/indian-express-malayalam/media/media_files/uploads/2020/01/jamia-vc.jpg)
ന്യൂഡൽഹി: അനുമതിയില്ലാതെയാണ് ഡിസംബർ 15 ന് ഡൽഹി പൊലീസ് ക്യാംപസിൽ പ്രവേശിച്ചതെന്ന് ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാല വൈസ് ചാൻസലർ നജ്മ അക്തർ. സംഭവത്തിൽ പൊലീസിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ വീണ്ടും സമ്മർദം ചെലുത്തും. ഇക്കാര്യം സർക്കാരിനു മുന്നിൽ അവതരിപ്പിച്ചതായും നിയമപരമായ മാർഗം തേടുമെന്നും വിസി വ്യക്തമാക്കി.
ജാമിയ മിലിയ ഇസ്‌ലാമിയ യൂണിവേഴ്സിറ്റിയിലെ നൂറുകണക്കിന് വിദ്യാർഥികൾ വിസിയുടെ ഓഫീസ് ഘരാവോ ചെയ്തതിനു പിന്നാലെയാണ് പ്രതികരണം. കഴിഞ്ഞ മാസം ക്യാംപസിനകത്തുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു വിദ്യാർഥികൾ വിസിയെ ഘരാവോ ചെയ്തത്. യൂണിവേഴ്‌സിറ്റി പരീക്ഷകൾ പുനഃക്രമീകരിക്കണമെന്നും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രതിഷേധിച്ച വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.
Read Also: എൻആർസി നടപ്പാക്കില്ല, പൗരത്വ നിയമ ഭേദഗതിയിലും നിതീഷ് കുമാറിന് മനംമാറ്റം
സർവകലാശാലയുടെ പ്രവേശന കവാടത്തിന്റെ പൂട്ട് തകർത്താണ് വിദ്യാർഥികൾ വിസിയുടെ ഓഫിസിലേക്കെത്തിയത്. ഓഫിസിനു മുന്നിൽ കുത്തിയിരുന്ന വിദ്യാർഥികൾ വിസിക്കെതിരെ മുദ്രാവാക്യം വിളിച്ചു. പ്രശ്നത്തെക്കുറിച്ച് വിദ്യാർഥികളുമായി സംസാരിക്കാൻ വിസി തയാറാകണമെന്നായിരുന്നു അവരുടെ ആവശ്യം. തുടർന്ന് വിദ്യാർഥികളുമായി സംസാരിക്കവെയാണു പൊലീസിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നു വിസി വ്യക്തമാക്കിയത്.
കഴിഞ്ഞ മാസം 15 ന് ഡൽഹി പൊലീസ് ക്യാംപസിനകത്ത് കടന്ന് വിദ്യാർഥികൾക്കുനേരെ കണ്ണീർ വാതകം പ്രയോഗിച്ചിരുന്നു. ലൈബ്രറിക്കുളളിലുണ്ടായിരുന്ന വിദ്യാർഥികളെ വലിച്ചു പുറത്തേക്കിട്ടശേഷം മർദിക്കുകയും ചെയ്തു. ജാമിയ വിദ്യാർഥികൾ പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിൽ പങ്കെടുത്തതിനുപിന്നാലെയായിരുന്നു പൊലീസ് നടപടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.