ചെന്നൈ: ബിജെപി പാർട്ടിയുമായി രജനീകാന്ത് കൈകോർക്കുമെന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമെന്ന് തോന്നുംവിധമായിരുന്നു താരത്തിന്റെ ഇന്നലത്തെ പ്രതികരണം. ബിജെപി അപകടകരമെന്ന് മറ്റു പാർട്ടികൾ വിശ്വസിക്കുന്നുവെങ്കിൽ അത് ശരിയായിരിക്കുമെന്നാണ് രജനി ഇന്നലെ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇതിനു വ്യക്തത വരുത്തിക്കൊണ്ട് രജനി ഇന്നു പറഞ്ഞ വാക്കുകളും ബിജെപിയുമായി അടുപ്പത്തിനില്ലെന്ന് സൂചിപ്പിക്കുന്നതാണ്.

”പ്രതിപക്ഷ പാർട്ടികൾ ബിജെപി അപകടകരമെന്ന് വിശ്വസിക്കുന്നതായാണ് ഇന്നലെ ഞാൻ പറഞ്ഞത്. ബിജെപി അപകടകരമായ പാർട്ടിയാണോയെന്ന് ജനങ്ങൾ തീരുമാനിക്കും. ഒരാൾക്കെതിരെ 10 പേർ ശബ്ദം ഉയർത്തുകയാണെങ്കിൽ ആരാണ് മോശമെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്,” രജനീകാന്ത് പറഞ്ഞു.

കഴിഞ്ഞ ഡിസംബർ 31 നാണ് രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതിനുശേഷം ബിജെപിയുമായി രജനീകാന്ത് കൈകോർക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

”എനിക്കൊപ്പം ബിജെപിയാണെന്നാണ് ജനങ്ങൾ പറയുന്നത്. അത് സത്യമല്ല. എനിക്കൊപ്പം ദൈവവും ജനങ്ങളുമാണുളളത്,” രജനി പറഞ്ഞു. തന്റെ രാഷ്ട്രീയം ആത്മീയതയിൽ ഊന്നിയുളളതായിരിക്കുമെന്നും സത്യസന്ധത നിറഞ്ഞതായിരിക്കുമെന്നും രജനി പറഞ്ഞു.

Read: ബിജെപി അപകടകരമെന്ന് മറ്റു പാർട്ടികൾ വിശ്വസിക്കുന്നുവെങ്കിൽ ശരിയായിരിക്കും: രജനീകാന്ത്

ബിജെപി സർക്കാരിന്റെ നോട്ടുനിരോധനത്തെ സ്വാഗതം ചെയ്ത രജനി ഇന്നലെ നിലപാട് മാറ്റുകയും ചെയ്തിരുന്നു. ”നോട്ടുനിരോധനം നടപ്പിലാക്കിയ രീതി തെറ്റായിപ്പോയി. ആഴത്തിൽ കാര്യങ്ങൾ പഠിച്ചതിനുശേഷം മാത്രമായിരുന്നു അത് നടപ്പിലാക്കേണ്ടത്,” ചെന്നൈയിൽ മാധ്യമപ്രവർത്തകരോടായി രജനി പറഞ്ഞു. നോട്ടുനിരോധനത്തിന്റെ രണ്ടാം വാർഷികം പിന്നിടുമ്പോഴാണ് രജനിയുടെ പ്രതികരണം. 2016 നവംബർ 8 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുനിരോധനം പ്രഖ്യാപിച്ച് ഏതാനും മിനിറ്റുകൾ കഴിയുമ്പോഴാണ് പുതിയ ഇന്ത്യ ജനിച്ചിരിക്കുന്നുവെന്ന് പറഞ്ഞ് രജനി ട്വീറ്റ് ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook