശേഷവും തങ്ങളുടെ തെറ്റുകൾ അംഗീകരിച്ച് തിരുത്തലുകൾ വരുത്തുന്നതിന് പകരം ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ പഴിചാരാനാണ് ഇപ്പോഴത്തെ ഭരണാധികാരികൾ ശ്രമിക്കുന്നത്. സ്വന്തം തെറ്റുകൾ മറയ്ക്കാൻ രാജ്യത്തെയും ചരിത്രത്തെയും കുറ്റപ്പെടുത്താനാവില്ല," മൻമോഹൻ സിങ് പറഞ്ഞു.
"രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഞങ്ങൾ രാജ്യത്തെ വിഭജിച്ചില്ല. സത്യം മൂടിവെക്കാൻ ഞങ്ങൾ ശ്രമിച്ചില്ല. പ്രധാനമന്ത്രി സ്ഥാനത്തിന്റെ അന്തസ്സിനെ അപമാനിക്കുന്ന ഒന്നും ചെയ്തില്ല. പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിട്ടും രാജ്യത്തിനു രാജ്യാന്തര തലത്തിൽ നാം മഹത്വം കൊണ്ടുവന്നു. ബിജെപിയും അതിന്റെ ബി, സി ടീമുകളും എനിക്കെതിരെ നടത്തിയ കുപ്രചരണങ്ങൾ വെളിപ്പെട്ടതിൽ എനിക്ക് സന്തോഷമുണ്ട്, 2004 മുതൽ 2014 വരെ ഞങ്ങൾ ചെയ്ത നല്ല പ്രവർത്തനങ്ങൾ രാജ്യം ഓർക്കുന്നു," സിങ് പറഞ്ഞു.
“സർക്കാരിന് സാമ്പത്തിക ശാസ്ത്രം മനസ്സിലാകുന്നില്ല. അവരുടെ തെറ്റായ സാമ്പത്തിക നയങ്ങൾ കാരണം, തൊഴിലില്ലായ്മ അതിന്റെ ഉച്ചസ്ഥായിയിലാണ്. കർഷകരും സംരംഭകരും സ്ത്രീകളും വിദ്യാർത്ഥികളും എല്ലാം പ്രശ്നങ്ങൾ നേരിടുന്നു. കർഷകർ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുകയാണ്. സമ്പന്നർ കൂടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരുമായിത്തീരുന്നു. എന്നാൽ എല്ലാം ശരിയാണെന്ന് കാണിക്കാൻ സർക്കാർ വ്യാജ വിവരങ്ങളുണ്ടാക്കുന്നു. ഈ സർക്കാരിന്റെ ഉദ്ദേശ്യവും നയങ്ങളും പിഴവുള്ളതാണ്. അതിന്റെ നയങ്ങൾ സ്വാർത്ഥതാത്പര്യങ്ങളാലും ഉദ്ദേശശുദ്ധിയാലും വിദ്വേഷത്താലും നയിക്കപ്പെടുന്നു. ജാതിയുടെയും മതത്തിന്റെയും പ്രദേശത്തിന്റെയും അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് അവർ. അവരുടെ കപട ദേശീയത... അപകടകരം എന്നതിനൊപ്പം പൊള്ളയുമാണ്... ഭരണഘടനാ സ്ഥാപനങ്ങൾ ദുർബലപ്പെടുത്തുകയാണ്."
""കഴിഞ്ഞ ഒരു വർഷമായി ചൈനക്കാർ നമ്മുടെ ഭൂമിയിലേക്ക് നുഴഞ്ഞുകയറുകയാണ്, എന്നാൽ ഇത് മറച്ചുവെക്കുകയാണ്. പഴയ സഖ്യകക്ഷികൾ നമ്മിൽ നിന്ന് അകന്നുപോകുന്നു," സിങ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.