ന്യൂഡല്‍ഹി: ബൂസ്റ്റര്‍ ഡോസ് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുതുക്കി. 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിനായി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനുവരി 10 മുതലാണ് ബൂസ്റ്റര്‍ ഡോസ് വിതരണം.
ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞതും അനുബന്ധ രോഗമുള്ളവര്‍ക്കുമാണ് ബൂസ്റ്റര്‍ ഡോസ് വാക്സിന് നല്‍കുന്നത്. അനുബന്ധ രോഗമുള്ളവര്‍ക്ക് വാക്സിന് സ്വീകരിക്കണമെങ്കില്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് നേരിട്ട് ഹാജരാക്കുകയോ അല്ലെങ്കില്‍ കോവിന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്നുമായിരുന്നു നിര്‍ദേശം.
ഒമിക്രോണ്‍ രജ്യത്ത് അതിവേഗം പടരുന്നതിനാലും പിന്നീട് ഡോക്ടറെ സമീപിച്ച് സര്‍ട്ടിഫിക്കറ്റ് നേടുക എന്നത് ദുഷ്കരമാകാനുള്ള സാഹചര്യം പരിഗണിച്ചുമാണ് പുതിയ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് 60 വയസ് കഴിഞ്ഞവര്‍ക്ക് നേരിട്ട് വാക്സിനേഷന് സെന്ററില്‍ പോയി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാവുന്നതാണ്.
അതേസമയം, പല സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് ചുമതലയുള്ളവരെ കോവിഡ് മുന്നണി പോരാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. 15-18 വയസിനിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ജനുവരി മൂന്നാം തീയതി മുതല്‍ വാക്സിന് വിതരണം ആരംഭിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി.
Also Read: വാക്സിനേഷന് മുന്‍പും ശേഷവും കുട്ടികളുടെ ആരോഗ്യനില ഉറപ്പാക്കും; മുന്നൊരുക്കങ്ങളുമായി സംസ്ഥാനം