/indian-express-malayalam/media/media_files/uploads/2022/08/Supreme-Court.jpg)
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ ചോദ്യം ചെയ്ത് 2016ല്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു വാദം കേള്‍ക്കുക.
ജസ്റ്റിസുമാരായ വി രാമസുബ്രഹ്‌മണ്യന്‍, ബി ആര്‍ ഗവായ്, അബ്ദുള്‍ നസീര്‍, എ എസ് ബൊപ്പണ്ണ, ബി വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ബെഞ്ചിനു മുമ്പാകെയുള്ള ആദ്യ ഇനമായാണു ഹര്‍ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്.
1000, 500 രൂപ കറന്‍സി നോട്ടുകള്‍ അസാധുവാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണു ഡല്‍ഹിയിലെ അഭിഭാഷകന്‍ വിവേക് നാരായണ്‍ ശര്‍മ 2016-ല്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ജീവിക്കാനും വ്യാപാരം ചെയ്യാനുമുള്ള പൗരന്മാരുടെ അവകാശത്തെ ഹനിക്കുന്നതിന്റെ പേരില്‍ റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. നോട്ട് നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം റദ്ദാക്കുകയോ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ അസാധുവാക്കിയ കറന്‍സി നോട്ടുകള്‍ മാറ്റുന്നതിന് 'ന്യായമായ സമയപരിധി' അനുവദിക്കാൻ കേന്ദ്രത്തിനു നിര്‍ദേശം നല്‍കുകയോ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തെയുണ്ടായിരുന്ന ആയിരം, അഞ്ചൂറ് രൂപയുടെ നോട്ടുകള്‍ 2016 നവംബര്‍ എട്ടിന് രാത്രി എട്ടിനാണു ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ നിരോധിച്ചത്. ഇതിനു പകരമായി കുറച്ചുകാലത്തിനുശേഷം രണ്ടായിരം രൂപയുടെ നോട്ടും തുടര്‍ന്ന് പുതിയ 200, 500 രൂപ നോട്ടുകളും ആര്‍ ബി ഐ പുറത്തിറക്കിയിരുന്നു.
കളളപ്പണത്തിനും അഴിമതിക്കും കളളനോട്ടിനും എതിരായ യുദ്ധം എന്നു വിശേഷിപ്പിച്ചാണ് പ്രധാനമന്ത്രി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടത്തിയത്. നോട്ടുനിരോധന സമയത്ത് പണമായി രാജ്യത്ത് നിലനിന്നിരുന്നത് 17 ലക്ഷം കോടി രൂപയായിരുന്നു. ഇതില്‍ 15.41 ലക്ഷം കോടി രൂപയാണ് (500, 1000 രുപയുടെ നോട്ടുകള്‍) കളളപ്പണം പിടിക്കാനെന്ന പേരില്‍ നവംബര്‍ എട്ടിന് രാത്രി അസാധുവാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിത്.
അസാധുവാക്കിയ 15.41 ലക്ഷം കോടിയില്‍ മൂന്ന് മുതല്‍ നാല് ലക്ഷം കോടി വരെ കളളപ്പണമാണെന്നും അവ തിരികെ വരില്ലെന്നും സര്‍ക്കാരിന്റെ വക്താക്കളും ബി ജെ പി നേതാക്കളും പറഞ്ഞിരുന്നത്. ഇതില്‍ 15.31 ലക്ഷം കോടി രൂപയും തിരിച്ചെത്തിയതാലി 2018ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍
ആര്‍ ബി ഐ വ്യക്തമാക്കിയിരുന്നു. അതായത് അസാധുവാക്കിയവയില്‍ 99.3 ശതമാനവും തിരിച്ചെത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us