/indian-express-malayalam/media/media_files/uploads/2019/05/rajanikanth-narendra-modi.jpg)
ചെന്നൈ: ജവഹര്‍ലാല്‍ നെഹ്റുവിനേയും രാജീവ് ഗാന്ധിയേയും പോലെ വ്യക്തിപ്രഭാവമുളളയാളാണ് നരേന്ദ്ര മോദിയെന്ന് തമിഴ് നടന് രജനീകാന്ത്. വ്യാഴാഴ്ച നടക്കുന്ന പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ താന്‍ പങ്കെടുക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. രജനീകാന്തിനും കമല്‍ഹാസനും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നു.
'ഈ വിജയം മോദിയുടെ വിജയമാണ്. അദ്ദേഹം വ്യക്തിപ്രഭാവമുളള നേതാവാണ്. ഇന്ത്യയില്‍ നെഹ്റുവിനും രാജീവ് ഗാന്ധിക്കും ശേഷം അദ്ദേഹമാണ് വ്യക്തിപ്രഭാവം ഉളള നേതാവ്,' രജനീകാന്ത് പറഞ്ഞു. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയം നേരിട്ടതിൽ സ്ഥാനം ഒഴിയാനിരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും അദ്ദേഹം പിന്തുണ അറിയിച്ചു. കോൺഗ്രസിലെ മുതിർന്ന നേതാക്കളെ നിയന്ത്രിക്കാൻ യുവ നേതാവായ രാഹുലിന് ബുദ്ധിമുട്ടേറെയാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ പ്രതിസന്ധികൾ ഒരുപാടുണ്ടെങ്കിലും രാഹുൽ രാജിവയ്ക്കേണ്ടതില്ലെന്നും രജനീകാന്ത് പറഞ്ഞു. തിരിച്ചടികൾക്ക് ശേഷവും മുന്നോട്ട് പോകാനാകുമെന്ന് രാഹുൽ തെളിയിക്കുകയാണ് വേണ്ടത്. ജനാധിപത്യത്തിൽ പ്രതിപക്ഷവും ശക്തമായിരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്നും രജനീകാന്ത് മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കി.
Read More: ബിജെപി അപകടകരമായ പാർട്ടിയാണോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളെന്ന് രജനീകാന്ത്
ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ വമ്പന്‍ വിജയത്തിന് പിന്നാലെ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് രജനീകാന്ത് രംഗത്തെത്തിയിരുന്നു. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു മോദിയെ രജനീകാന്ത് പ്രശംസിച്ചത്. 'ബഹുമാനപ്പെട്ട നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങള്‍, നിങ്ങള്‍ അത് നേടി ,ദൈവം അനുഗ്രഹിക്കട്ടെയെന്നാണ് രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചത്. ഇതിനു മുന്‍പ് ബിജെപിയെ അനുകൂലിച്ച് പ്രസ്താവനകള്‍ നടത്തിയ ആളാണ് രജനീകാന്ത്.
തിരഞ്ഞെടുപ്പിന് മുമ്പ് മോദിയുമായി രജനി കൂടിക്കാഴ്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചെന്നൈയില്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മോദി. മോദി ശക്തനായ നേതാവും കഴിവുള്ള ഭരണാധികാരിയും ആണെന്ന് അന്ന് രജനീകാന്ത് പറഞ്ഞു. മോദിയുടെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്നും സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്നും രജനീകാന്ത് വ്യക്തമാക്കി. അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും ഒരുമിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ എത്തുകയായിരുന്നു. രജനീകാന്ത് തന്റെ നല്ല സുഹൃത്താണെന്നും അദ്ദേഹത്തിന് തമിഴ് പുതുവര്‍ഷം ആശംസിക്കാനെത്തിയതാണ് താനെന്നും മോദി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.