scorecardresearch

‘തലപ്പാവും വളയും അനുവദനീയമെങ്കില്‍ ഹിജാബ് മാത്രം ലക്ഷ്യം വയ്ക്കുന്നത് എന്തിന്?’ കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജിക്കാരുടെ ചോദ്യം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യൂണിഫോം മാറ്റാന്‍ ഉദ്ദേശിക്കുമ്പോള്‍ ഒരു വര്‍ഷം മുമ്പ് രക്ഷിതാക്കള്‍ക്കു നോട്ടിസ് നല്‍കണമെന്നാണ് ചട്ടത്തില്‍ പറയുന്നതെന്നു അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി

‘തലപ്പാവും വളയും അനുവദനീയമെങ്കില്‍ ഹിജാബ് മാത്രം ലക്ഷ്യം വയ്ക്കുന്നത് എന്തിന്?’ കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജിക്കാരുടെ ചോദ്യം

ബെംഗളുരു: വളകളും തലപ്പാവും പോലുള്ള വ്യത്യസ്ത മതചിഹ്നങ്ങള്‍ ഇന്ത്യന്‍ സമൂഹത്തില്‍ സാധാരണമായിരിക്കെ, ശിരോവസ്ത്രത്തിന്റെ പേരില്‍ മുസ്ലീം സ്ത്രീകളെ മാത്രം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ശത്രുതാപരമായ വിവേചനത്തിന്റെ ഉദാഹരണമാണെന്ന് ഹിജാബ് വിലക്കിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജിക്കാരുടെ വാദം. പ്രീ-യൂണിവേഴ്സിറ്റി കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചിത യൂണിഫോം ഇല്ലാത്തതിനാല്‍ വിവേചനം കൂടുതല്‍ ശക്തമാണെന്നും ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തുന്ന ഒരു നിയമവുമില്ലെന്നും മുതിര്‍ന്ന അഭിഭാഷകന്‍ രവിവര്‍മ കുമാര്‍ വാദിച്ചു.

സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച യൂണിഫോമുകളൊന്നുമില്ലാത്ത സാഹചര്യത്തില്‍ മുസ്ലീം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് ക്ലാസിലെത്തുന്നതു തടയാന്‍ നടത്തുന്ന ശ്രമങ്ങള്‍, ഭരണഘടനയുടെ അനുച്‌ഛേദം 15 പ്രകാരം നിരോധിച്ച, മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനത്തിന് തുല്യമാണെന്ന് കര്‍ണാടക മുന്‍ അഡ്വക്കേറ്റ് ജനറല്‍ കൂടിയായ രവിവര്‍മ കുമാര്‍ വാദിച്ചു.

”ഹിന്ദുകള്‍ക്കും സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും അവരുടെ മതചിഹ്നങ്ങളുണ്ട്. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ബഹുസ്വരതയും വൈവിധ്യവും ഉയര്‍ത്തിക്കാട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് ഈ ശത്രുതാപരമായ വിവേചനത്തിന് ഹിജാബ് മാത്രം തിരഞ്ഞെടുത്തത്? അത് മതം കൊണ്ടല്ലേ?” അദ്ദേഹം ചോദിച്ചു.

”സിഖുകാരുടെ തലപ്പാവ് നിരോധിക്കണോ? പെണ്‍കുട്ടികള്‍ വളകള്‍ ധരിക്കുകയും ചെയ്യുന്നു. പാവപ്പെട്ട മുസ്ലീം പെണ്‍കുട്ടികളോട് എന്തിനാണ് ഈ വിവേചനം?,” പൗരന്മാരോട് അവരുടെ മതം, വംശം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ ഭരണകൂടം വിവേചനം കാണിക്കരുതെന്ന് അനുച്‌ഛേദം 15 പറയുന്നത് പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.

ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ ക്ലാസുകളില്‍ പങ്കെടുക്കുന്നതില്‍നിന്ന് തടയുന്നത് ”മതം കാരണം” മാത്രമാണ്. വളയും ബിന്ദിയും ധരിക്കുന്നവരോടും ക്രൂശിതരൂപം വഹിക്കുന്നവരോടും അത്തരം ”വിവേചനം” ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

”തലപ്പാവ് ധരിക്കുന്ന ആളുകള്‍ക്ക് സൈന്യത്തിന്റെ ഭാഗമാകാന്‍ കഴിയുമെങ്കില്‍, എന്തുകൊണ്ടാണ് മതചിഹ്നം ധരിച്ച ഒരാളെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്തത്. മതം ആചരിക്കുകയെന്നത് അവകാശമാണ്. ഇത് സാര്‍വത്രിക വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്കെതിരായ കടുത്ത തീരുമാനമാണ്, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍. മുസ്ലീം പെണ്‍കുട്ടികള്‍ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസവും ക്ലാസ് മുറികളില്‍ ഏറ്റവും കുറഞ്ഞ പ്രാതിനിധ്യവുമു ള്ളവരാണെന്ന വസ്തുത കോടതി കണക്കിലെടുക്കണം. അത്തരത്തിലുള്ള വിവേചനത്തിന്റെ പേരില്‍ അവരെ വിലക്കുകയാണെങ്കില്‍ അത് അവരുടെ വിദ്യാഭ്യാസത്തിന്റെ അന്ത്യത്തിനു കാരണമാകും,”അദ്ദേഹം വാദിച്ചു. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ബഹുത്വത്തെ പ്രോത്സാഹിപ്പിക്കലാണ്, അല്ലാതെ ഏകത്വമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

