ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ട്വിറ്ററിലൂടെയാണ് മോദിയെ ഇമ്രാന്‍ അഭിനന്ദിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തില്‍ മോദിയെ അഭിനന്ദിക്കുന്നതായി ഇമ്രാന്‍ ട്വീറ്റ് ചെയ്തു. മോദിക്കൊപ്പം ദക്ഷിണ ഏഷ്യയുടെ സമാധാനത്തിനും വളര്‍ച്ചയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഇമ്രാന്‍ ട്വിറ്ററില്‍ കുറിച്ചു. പുതിയതായി അധികാരമേല്‍ക്കാന്‍ പോകുന്ന സര്‍ക്കാര്‍ ഇന്ത്യ – പാക് ബന്ധത്തില്‍ നിര്‍ണായകമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സമാധാനപരമാക്കാന്‍ ശ്രമിക്കുമെന്ന തരത്തിലാണ് ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചത്.

മേയ് 30 രാഷ്ട്രപതി ഭവനില്‍ വച്ചായിരിക്കും മോദിയുടെ സത്യപ്രതിജ്ഞ. ലോക നേതാക്കളും സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ എത്തുമെന്ന് സൂചനകളുണ്ട്. 4.79 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മോദി വാരണാസിയില്‍ നിന്ന് വിജയിച്ചത്. ജൂണ്‍ 3 ന് മുന്‍പ് 17-ാം ലോക്‌സഭ ചേരണം.

Read More: അലയടിച്ച് മോദി തരംഗം; ഒറ്റയ്ക്ക് ഭൂരിപക്ഷം

ആകെയുള്ള 543 സീറ്റുകളിലേക്ക് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ആധിപത്യത്തോടെയാണ് എന്‍ഡിഎ അധികാരം നിലനിര്‍ത്തിയത്. 350 സീറ്റുകള്‍ വിജയിച്ച എന്‍ഡിഎ മുന്നണിയില്‍ 303 സീറ്റുകളുമായി ബിജെപി ശക്തി തെളിയിച്ചു. കഴിഞ്ഞ ലോക്‌സഭയില്‍ 282 സീറ്റുകളായിരുന്നു ബിജെപിക്കുണ്ടായിരുന്നത്.

2014 നേക്കാൾ മികച്ച വിജയത്തോടെയാണ് മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുന്നത്. പാകിസ്ഥാനുമായി പല തവണ ആദ്യ മോദി സർക്കാരിന്റെ കാലത്ത് ഏറ്റുമുട്ടുലുണ്ടായിട്ടുണ്ട്. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനും നല്ല ബന്ധം തുടരാനുമാണ് ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നതെങ്കിലും ഏറ്റുമുട്ടലുകൾ തിരിച്ചടിയാകുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook