/indian-express-malayalam/media/media_files/uploads/2020/12/pm.jpg)
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. തുടർന്ന് നടന്ന ഭൂമിപൂജയ്ക്കും പ്രധാനമന്ത്രി നേതൃത്വം നൽകി. നിലവിലെ മന്ദിരത്തോട് ചേർന്നാണ് പുതിയ പാർലമെന്റ് നിർമ്മിക്കുന്നത്.
പുതിയ മന്ദിരം പാർലമെന്റ് ഹൗസ് എസ്റ്റേറ്റിലെ 108 മത്തെ പ്ലോട്ടിൽ 60,000 മീറ്റർ സ്‌ക്വയറിലാണ് ഉയരുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കാരണം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക സമ്മേളനം പുതിയ മന്ദിരത്തിൽ നടത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു ശിലാസ്ഥാപനം.
64,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പുതിയ കെട്ടിടം 971 കോടി രൂപ ചെലവിലാണ് നിർമിക്കുന്നത്. പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണ കരാർ ടാറ്റ പ്രൊജക്ടിനാണ് നൽകിയിരിക്കുന്നത്. 21 മാസത്തിൽ മന്ദിരത്തിന്റെ പണി പൂർത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ത്രികോണാകൃതിയിൽ പണിയാനാണ് തീരുമാനം.
പുതിയ പാർലമെന്റ് മന്ദിരത്തിൽ ലോക്സഭാ ചേംബറിൽ 888 സീറ്റുകളും രാജ്യസഭ ചേംബറിൽ 384 സീറ്റുകളും ഉണ്ടാകും. നിലവിൽ ലോക്‌സഭയുടെ കരുത്ത് 543 ഉം രാജ്യസഭ 245 ഉം ആണ്. എല്ലാ എംപിമാർക്കും പ്രത്യേക ഓഫീസ് മുറികൾ സജമാക്കും. കടലാസ് രഹിത പാർലമെന്റ് എന്ന ലക്ഷ്യത്തോടെ ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കാനാണ് തീരുമാനം.
Read More: തറക്കല്ലിടാം; പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മ്മാണം തടഞ്ഞ് സുപ്രീംകോടതി
ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം ഉയർത്തിക്കാട്ടുന്ന രീതിയിലാണ് മന്ദിരം രൂപകൽപന ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്. വിശാലമായ കോൺസ്റ്റിറ്റിയൂഷൻ ഹാൾ, അംഗങ്ങൾക്കുവേണ്ടിയുള്ള ലോഞ്ച്, ലൈബ്രറി, വിവിധ മുറികൾ, ഡൈനിംഗ് ഹാളുകൾ പാർക്കിംഗ് എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഒരുക്കും. സംയുക്ത സെഷനിൽ പുതിയ ലോക്സഭാ ചേംബറിൽ 1224 അംഗങ്ങളെ ഉൾക്കൊള്ളാൻ കഴിയും. പുതിയ കെട്ടിടത്തിന് സെൻട്രൽ ഹാൾ ഉണ്ടാകില്ല.
കെട്ടിടം ഭൂകമ്പത്തെ പ്രതിരോധിക്കുന്നതും ഏറ്റവും ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയ്ക്ക് അനുയോജ്യമായതുമാണ്. ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തദ്ദേശീയ വാസ്തുവിദ്യയെ സംയോജിപ്പിക്കുകയും സാംസ്കാരിക വൈവിധ്യം പ്രദർശിപ്പിക്കുകയും ചെയ്യും.
ഈ വർഷം സെപ്റ്റംബറിൽ 861.90 കോടി രൂപ ചെലവിൽ പുതിയ പാർലമെന്റ് കെട്ടിടം പണിയാനുള്ള കരാർ ടാറ്റ പ്രോജക്ട് ലിമിറ്റഡ് നേടിയിരുന്നു. സെൻട്രൽ വിസ്റ്റ പുനർവികസന പദ്ധതി പ്രകാരം നിലവിലുള്ള പാർലമെന്റ് കെട്ടിടത്തിന് സമീപമാണ് പുതിയ കെട്ടിടം നിർമ്മിക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.