”പിയു കോളജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കു യൂണിഫോം ഇല്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള യൂണിഫോം ശുപാര്‍ശ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രീ-യൂണിവേഴ്‌സിറ്റി കോളജുകളുടെ പ്രോസ്‌പെക്ടസ് പറയുന്നു. 1983 ലെ കര്‍ണാടക വിദ്യാഭ്യാസ നിയമപ്രകാരം ഹിജാബ് ധരിക്കുന്നതിനു നിരോധനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ”എങ്ങനെ ക്ലാസില്‍നിന്ന് പുറത്താക്കാനാവും, ഏതു നിയമ പ്രകാരം? എന്ന് അറിയേണ്ടതുണ്ട്. ആരാണ് ഇത്തരമൊരു പ്രവൃത്തിക്ക് അനുമതി നല്‍കിയത്,”അദ്ദേഹം ചോദിച്ചു.

ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ ക്ലാസുകളില്‍നിന്ന് തടയാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ ‘പ്രകടമായ സ്വേച്ഛാപരത’ കോടതി അംഗീകരിക്കുന്നതിന് തുല്യമാണെന്ന് ഉഡുപ്പി കോളജ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ യൂസഫ് മുച്ഛാല പറഞ്ഞു. ഇത് നിയമത്തില്‍ നിലനില്‍ക്കുന്ന ‘ആനുപാതികത സിദ്ധാന്തം’ ലംഘിക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയതിനെതിരായ ഹര്‍ജികളില്‍ ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാളെയും തുടരും. കേസില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഫുള്‍ ബഞ്ച് വാദം കേള്‍ക്കുന്നതു തുടര്‍ച്ചയായി അഞ്ചാം ദിവസത്തിലേക്കു കടക്കുകയാണ്.

Also Read: യുക്രൈന്‍: ‘എല്ലാം സാധാരണനിലയില്‍’; സുരക്ഷിതരെന്ന് മലയാളി വിദ്യാര്‍ഥികള്‍

സ്‌കൂള്‍ യൂണിഫോമിന് അനുയോജ്യമായ നിറങ്ങളില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന് വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഹാജരായ മറ്റൊരു അഭിഭാഷകന്‍ ചൊവ്വാഴ്ച കോടതിയില്‍ അഭ്യര്‍ഥിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഇത്തരത്തില്‍ അനുവദിക്കുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

നമ്മുടെ ഭരണഘടന സ്പഷ്ടമായി പ്രഖ്യാപിക്കപ്പെട്ട മതേതരത്വമാണ് പിന്തുടരുന്നതെന്നും എല്ലാവരുടെയും മതപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് നമ്മുടെ മതേതരത്വം ഉറപ്പാക്കുന്നുവെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് വാദിച്ചു.

സിംഗിള്‍ ബഞ്ചിനു മുന്നിലെത്തിയ കേസ്, നേരത്തെ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന വിശാല ബഞ്ചിനു വിടുകയായിരുന്നു. തുടര്‍ന്ന്, കര്‍ണാടകയിലെ യൂണിഫോം നിര്‍ദേശിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അന്തിമ വിധി വരുന്നതുവരെ, മതപരമായ ഒരു വസ്ത്രവും ധരിക്കരുതെന്ന് വെള്ളിയാഴ്ച പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ വിശാല ബഞ്ച് വ്യക്തമാക്കിയിരുന്നു. വിദ്യാലയങ്ങള്‍ തുറക്കാനും കോടതി നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ ഹൈസ്‌കൂള്‍ ക്ലാസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.

അതിനിടെ, മംഗളൂരുവിലെ രണ്ട് കോളേജുകളിലായി ഹിജാബ് മാറ്റാൻ തയാറാകാതിരുന്ന 28 വിദ്യാർത്ഥികളെ ക്ലാസിൽ പ്രവേശിപ്പിച്ചില്ല. പോംപെ പിയു കോളജിൽ 26 പേർക്കും ദയാനന്ദ് പൈ ഡിഗ്രി കോളജിൽ രണ്ടു പേർക്കുമാണ് ഹൈക്കോടതിയുടെ താൽക്കാലിക ഉത്തരവ് ചൂണ്ടിക്കാട്ടി പ്രവേശനം നിഷേധിച്ചത്. മറ്റു നാല് കോളജുകളിൽ വിദ്യാർഥികൾ ഹിജാബ് അഴിച്ചതിനെത്തുടർന്നാണ് ക്ലാസിൽ പ്രവേശിപ്പിച്ചതെന്ന് മംഗളൂരു പൊലീസ് കമ്മിഷണർ എൻ ശശി കുമാർ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Karnataka hijab row school college protests high court hearing