/indian-express-malayalam/media/media_files/uploads/2019/05/modi-120043-zbrqccgajk-1558288569-004.jpg)
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകീട്ട് ഏഴുമണിക്ക് . രാഷ്ട്രപതി ഭവനിലാണ് ചടങ്ങ് നടക്കുക . രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് സത്യപ്രതിജ്ഞ വിവരം ട്വീറ്റ് ചെയ്തത്. പുതിയ മന്ത്രിസഭയിലെ അംഗങ്ങളും അന്നേദിവസം സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുതിയ പ്രധാനമന്ത്രിക്കും മന്ത്രിസഭാംഗങ്ങൾക്കും സത്യവാചകം ചൊല്ലികൊടുക്കും. കഴിഞ്ഞ ദിവസം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയ നരേന്ദ്ര മോദി പുതിയ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു.
വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ശ്രീലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന പങ്കെടുക്കുന്ന കാര്യം തീര്‍ച്ചപ്പെടുത്തിയിട്ടുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. മറ്റ് വിദേശ പ്രതിനിധികളുടെ സൌകര്യവും ഒഴിവും ആരാഞ്ഞ് വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് വരും ദിവസങ്ങളില്‍ ഔദ്യോഗിക ക്ഷണക്കത്തുകളയക്കുമെന്നാണ് വിവരം. സത്യപ്രതിജ്ഞക്ക് മുന്നോടിയായി പുതിയ മന്ത്രിസഭ രൂപീകരണം തീരുമാനിക്കേണ്ടതുണ്ട്. നിലവിലെ മന്ത്രിസഭയില്‍ കാര്യമായ അഴിച്ചുപണിയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Read More: ‘സമാധാനത്തിനായി’; മോദിയെ അഭിനന്ദിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
ഗുജറാത്തിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച അമിത്ഷാ മന്ത്രിസഭയിൽ രണ്ടാമനാകും എന്ന ചര്‍ച്ചകൾ സജീവമാണ്. എന്നാൽ അമിത്ഷാ ബിജെപി അദ്ധ്യക്ഷനായി തന്നെ തുടരുമെന്ന സൂചനകളും ഉണ്ട്.
അമിത്ഷാ മന്ത്രിസഭയുടെ ഭാഗമാകില്ലെങ്കിൽ രാജ്നാഥ് സിംഗ് തന്നെയാകും ആഭ്യന്തര മന്ത്രി. നിതിൻ ഖഡ്ക്കരിക്ക് വലിയ പദവി നൽകണം എന്ന നിര്‍ദ്ദേശം ആര്‍എസ്എസ് മുന്നോട്ടുവെച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിൽ കഴിയുന്ന അരുണ്‍ ജയ്റ്റ്ലി പുതിയ മന്ത്രിസഭയിൽ ഉണ്ടായേക്കില്ല. ജയ്റ്റ്ലിയില്ലെങ്കിൽ പിയൂഷ് ഗോയലാകും ധനമന്ത്രി.
വിദേശകാര്യമന്ത്രി എന്ന നിലയിൽ മികച്ച പ്രകടനമാണ് സുഷമസ്വരാജ് നടത്തിയത്. സുഷമസ്വരാജ് തുടരാനുള്ള സാധ്യതയുണ്ടെങ്കിലും അവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ട്. കേരളത്തിൽ നിന്ന് അൽഫോണ്‍സ് കണ്ണന്താനം, കുമ്മനം രാജശേഖരൻ, വി.മുരളീധരൻ എന്നിവരുടെ പേരുകളാണ് അഭ്യൂഹങ്ങളിലുള്ളത്. പശ്ചിമബംഗാൾ, ഒഡീഷ, കർണാടക സംസ്ഥാനങ്ങൾക്കും പ്രാതിനിധ്യം നൽകും. എൻഡിഎ ഘടകകക്ഷികൾക്ക് അര്‍ഹമായ പരിഗണന നൽകുമെന്ന് അമിത്ഷാ സൂചന നൽകിയിരുന്നു.
അതേസമയം പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം മോദിയുടെ ആദ്യ വിദേശ യാത്ര മാലിദ്വീപിലേക്കാണെന്നാണ് സൂചന. അടുത്ത മാസം ആദ്യത്തോടെ മോദി മാലിദ്വീപിലേക്ക് പോകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളും മാലിദ്വീപ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. 2014ല്‍ പ്രധാനമന്ത്രി ആയ ശേഷം മോദി ആദ്യമായി സന്ദര്‍ശിച്ച രാജ്യം ഭൂട്ടാന്‍ ആയിരുന്നു. ജൂണ്‍ ആദ്യ വാരത്തോടെയാണ് മോദി മാലിദ്വീപില്‍ പോകുന്നതെന്നാണ് വിവരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.