/indian-express-malayalam/media/media_files/uploads/2021/04/flight.jpg)
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇന്ത്യൻ സംഗീതം കേൾപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യോമയാന മന്ത്രാലയം വിമാനകമ്പനികൾക്കും വിമാനത്താവളങ്ങൾക്കും കത്തയച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിസർച്ചിന്റെ (ഐസിസിആർ) അഭ്യർത്ഥന അംഗീകരിച്ചു കൊണ്ടാണ് കത്തയച്ചത്. 'മത-സാമൂഹിക ജീവിതത്തിന്റെ' അഭിവാജ്യ ഘടകമായാണ് ഇന്ത്യയിൽ സംഗീതം ആരംഭിച്ചതെന്ന് വ്യോമയാന മന്ത്രാലയം കത്തിൽ പറഞ്ഞു.
“ലോകമെമ്പാടുമുള്ള മിക്ക വിമാനങ്ങളിലും വയ്ക്കുന്ന സംഗീതം എയർലൈൻ ഉൾപ്പെടുന്ന രാജ്യത്തിന് വളരെ പ്രധാനമാണ്, ഉദാഹരണത്തിന്, അമേരിക്കൻ എയർലൈനുകളിലെ ജാസ്, ഓസ്ട്രിയൻ എയർലൈനുകളിലെ മൊസാർട്ട്, മിഡിൽ ഈസ്റ്റിൽ നിന്നുള്ള എയർലൈനിലുകളിലെ അറബ് സംഗീതം. പക്ഷേ, ഇന്ത്യൻ വിമാനങ്ങളിൽ ഇന്ത്യൻ സംഗീതം വയ്ക്കുന്നത് വളരെ വിരളമാണ്, നമ്മുടെ സംഗീതത്തിന് വളരെ സമ്പന്നമായ സംസ്‌കാരവും പാരമ്പര്യവുമുണ്ട്, ഓരോ ഇന്ത്യക്കാരനും അതിൽ അഭിമാനിക്കാം,” സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ഉഷാ പാധി വിമാനക്കമ്പനികൾക്കും എയർപോർട്ട് ഓപ്പറേറ്റർമാർക്കും അയച്ച കത്തിൽ പറഞ്ഞു.
ഇന്ത്യൻ വിമാനങ്ങളിൽ ഇന്ത്യൻ സംഗീതം കേൾപ്പിക്കണമെന്ന ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിസർച്ചിന്റെ (ഐസിസിആർ) അഭ്യർത്ഥന വ്യോമയാന മന്ത്രാലയം അംഗീകരിച്ചെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഡിസംബർ 23നാണ് ഇന്ത്യൻ വിമാനക്കമ്പനികൾ നടത്തുന്ന വിമാനങ്ങളിൽ ഇന്ത്യൻ സംഗീതം പ്രോത്സാഹിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഐസിസിആർ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് അഭ്യർത്ഥിച്ചത്.
രാജ്യസഭാ എംപിയും ഐസിസിആർ പ്രസിഡന്റുമായ വിനയ് സഹസ്രബുദ്ധെയാണ് ഇതു സംബന്ധിച്ച കത്ത് മന്ത്രിക്ക് നൽകിയത്. സിന്ധ്യ ഐസിസിആറിന്റെ ആസ്ഥാനം സന്ദർശിച്ച വേളയിലായിരുന്നു ഇത്.
Also Read: 60 വയസ് കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസിനായി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട
ഇന്ത്യയിലെ വിമാനങ്ങളിൽ അപൂർവമായി മാത്രം ഇന്ത്യൻ സംഗീതം കേൾപ്പിക്കുന്നത് നിരാശാജനകമാണെന്നും നമ്മുടെ സംഗീതത്തിന് വളരെ സമ്പന്നമായ പാരമ്പര്യവും സംസ്‌കാരവും ഉണ്ടെന്നുമായിരുന്നു കത്തിൽ പറഞ്ഞത്.
അനു മാലിക്, കൗശൽ എസ് ഇനാംദാർ, മാലിനി അവസ്തി, ഷൗനക് അഭിഷേകി, മഞ്ജുഷ പാട്ടീൽ കെ, സഞ്ജീവ് അഭ്യങ്കർ, റീത്ത ഗാംഗുലി, വസിഫുദ്ദീൻ ദാഗർ എന്നി കലാകാരന്മാരും സംഗീതജ്ഞരും ഡിസംബർ 23 ന് നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നു.
ഈ വർഷം ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി വ്യോമയാന മന്ത്രാലയം, സർക്കാർ ഉടമസ്ഥതയിലുള്ളതും സ്വകാര്യ മേഖയിലുള്ളതുമായ വിമാനകമ്പനികളോട് വിമാനങ്ങളിൽ സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചുള്ള വിവരങ്ങൾ കേൾപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. 2019ൽ സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ, മഹാത്മ ഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് ചില വിമാനങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രം വരച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.