ന്യൂഡൽഹി: സെൻട്രൽ വിസ്റ്റ പദ്ധതിയെ എതിർക്കുന്ന അപേക്ഷകൾ നിരസിക്കുന്നതുവരെ നിർമാണമോ പൊളിച്ചുനീക്കലോ അനുവദിക്കില്ലെന്ന് അടിവരയിട്ട സുപ്രീംകോടതി, പുതിയ പാർലമെന്റ് മന്ദിരത്തിന് ശിലാസ്ഥാപന ചടങ്ങുമായി മുന്നോട്ട് പോകാൻ സർക്കാരിന് അനുവാദം നൽകി.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടരാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി.

“ഞങ്ങൾ നിങ്ങളോട് ആദരവ് പ്രകടിപ്പിക്കുകയും നിങ്ങൾ വിവേകപൂർവ്വം പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. ഇതേ ആദരവ് തിരിച്ചും കാണിക്കണം. ഇപ്പോൾ കെട്ടിടങ്ങൾ പൊളിക്കലോ നിർമ്മാണമോ പാടില്ല,” ജസ്റ്റിസ് ഖാൻവിൽക്കറെ ഉദ്ധരിച്ച് ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നു.

കെട്ടിടങ്ങൾ നിർമിക്കുകയോ പൊളിക്കുകയോ മരങ്ങൾ വെട്ടിമാറ്റുകയോ ചെയ്യില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ ഉറപ്പ് നൽകി.

Read More: പുതിയ പാർലമെന്റ് മന്ദിരത്തിന് ഡിസംബർ 10 ന് പ്രധാനമന്ത്രി തറക്കല്ലിടും

പദ്ധതിയുമായി ബന്ധപ്പെട്ട കടലാസുജോലികളുമായി മുന്നോട്ടുപോകാന്‍ കോടതി കേന്ദ്രത്തിന് അനുവാദം നല്‍കി. ഡിസംബര്‍ പത്തിന് തീരുമാനിച്ചിരിക്കുന്ന ശിലാസ്ഥാപന ചടങ്ങിനും സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്.

രാജ്യത്തെ പുതിയ പാർലമെന്റ് മന്ദിരത്തിന് ഡിസംബർ 10 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള കഴിഞ്ഞദിവസം അറിയിച്ചിരുന്നു. 64,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പുതിയ കെട്ടിടം 971 കോടി രൂപ ചെലവിലാണ് നിർമിക്കുന്നത്.

പുതിയ പാർലമെന്റ് മന്ദിരത്തിൽ ലോക്സഭാ ചേംബറിൽ 888 സീറ്റുകളും രാജ്യസഭ ചേംബറിൽ 384 സീറ്റുകളും ഉണ്ടാകും. നിലവിൽ ലോക്‌സഭയുടെ കരുത്ത് 543 ഉം രാജ്യസഭ 245 ഉം ആണ്.

സംയുക്ത സെഷനിൽ പുതിയ ലോക്സഭാ ചേംബറിൽ 1224 അംഗങ്ങളെ ഉൾക്കൊള്ളാൻ കഴിയും. പുതിയ കെട്ടിടത്തിന് സെൻട്രൽ ഹാൾ ഉണ്ടാകില്ല.

971 കോടി രൂപ ചെലവിൽ 64,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ നിർമ്മിക്കാൻ പോകുന്ന കെട്ടിടം ഭൂകമ്പത്തെ പ്രതിരോധിക്കുന്നതും ഏറ്റവും ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയ്ക്ക് അനുയോജ്യമായതുമാണ്. ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തദ്ദേശീയ വാസ്തുവിദ്യയെ സംയോജിപ്പിക്കുകയും സാംസ്കാരിക വൈവിധ്യം പ്രദർശിപ്പിക്കുകയും ചെയ്യും.

ഈ വർഷം സെപ്റ്റംബറിൽ 861.90 കോടി രൂപ ചെലവിൽ പുതിയ പാർലമെന്റ് കെട്ടിടം പണിയാനുള്ള കരാർ ടാറ്റ പ്രോജക്ട് ലിമിറ്റഡ് നേടിയിരുന്നു. സെൻട്രൽ വിസ്റ്റ പുനർവികസന പദ്ധതി പ്രകാരം നിലവിലുള്ള പാർലമെന്റ് കെട്ടിടത്തിന് സമീപമാണ് പുതിയ കെട്ടിടം നിർമ്മിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook