/indian-express-malayalam/media/media_files/uploads/2021/09/narendramodi-unga-e.jpg)
ന്യൂഡൽഹി: മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പരമ്പരാഗത ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരുന്ന വിദേശ പൗരന്മാർക്ക് വേണ്ടി പ്രത്യേക ആയുഷ് വിസ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച പ്രഖ്യാപിച്ചു. ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ നടന്ന ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സമ്മിറ്റ് 2022 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഈ വിസ ഉപയോഗിച്ച്, ആയുർവേദ ചികിത്സയ്ക്ക് ഇന്ത്യയിലേക്കുള്ള യാത്ര എളുപ്പമാകും." ഔഷധ സസ്യ കർഷകരെ ആയുഷ് ഉൽപ്പന്ന നിർമ്മാതാക്കളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഡിജിറ്റൽ പോർട്ടൽ സ്ഥാപിക്കുന്നതുൾപ്പെടെ ആയുഷ് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രത്തിന് നിരവധി പദ്ധതികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്‌നാഥ്, കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഏതൊരു മേഖലയെയും മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിക്ഷേപ ഉച്ചകോടികൾ പ്രധാനമാണെന്ന്
അദ്ദേഹം കൂട്ടിച്ചേർത്തു, “ലോകമെമ്പാടും വ്യാപകമായ പരിഭ്രാന്തി ഉണ്ടായപ്പോൾ”, കോവിഡ് കാലത്താണ് ആയുഷ് ഉച്ചകോടി എന്ന ആശയം തനിക്ക് വന്നതെന്ന് മോദി പറഞ്ഞു. “ആയുർവേദ മരുന്നുകളും ആയുഷ് കടയും മറ്റ് പല ഉൽപ്പന്നങ്ങളും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് എങ്ങനെ സഹായകമാകുമെന്ന് നമ്മൾ കണ്ടു. കോവിഡ് കാലത്ത് ഇന്ത്യയിൽ നിന്നുള്ള മഞ്ഞൾ കയറ്റുമതി പലമടങ്ങ് വർദ്ധിച്ചു. നവീകരണവും നിക്ഷേപവും ഏതൊരു മേഖലയുടെയും കഴിവ് വർദ്ധിപ്പിക്കുന്നു. ആയുഷ് മേഖലയിൽ നിക്ഷേപം പരമാവധി വർധിപ്പിക്കേണ്ട സമയമാണിത്, മോദി പറഞ്ഞു.
“നവീകരണത്തിന്റെയും നിക്ഷേപത്തിന്റെയും പരിധിയില്ലാത്ത സാധ്യതകൾ” ചൂണ്ടിക്കാട്ടിയ അദ്ദേഹം, കർഷകരെ സഹായിക്കുന്നതിന്, സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന്, മെഡിക്കൽ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഒക്കെയായി സർക്കാർ സമീപഭാവിയിൽ ആസൂത്രണം ചെയ്യുന്ന പദ്ധതികളും എടുത്തുപറഞ്ഞു.
“ഔഷധ ചെടികൾക്ക് പേരുകേട്ടതാണ് ഹിമാലയം … നമ്മുടെ സർക്കാർ ഔഷധ സസ്യങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയാണ്. ഇത് സുസ്ഥിര വരുമാനത്തിന്റെ ഒരു വഴിയാകാം, കൂടാതെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സാധ്യതയുമുണ്ട്. എന്നിരുന്നാലും, അത്തരം സസ്യങ്ങളുടെ വിപണി പരിമിതമാണ്. അവ കൃഷി ചെയ്യുന്നവർക്ക് വിപണിയുമായി എളുപ്പത്തിൽ ബന്ധപ്പെടാനാവണം. അതിനാൽ ആയുഷ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനികളെ ഔഷധ സസ്യങ്ങൾ വളർത്തുന്ന കർഷകരുമായി ബന്ധിപ്പിക്കുന്ന ഒരു പോർട്ടലിനായി സർക്കാർ പ്രവർത്തിക്കുകയാണ്.
ആഗോളതലത്തിൽ ഉയർന്ന ഗുണമേന്മ ഉറപ്പുനൽകുന്നതിനായി ഉൽപന്നങ്ങളിൽ മുദ്ര പതിപ്പിക്കുന്ന ‘ആയുഷ്മാർക്ക്’ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മോദി കൂട്ടിച്ചേർത്തു. “കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ഞങ്ങൾ 50-ലധികം ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. ആയുഷിന്, 150-ലധികം രാജ്യങ്ങളിൽ ഒരു വലിയ കയറ്റുമതി വിപണി തുറക്കും… ഇന്ത്യ ഒരു ആകർഷകമായ മെഡിക്കൽ ടൂറിസം കേന്ദ്രമാണ്," എന്നും അദ്ദേഹം പറഞ്ഞു.
Also Read: സംഘർഷമുണ്ടായ ജഹാംഗീർപുരിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ കോർപറേഷൻ നീക്കം; തടഞ്ഞ് സുപ്രീംകോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us