/indian-express-malayalam/media/media_files/uploads/2020/03/corona-19.jpg)
മനില: ലോകത്താകമാനം പടർന്ന് പിടിക്കുന്ന കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ ലംഘിക്കുന്നവരെ വെടിവച്ചുകൊല്ലാൻ നിർദേശവുമായി ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേര്‍ട്ട്.
"നിയമം ലംഘിക്കുന്നവർക്കും പ്രതിസന്ധി സൃഷ്ടിക്കുന്നവർക്കും ഇതൊരു മുന്നറിയിപ്പാണ്. സർക്കാരിനെ അനുസരിക്കേണ്ടതാവശ്യമാണ്. കാരണം വളരെ ​ഗുരുതരമായ കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് വലിയ കുറ്റമായി കണക്കാക്കും. ആരെങ്കിലും പ്രശ്‌നമുണ്ടാക്കിയാല്‍ തല്‍ക്ഷണം വെടിവച്ച് കൊല്ലും," റോഡ്രിഗോ ഡ്യുട്ടേര്‍ട്ട് പറഞ്ഞു.
ഒരു മാസത്തെ ലോക്ക്ഡൗണാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ രണ്ടാഴ്ചയോളം പിന്നിടുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മനിലയിലെ ക്വീസോണ്‍ സിറ്റിയിലെ ചേരിനിവാസികള്‍ ഭക്ഷണങ്ങളോ അവശ്യ സാധനങ്ങളോ ലഭിച്ചില്ലെന്ന് ആരോപിച്ച് തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരായ ഇരുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തുമാറ്റി.
Read Also: കൊറോണ ഹോട്ട്‌സ്‌പോട്ടുകളില്‍ ദ്രുതഗതിയിലുള്ള ആന്റിബോഡി ടെസ്റ്റിന് നിര്‍ദേശം
ബുധനാഴ്ച ടെലിവിഷനിലൂടെയായിരുന്നു റോഡ്രിഗോ ഡ്യുട്ടേര്‍ട്ട് അഭിസംബോധന ചെയ്തത്. സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനോ വെല്ലുവിളിക്കാനോ നിന്നാല്‍ നിങ്ങള്‍ പരാജയപ്പെടുമെന്ന് ഉറപ്പാണെന്നും പ്രസിഡന്റ് പറഞ്ഞു. ഫിലിപ്പീൻസിൽ ഇതുവരെ രണ്ടായിരത്തിലധികം ആളുകൾക്കാണ് കൊറോണ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
നേരത്തെ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും സമാന നിലപാടുമായി രംഗത്തെത്തിയിരുന്നു. ആളുകൾ പറയുന്നത് അനുസരിക്കാതിരിക്കുകയും വീടിനകത്ത് താമസിക്കുകയും ചെയ്യുന്നില്ലെങ്കിൽ, 24 മണിക്കൂർ കർഫ്യൂ നടപ്പാക്കാൻ നിർബന്ധിതരാകും. ആളുകൾ തെരുവുകളിൽ തുടരുകയാണെങ്കിൽ, സൈന്യത്തെ വിളിക്കുകയും ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്യുമെന്നുമായിരുന്നു തെലങ്കാന മുഖ്യമന്ത്രി പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.