പാറ്റ്ന: ദേശീയ പൗരത്വ രജിസ്റ്റർ (എന്‍ആര്‍സി) ബിഹാറില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയും എൻഡിഎ സഖ്യകക്ഷി ജെഡിയുവിന്റെ നേതാവുമായ നിതീഷ് കുമാര്‍. പൗരത്വ നിയമ ഭേദഗതിയില്‍ നിയമസഭയില്‍ പ്രത്യേക ചര്‍ച്ചയാകാമെന്നും എന്നാല്‍ പൗരത്വ പട്ടിക ഒരിക്കലും സംസ്ഥാനത്ത് നടപ്പാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഹാര്‍ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലായിരുന്നു നിതീഷ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പൗരത്വ രജിസ്റ്റര്‍, പൗരത്വ നിയമ ഭേദഗതി എന്നീ വിഷയങ്ങളില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ഭരണപക്ഷത്തിനെതിരേ സഭയില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കിയത്. പൗരത്വ നിയമ ഭേദഗതിയില്‍ ചര്‍ച്ച വേണം. എല്ലാവരും അത് ആവശ്യപ്പെടുകയാണെങ്കില്‍ സഭയില്‍ തന്നെ ചര്‍ച്ചയാകാം. അതേസമയം പൗരത്വ ഭേദഗതി നിയമത്തെ പാര്‍ലമെന്റിൽ ജെഡിയു അനുകൂലിച്ചിട്ടുണ്ട്.

Read More: സിഎഎ പ്രതിഷേധം: പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ മായാവതിയും പങ്കെടുക്കില്ല

എന്നാല്‍ പൗരത്വ പട്ടികയിൽ ഒരു ചോദ്യവും വേണ്ട. പൗരത്വ പട്ടികയ്ക്ക് ഒരു ന്യായീകരണവുമില്ല. അത് ബിഹാറില്‍ നടപ്പാക്കേണ്ടതില്ലെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി. പൗരത്വ പട്ടികയ്‌ക്കെതിരെ എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയുവും നിതീഷ് കുമാറും നേരത്തെ പ്രതിഷേധമറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം പാര്‍ട്ടി നയം നിയമസഭയിലും വ്യക്തമാക്കിയത്.

വിദ്യാർഥികൾ, മനുഷ്യാവകാശ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടികൾ എന്നിവരുടെ രാജ്യവ്യാപക പ്രതിഷേധത്തിന് പ്രധാന കാരണമായ പൗരത്വ ഭേദഗതി നിയമത്തെ നിതീഷ് കുമാർ തള്ളിപ്പറഞ്ഞതോടെ പാര്‍ലമെന്റിൽ ചെയ്ത തെറ്റിന് ജെഡിയു പരിഹാരം കാണുക കൂടിയാണ്. നിതീഷ് കുമാർ നിലപാട് വ്യക്തമാക്കണമെന്ന് പാർട്ടിയിലെ രണ്ടാമനും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ ആവശ്യപ്പെട്ടിരുന്നു. സി‌എ‌എ-എൻ‌ആർ‌സി എന്നിവ ബീഹാറിൽ നടപ്പാക്കില്ലെന്ന് പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തിരുന്നു.

പ്രശാന്ത് കിഷോർ തന്റെ പാർട്ടി അധ്യക്ഷനെ വിമർശിച്ച് നിരവധി ട്വീറ്റുകൾ പോസ്റ്റ് ചെയ്യുകയും രാജി വാഗ്ദാനം ചെയ്യുകയും ചെയ്തു. മറ്റൊരു മുതിർന്ന നേതാവ് പവൻ വർമയും നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook