scorecardresearch

മോഹന്‍ ഭാഗവതുമായുള്ള കൂടിക്കാഴ്ച: മുസ്ലിം നേതാക്കള്‍ക്കിടയില്‍ ഭിന്നത

ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യ ഇമാം ഉമര്‍ ഇല്യാസിന് മുസ്ലീം സമുദായത്തില്‍ വലിയ സ്ഥാനമില്ലെന്നാണു വിവിധ സംഘടനകളിലെ ആളുകള്‍ ചൂണ്ടിക്കാട്ടുന്നത്

മോഹന്‍ ഭാഗവതുമായുള്ള കൂടിക്കാഴ്ച: മുസ്ലിം നേതാക്കള്‍ക്കിടയില്‍ ഭിന്നത

ന്യൂഡല്‍ഹി: ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതുമായി സമുദായ പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച് പ്രമുഖ മുസ്ലീം സംഘടനകള്‍ക്കിടയില്‍ ഭിന്നത. കാലഘട്ടത്തിന്റെ ആവശ്യകതയെന്നു വിശേഷിപ്പിച്ചുകൊണ്ട് കൂടുതല്‍ ചര്‍ച്ചയ്ക്കുള്ള അവസരത്തെ ചിലര്‍ സ്വാഗതം ചെയ്തപ്പോള്‍, കാഴ്ചയ്ക്കപ്പുറമുള്ള പ്രധാന്യമൊന്നുമില്ലെന്നാണു ചിലര്‍ അഭിപ്രായപ്പെട്ടത്.

മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ് വൈ ഖുറൈശി, ഡല്‍ഹി മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്, ആര്‍എല്‍ഡി വൈസ് പ്രസിഡന്റ് ഷഹീദ് സിദ്ദിഖി, മുന്‍ അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറും റിട്ട. ലഫ്റ്റനന്റ് ജനറലുമായ സമീര്‍ ഉദ്ദീന്‍ ഷാ, വ്യവസായി സയീദ് ഷെര്‍വാണി എന്നീ മുസ്ലീം സമുദായത്തിലെ അഞ്ച് ഉന്നതര്‍ കഴിഞ്ഞമാസമാണു മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ചയില്‍ ഇരുപക്ഷവും ആശങ്കകള്‍ പങ്കുവയ്ക്കുകയും തുടര്‍ന്നും കൂടിക്കാഴ്ചകള്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ, മോഹന്‍ ഭാഗവത് ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ (എ ഐ ഐ ഒ) ചീഫ് ഇമാം ഉമര്‍ ഇല്യാസിയുമായി കഴിഞ്ഞയാഴ്ച ഒരു പള്ളിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗത്തിനു ശേഷം ഭാഗവതിനെ ‘രാഷ്ട്രപിതാവ്’ എന്ന് വിശേഷിപ്പിച്ച ഇല്യാസി, ചര്‍ച്ചകള്‍ സാമുദായിക സൗഹാര്‍ദം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു.

അതേസമയം, ഈ നടപടികളെ ഓള്‍ ഇന്ത്യ മുസ്ലീം പേഴ്സണല്‍ ലോ ബോര്‍ഡ് (എ ഐ എം പി എല്‍ ബി) എക്സിക്യൂട്ടീവ് അംഗം ഖാസിം റസൂല്‍ ഇല്യാസ് ചോദ്യം ചെയ്തു. ”ഭഗവതിനും ആര്‍എസ്എസിനും യഥാര്‍ത്ഥത്തില്‍ മുസ്ലിം സമൂഹവുമായി ബന്ധപ്പെടാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, അവര്‍ സ്വാധീനവും അനുയായികളുമുള്ള എ ഐ എം പി എല്‍ ബി അല്ലെങ്കില്‍ ജാമിയത്ത് ഉലമ-ഇ-ഹിന്ദ് അല്ലെങ്കില്‍ ജമാഅത്തെ ഇസ്ലാമി പോലെയുള്ള സംഘടനകളുമായി ബന്ധപ്പെടും,”അദ്ദേഹം ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. 20 വര്‍ഷമായി ഭാഗവത് തങ്ങളുമായോ ഈ സംഘടനകളുമായോ ബന്ധപ്പെട്ടിട്ടില്ലെന്നും ഇല്യാസ് പറഞ്ഞു.

ആര്‍ എസ് എസുമായുള്ള ചര്‍ച്ചകളില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങളെയും അദ്ദേഹം ചോദ്യം ചെയ്തു. ”മുസ്ലീം സമുദായത്തില്‍നിന്ന് ഭഗവതിനെ കണ്ടവരെല്ലാം കൂടിക്കാഴ്ചകള്‍ സുഖകരമായിരുന്നുവെന്നാണു പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ എട്ട് വര്‍ഷമായി (മോദി സര്‍ക്കാരിന്റെ) ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗങ്ങള്‍ നടന്നിട്ടുണ്ടെന്നതാണ് വസ്തുത. മുസ്ലീം വംശഹത്യ, മുസ്ലീം സ്ത്രീകള്‍ക്കെതിരായ ബലാത്സംഗ ഭീഷണി, ഹിജാബ് സംബന്ധിച്ച വിവാദങ്ങള്‍, ഗ്യാന്‍വാപി പോലുള്ള പള്ളിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടങ്ങിയവയിലൊന്നും ഭാഗവത് ഒരിക്കലും പ്രസ്താവനകള്‍ പുറപ്പെടുവിച്ചിട്ടില്ല. ആര്‍ എസ് എസ് നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുന്ന ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാരും ഇത് ചെയ്തിട്ടില്ല. മുസ്ലീം സമുദായത്തിനെതിരായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ എസ് എസ് നിര്‍ദേശിച്ചിട്ടില്ലെന്നു മാത്രമല്ല, നടപടിയെടുക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിട്ടുമില്ല. അതിനാല്‍ ഈ യോഗങ്ങള്‍ പൊള്ളയായ കാട്ടിക്കൂട്ടലുകള്‍ മാത്രമാണ്. ആര്‍ എസ് എസിന്റെ നിശബ്ദത വളരെ വലുതാണ്,” ഇല്യാസ് പറഞ്ഞു.

ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യ ഇമാം ഉമര്‍ ഇല്യാസിന് മുസ്ലീം സമുദായത്തില്‍ വലിയ സ്ഥാനമില്ലെന്നാണു വിവിധ സംഘടനകളിലെ ആളുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇല്യാസ് ഒരു അംഗീകൃത ഇസ്ലാമിക പണ്ഡിതന്‍ പോലുമല്ലെന്ന് ഒരാള്‍ പറഞ്ഞു. ഇമാമുകള്‍ക്ക് ആനുകൂല്യങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കാന്‍ അദ്ദേഹം എല്ലാ്പ്പോഴും ‘സര്‍ക്കാര്‍ അനുകൂലി’യായാണു നിലകൊള്ളാറുള്ളതെന്നു മറ്റൊരാള്‍ പറഞ്ഞു.

മൂന്ന് ലക്ഷം പള്ളികളിലായി അരലക്ഷം ഇമാമുമാരെ പ്രതിനിധീകരിക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലീം സംഘടന എന്നാണ് എ ഐ ഐ ഒ സ്വയം വിശേഷിപ്പിക്കുന്നത്.

”1992-ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍, കോണ്‍ഗ്രസിനെ എക്കാലവും പിന്തുണച്ചിരുന്ന ഇന്ത്യയിലുടനീളമുള്ള മുസ്ലീം സമുദായം പാര്‍ട്ടിയെ ബഹിഷ്‌കരിച്ചു. സമുദായത്തിന്റെ പിന്തുണ തിരികെ കൊണ്ടുവരാന്‍ അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹറാവു എ ഐ ഐ ഒ രൂപീകരിച്ച ഇല്യാസിയുടെ പിതാവ് ജമീല്‍ അഹമ്മദ് ഇല്യാസിയെ സമീപിച്ചു. ഇമാമുകള്‍ക്കു ശമ്പളം നല്‍കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതു് ജമീല്‍ അഹമ്മദാണ്. അല്ലെങ്കില്‍ ഫൗണ്ടേഷനുകളിലൂടെയും സംഭാവനകളിലൂടെയുമാണു ശമ്പളം നല്‍കിയിരുന്നത്. അന്നുമുതല്‍ എ ഐ ഐ ഒ എ്പ്പോഴും ഭരണകക്ഷിയോട് അടുപ്പം കാണിക്കുന്നു. അവര്‍ക്ക് സമൂഹത്തില്‍ ഒരു സ്ഥാനവുമില്ല,” പേര് വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത ഒരു നേതാവ് പറഞ്ഞു.

ഉമര്‍ ഇല്യാസ്, 2018 ലെ ആദ്യ കൂടിക്കാഴ്ചയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പലതവണ കണ്ടിട്ടുണ്ട്. അദ്ദേഹം സിനിമാ താരം അമിതാഭ് ബച്ചനുമായി വേദി പങ്കിടുകയും ജഗദീഷ് വാസുദേവ് (സദ്ഗുരു), ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ ഹിന്ദു ആത്മീയ നേതാക്കളെ കാണുകയും ചെയ്തു.

എന്നാല്‍, ഇല്യാസിന്റെ യോഗ്യതയെക്കുറിച്ച് സംശയം ഉന്നയിക്കുന്നതു തെറ്റായ രീതിയാണെന്നും നിരന്തരം ആക്രമണത്തിനിരയായി അനുഭവപ്പെടുന്ന ഒരു സമൂഹവും ആര്‍ എസ് എസും തമ്മില്‍ ചര്‍ച്ച നടക്കേണ്ടതു നിലവില്‍ വളരെ ആവശ്യമാണെന്നും മറ്റു ചില മുസ്ലിം നേതാക്കള്‍ കരുതുന്നു.

മോഹന്‍ ഭഗവതിന്റെ ഈ മുന്‍കൈയ സ്വാഗതം ചെയ്യുന്നതായി ജാമിയത്ത് ഉലമ-ഇ-ഹിന്ദ് സെക്രട്ടറി നിയാസ് അഹമ്മദ് ഫാറൂഖി പറഞ്ഞു. ”ഇതു നേരത്തെ നടക്കേണ്ടതായിരുന്നു. രാജ്യത്ത് ആര്‍ എസ് എസിനു ശക്തമായ സ്വാധീനമുണ്ട്. ഈ സ്വാധീനം ശരിയോ തെറ്റോ എന്നത് മറ്റൊരു കാര്യം. പക്ഷേ, രാജ്യം വിഭജിക്കണമെന്നും അനൈക്യത്തിലാകണമെന്നും ആര്‍ എസ് എസ് പോലും ആഗ്രഹിക്കുന്നുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.

മുസ്ലീം സമൂഹം ‘യഥാര്‍ത്ഥ’ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നു ഫാറൂഖി പറഞ്ഞു. ”അടുത്ത കാലത്തായി ഞങ്ങളുടെ പ്രധാന ആശങ്കകളിലൊന്ന് മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥയും സമുദായത്തിനുള്ള അവസരങ്ങളുടെ അഭാവവുമാണ്. പ്രത്യേകിച്ച് വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും കാര്യത്തില്‍. സമൂഹം വളരെ വ്യതിചലിക്കുകയും മറ്റ് വിഷയങ്ങളില്‍ വ്യാപൃതരാകുകയും ചെയ്യുന്നതിനാല്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. കൂടിക്കാഴ്ച കേവലം പ്രതീകാത്മകമാണെങ്കില്‍പ്പോലും, അത് മുന്നോട്ടുള്ള ചവിട്ടുപടിയാണ്,” അദ്ദേഹം പറഞ്ഞു.

ജംഇയ്യത്തുല്‍ ഉലമ-ഇ-ഹിന്ദിന്റെ രണ്ട് വിഭാഗങ്ങളിലൊന്നിന്റെ പ്രസിഡന്റും ദാറുല്‍ ഉലൂം ദയൂബന്ദ് നേതാവുമായ അര്‍ഷാദ് മദനി മൂന്നു വര്‍ഷം മുമ്പ് ഭാഗവതിനെ കണ്ടിരുന്നു. ”ഈ കൂടിക്കാഴ്ചകള്‍ എല്ലായ്പ്പോഴും നടന്നിട്ടുണ്ട്, പുതിയതായി ഒന്നുമില്ല,” അദ്ദേഹം പറഞ്ഞു. തന്റെ കൂടിക്കാഴ്ചയും ‘നല്ല അന്തരീക്ഷത്തിലാണ്’ നടന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഭാഗവതുമായുള്ള കൂടിക്കാഴ്ചയുടെ പ്രത്യേകതകള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല.

ആര്‍ എസ് എസുമായി അടുത്തിടെ നടന്ന കൂടിക്കാഴ്ചകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ശബ്ദമുയര്‍ത്തിയ മുസ്ലിം നേതാക്കളില്‍ എ െഎ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഒവൈസിയും ഉള്‍പ്പെടുന്നു. ഭഗവതിനെ കണ്ടുമുട്ടിയ അഞ്ചുപേരെയും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത ‘മുസ്ലീം ഉന്നതര്‍’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rss mohan bhagwat muslim leaders meetings